ബെയ്റൂട്ട്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ ബാഷല്‍ അല്‍ അസദ് ഭരണകൂടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം നടത്തിയ ആക്രമണങ്ങളില്‍ 170 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘം നടത്തിയ കണക്കുപ്രകാരമാണിത്. സിറിയന്‍ സൈന്യം ഏപ്രില്‍ 12 മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണം ശക്തമാകുകയായിരുന്നു. നിരവധി പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷണ സംഘം ഡയറക്ടര്‍ റാമി അബ്ദുള്‍ റഹ്മാന് അറിയിച്ചു. പ്രക്ഷോഭങ്ങളില്‍ 104 സാധാരണക്കാരും 54 സൈനികരും 10 വിമത പോരാളികളും കൊല്ലപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടാണ് ഇവിടെ കൂടുതലും പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നത്.
സിറിയയിലെ പ്രധാന നഗരമായ ഹോംസിലാണ് ഏറ്റവും അധികം പേര് മരിച്ചത്. 31 സാധാരണക്കാരും ഒരു വിമതനും ഇവിടെ കൊല്ലപ്പെട്ടു. സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസില്‍ 30 പേര് കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയായ ദേരയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 24 പേര് കൊല്ലപ്പെട്ടു. ഈ പ്രക്ഷോഭത്തില്‍ അഞ്ച് വിമത പോരാളികളും മരിച്ചു. ഇഡ്ലിബില്‍ ഒരു ചെറിയ പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷണ സംഘം വ്യക്തമാക്കി. 2011 മാര്‍ച്ചിന് ശേഷം സിറിയയിലുണ്ടായ ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് അസദിന്റെ സൈന്യം 15,000 പേരെ വധിച്ചെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: