കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും പിണറായി വിജയന്റെ വിശ്വസ്തനുമായ കെ.കെ.രാഗേഷിനെതിരെ കേസെടുത്തു. പി.കെ.കുഞ്ഞനന്തനെ ഒളിവില്‍താമസിപ്പിക്കാന്‍ സൗകര്യമൊരുക്കിയതില്‍ രാഗേഷിന്റെ നിര്‍ണ്ണായക പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് രാഗേഷിനെതിരെ കേസെടുത്തത്. കുറ്റാരോപിതനായ വ്യക്തിയെ ഒളിവില്‍ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തതിനാല്‍ ഐപിഎസ് 212 വകുപ്പ് പ്രകാരമാണ് രാഗേഷിനെതിരെ കേസെടുത്തത്. കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിച്ചതായി എസ്‌എഫ്‌ഐ കണ്ണൂര്‍ജില്ലാ പ്രസിഡന്റ് സരിന്‍ ശശി അന്വേഷണസംഘത്തിന് മുമ്പാകെ തെളിവ് നല്‍കിയിരുന്നു. പിണറായിപക്ഷത്തിന്റെ കരുത്തനായ നേതാവ് രാഗേഷ് കേസില്‍ പ്രതിയായതോടെ ടി.പി.വധത്തിന്റെ ഗൂഢാലോചനയിലും തുടര്‍ ഇടപെടലുകളിലും സംസ്ഥാന സെക്രട്ടറിയുടെ പങ്കിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ പാനൂര്‍സ്വദേശികളായ പൊന്നാത്ത് രാജന്‍, പന്നത്ത് കുമാരന്‍, കളത്തില്‍ യൂസഫ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍വിട്ടു. കൊടിസുനി, എം.സി.അനൂപ്, കിര്‍മാണി മനോജ് എന്നിവരെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദനനും ജാമ്യം ലഭിച്ചു.
ജൂണ്‍ 21നാണ് കെ.കെ.രാഗേഷിനോട് ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. വടകരയിലെ ക്യാമ്പ് ഓഫീസില്‍ എത്താനായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അസുഖമാണെന്ന കാരണം കാണിച്ച് ജൂണ്‍ 27ന് ഹാജരാവാന്‍ കഴിയില്ലെന്നും 20 ദിവസത്തെ അവധി വേണമെന്നായിരുന്നു രാഗേഷിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിപരിപാടികളിലും ചാനല്‍ചര്‍ച്ചകളിലും സജീവമായി പങ്കെടുക്കുന്ന രാഗേഷിന്റെ വാദം അംഗീകരിക്കാതെയാണ് അന്വേഷണസംഘം ഇപ്പോള്‍ ഈ നടപടി സ്വീകരിക്കുന്നത്.
ചന്ദ്രശേഖരനെതിരെ 2009ല്‍ നടന്ന വധശ്രമക്കേസില്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ചെട്ടിഷാജി, ജന്മന്റവിടെ ബിജു എന്നിവര്‍ക്ക് പങ്കുള്ളതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.
ഇതിനിടെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം അറസ്റ്റിലായിരിക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനില്‍ മാത്രം ഒതുങ്ങുമെന്ന് കരുതുന്നില്ലെന്ന് ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണുവും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ.എസ്.ഹരിഹരനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെയുള്ള പോലീസിന്റെ അന്വേഷണവും തുടര്‍നടപടികളും കാര്യക്ഷമമാണെന്നതിനാല്‍ അഭ്യൂഹങ്ങളെ വിശ്വസിക്കേണ്ട കാര്യമില്ല. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം കൊടുത്തത് സി.പി.എമ്മിന്റെ ഉന്നത നേതൃത്വമാണെന്നത് വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെ ഏതൊക്കെ ഉന്നതനേതാക്കള്‍ക്ക് ടി.പി.വധത്തില്‍ എന്താണ് പങ്കെന്ന് അന്വേഷണത്തിലൂടെയാണ് പുറത്ത് വരേണ്ടത്. സിപിഎമ്മിന്റെ സംഘടനാപരമായ സ്വഭാവം വെച്ചുനോക്കുമ്പോള്‍ പല ഉന്നതനേതാക്കളും സംശയത്തിന്റെ നിഴലിലാവുന്ന സാഹചര്യമാണുള്ളത്, നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: