“….പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കതു
പുസ്തകം കയ്യിലെടുത്തോളൂ…..” എന്നത് സാക്ഷരത പ്രചരിപ്പിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും അതിന്റെ പ്രചാരകര്‍ തെരുവു തോറും പാടി നടന്ന കവിതയാണ്. പട്ടിണിയാണെങ്കിലും നീ വായന ശീലിച്ചാല്‍ നിന്നെ പട്ടിണിക്കിട്ടവനോട്, പട്ടിണിയാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നു നിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാകുമെന്നതായിരുന്നു ആ കവിത നല്കിയ സന്ദേശം. അറിവാര്‍ജ്ജിക്കാത്തവനെയും അറിവെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തവനെയും ചൂഷണം ചെയ്യുന്നവരാണ് അവരെ പട്ടിണിയിലേക്കും തള്ളിവിട്ടത്. പട്ടിണി മാറ്റാന്‍ പുസ്തകം വായിച്ചു തുടങ്ങിക്കൊള്ളൂ എന്ന ആഹ്വാനത്തിന് പ്രസക്തിയുണ്ടാകുന്നതും അതിനാലാണ്.
സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന് അഭിമാനിക്കുന്നവരാണ് നമ്മള് മലയാളികള്‍. എന്നാല്‍ സാക്ഷരതയുടെ സമ്പൂര്‍ണ്ണത നേടിക്കഴിയുന്നതിനു മുമ്പുള്ള കാലത്തെപ്പോലെ വായനക്ക് നമ്മള് മഹത്വം കല്പിക്കുന്നുണ്ടോ എന്നത് സംശയമാണ്. മലയാളികളുടെ വായനാ ശീലത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വലിയ മതിപ്പുണ്ട്. വൃത്തി, വായന, അതിഥി സല്‍ക്കാരം എന്നിവയ്ക്കെല്ലാം മലയാളികള്‍ ഏറെ മുന്നിലാണെന്നാണ് പൊതുവെയുള്ള ധാരണ. കാലങ്ങള്‍ക്ക് മുമ്പ്, വളരെ പണ്ട്, അങ്ങനെയായിരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍ മലയാളി അതെല്ലാം മറന്നു. ആഗോള വല്‍ക്കരണത്തെയും വൈദേശിക ശീലങ്ങളുടെ കടന്നുവരവിനെയുമെല്ലാം അതിനുകാരണമായി നമ്മള് കുറ്റം പറയുമെങ്കിലും നമ്മുടെ നല്ല ശീലങ്ങളെ മനപ്പൂര്‍വ്വം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നതാണ് സത്യം.
ഭാരതീയ ജനതാപ്പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം മുമ്പ് ജനസംഘമായിരുന്ന കാലത്ത് അതിന്റെ നേതാവ് ലാല്‍ കൃഷ്ണ അദ്വാനി കോഴിക്കോട്ട് റയില്‍വേ സ്റ്റേഷനില്‍ വന്ന കഥ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലിറങ്ങിയ അദ്ദേഹത്തിന് ആര്.എസ്.എസ് കാര്യാലയത്തിലേക്കു പോകണം. റയില്‍വേസ്റ്റേഷനു പുറത്തു കിടന്ന ഒരു സൈക്കിള്‍ റിക്ഷയില്‍ അദ്ദേഹം കയറി. റിക്ഷാക്കാരനോട് പോകേണ്ട സ്ഥലവും പറഞ്ഞു. എന്നാല്‍ റിക്ഷാക്കാരന് ഗഹനമായ പത്രവായനയിലാണ്. കുറേനേരം അദ്വാനിജി കാത്തിരുന്നു. സഹികെട്ടപ്പോള്‍ റിക്ഷാക്കാരനോട് വണ്ടി പോകാന്‍ ആവശ്യപ്പെട്ടു. ‘ക്ഷമിച്ചിരിക്കൂ സഹോദരാ പത്രം വായിച്ചു കഴിയട്ടെ….’ എന്നായിരുന്നു റിക്ഷാക്കാരന്റെ മറുപടി. മലയാളികളുടെ വായനാ ശീലത്തെക്കുറിച്ചു പറയാന്‍ അദ്വാനി തന്നെ ഒരു ചടങ്ങില്‍ പറഞ്ഞതാണിത്.
അദ്വാനി അന്നു കണ്ടത്ര തീവ്രതയോടെ വായനയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവു വന്നിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. പണ്ട് നാട്ടിന് പുറത്തെ ചായക്കടകള്‍ വായനശാലകളായിരുന്നു. അന്ന് സാക്ഷരതാ പ്രസ്ഥാനവും സമ്പൂര്‍ണ്ണ സാക്ഷരതയും ഉണ്ടായിരുന്നില്ല. വായിക്കാനറിയുന്നവരും അറിയാത്തവരും ചായക്കടയില്‍ രാവിലെ ഒത്തുകൂടി ഭൂമിക്കു കീഴിലുള്ളതിനെക്കുറിച്ചെല്ലാം സംസാരിക്കും. വെളുപ്പിനെ ചായക്കടയിലെത്തുന്ന പത്രം വായിക്കാനറിയാവുന്ന ആള് അക്ഷരമറിയാത്തവര്‍ക്കായി ഉച്ചത്തില്‍ വായിക്കും. അവര്‍ ലോകത്തെ തിരിച്ചറിഞ്ഞിരുന്നത് അങ്ങനെയായിരുന്നു.
വീടുകളില്‍ രാമായണവും ഭാഗവതവും വായിക്കുന്ന മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്ക്കും മുന്നില്‍ ചമ്രംപടിഞ്ഞിരുന്ന് അതിനെ മനസ്സിലേക്കാവാഹിച്ചിരുന്ന കുട്ടികളുണ്ടായിരുന്നു. ആ കേള്‍വിയില്‍ നിന്ന് പ്രതിഭകള്‍ നിരവധി ജനിച്ചു. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വായനയുടെ ആദ്യപാഠം ജനിച്ചത് സന്ധ്യാനേരത്ത് വീട്ടില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്നു വായിച്ച സന്ധ്യാനാമത്തിലൂടെയാണ്. അക്കാലങ്ങളെല്ലാം ഇപ്പോള്‍ ഓര്‍മ്മയില്‍ അവശേഷിക്കുന്നു. സന്ധ്യാനാമം ചൊല്ലാനറിയാത്ത, പ്രാര്‍ത്ഥനയെ പടികടത്തിവിട്ട സമൂഹമാണ് ഇപ്പോഴുള്ളത്. അവര്‍ക്കു മുന്നില്‍ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
വായന മരിക്കുന്നു, വായനക്കാരുടെ എണ്ണം കുറയുന്നു എന്നൊക്കെയുള്ള മുറവിളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാല്‍ വായന നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് പുസ്തകകച്ചവടക്കാരുടെ ലാഭക്കണക്കുകള്‍ കാണിക്കുന്നത്. പുസ്തകം വായിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുക തന്നെയാണ്. ഒരു പുതിയ പുസ്തകം വിപണിയില്‍ വന്നാല്‍, അതിത്തിരിയെങ്കിലും നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, ആ പുസ്തകം പെട്ടെന്നു വിറ്റു പോകുന്ന കാഴ്ചയാണ് കുറെനാളായി കാണാന്‍ കഴിയുന്നത്. പുസ്തക വ്യാപാരം ലാഭക്കച്ചവടമായതിനാല്‍ ഈ രംഗത്തേക്ക് പുതിയ പുതിയ വ്യക്തികളും സ്ഥാപനങ്ങളും കടന്നു വരുന്നു. എന്നാല്‍ പുസ്തകം വാങ്ങിക്കൂട്ടുന്നവരൊക്കെ അതു വായിക്കുന്നുണ്ടോ എന്ന് ആര്‍ക്കറിയാം. വായനയുടെ പ്രാധാന്യം നമ്മുടെ സമൂഹം നന്നായി മനസ്സിലാക്കുന്നുവെങ്കിലും എത്രപേര്‍ വായനയെ ഗൗരവമായിക്കാണുന്നു എന്നതില്‍ സംശയമുണ്ട്.
വായനയെക്കുറിച്ചിത്രയെല്ലാം പറയുന്നത് ഇപ്പോള്‍ വായനാവാരമായതിനാലാണ്. ജൂണ്‍ 19 മുതല്‍ ഒരാഴ്ച്ചക്കാലം നമ്മള് വായനാവാരമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എന്‍. പണിക്കരുടെ ചരമദിനം ആണ് ജൂണ്‍ പത്തൊമ്പത്. വായനയേയും പുസ്തകങ്ങളേയും ഗ്രന്ഥശാലകളേയും ജീവിതത്തിന്റെ ഭാഗമാക്കിയ മഹാനായിരുന്നു പണിക്കര്‍. നാടൊട്ടുക്കും വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും അക്ഷരമറിയാത്ത സാധാരണ ജനങ്ങളെ അറിവിന്റെ ലോകത്തെക്ക് കൈ പിടിച്ചു ഉയര്‍ത്തുകയും അദ്ദേഹത്തിനു ജീവിത വ്രതമായിരുന്നു. അതിനു പണിക്കര്‍ സഹിച്ച യാതനകള്‍കള്‍ക്ക് കണക്കില്ല. ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം പണിതുയര്‍ത്തിയത്. ഇന്നത്തെ മഹാ പ്രസ്ഥാനമായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്ന നിലയിലേക്ക് ഗ്രന്ഥശാലാ പ്രസ്ഥാനംവളര്‍ന്നു പന്തലിച്ചിട്ടുണ്ട്. അതിനു അദ്ദേഹത്തിനു മലയാളികള്‍ നല്കുന്ന ആദരമാണ് ജൂണ്‍ പത്തൊമ്പതിന് വായനാദിനമായി ആചരിക്കുന്നത്തിലൂടെ ചെയ്യുന്നത്.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ തല്പരരായ ഒരു കൂട്ടം യുവാക്കള്‍ നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയില്‍ വൈകുന്നേരങ്ങളില്‍ ഒരുമിച്ചു കൂടി ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനത്തില്‍ താല്പര്യം തുടങ്ങിയ പണിക്കര്‍ ഇവരുടെ ഇടയിലേക്കു ചെല്ലുകയും സൗഹൃദബന്ധം സ്ഥാപിക്കുകയും അവരിലൊരാളാവുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വാധീനം അവരില്‍ വായനയില്‍ താല്പര്യം ഉണ്ടാക്കി. അന്ന് ലഭ്യമായിരുന്ന പത്രങ്ങള്‍ അവിടെ പതിവായി വായിക്കാന്‍ തുടങ്ങി. ഇത് ആല്‍ത്തറയിലെത്തുന്നവരുടെ എണ്ണം കൂട്ടി. സ്വന്തമായൊരു വായനശാല എന്നത് പണിക്കരുടെ സ്വപ്നം ആയിരുന്നു. അതില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരു പാടാളുകള്‍ തയ്യാറായി. അങ്ങനെ സകലമാന ജനങ്ങളുടെയും കൂട്ടായ്മയില്‍ 1926 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നീലംപേരൂരില്‍ സനാതന ധര്‍മ്മ വായനശാല സ്ഥാപിച്ചു.
അക്കാലത്ത് തിരുവതാംകൂറില്‍ നിരവധി വായനശാലകള്‍ പ്രവര്‍ത്തിക്കുണ്ടായിരുന്നുവെങ്കിലും അവയ്ക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ല്‍ അദ്ദേഹം മുന്‍കയ്യെടുത്തു അമ്പലപ്പുഴയില്‍ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാ സംഘം രൂപീകരണയോഗം വിളിച്ചു ചേര്‍ത്തു. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്.സി.പി.രാമസ്വാമി അയ്യരായിരുന്നുവന്നത് കൊണ്ട് തിരുവിതാംകൂറില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തനഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977 ല്‍ കേരള ഗ്രന്ഥശാലാ സംഘം നിയമം വന്നതോടെയാണ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. തന്റെ ആയുസ്സിന്റെ വലിയോരളവും വായനശാലാ പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച പണിക്കര്‍ ദീര്‍ഘകാലം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഭാരവാഹിയായിരുന്നു.
?വായിച്ചു വളരുക? എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു പി.എന്‍.പണിക്കര്‍. വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് അറിവാണ് ശക്തിയെന്നു ഉദ്ബോധിപ്പിച്ചുകൊണ്ടും കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ അദ്ദേഹംപ്രചാരണം നടത്തി. 1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്നും പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാ പ്രചാരണ ജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. ഗ്രാമാന്തരങ്ങളില്‍ വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുക അവിടങ്ങളിലെ നിരക്ഷരരായ ജനങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും മേഖലകളിലേയ്ക്ക് ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കര്‍മ പരിപാടി. സാക്ഷരകേരളം; സുന്ദരകേരളം എന്ന ആശയം ആദ്യമായവതരിപ്പിച്ചതും അദ്ദേഹമാണ്.
അറിവ് ആയുധമാണ്. മലയാളിയെ വായിച്ച് വളരുകയെന്ന് ഉദ്ബോധിപ്പിച്ചതിലൂടെ പണിക്കര്‍ സ്ഥാപിച്ചതും അറിവിന്റെ കരുത്തു തന്നെ. പുസ്തകം വാങ്ങുന്നത് ഫാഷനായിക്കരുതുന്ന വലിയൊരു സമൂഹമുണ്ട്. വായിക്കാന്‍ സമയമില്ലെന്ന മുട്ടാപ്പോക്കാണ് അവര്‍ പറയുന്നത്. പുസ്തകങ്ങള്‍ ചില്ലലമാരകളിലെ അലങ്കാര വസ്തുക്കളല്ല. വായിക്കുക, വായിച്ചു വളരുക…വായനാ വാരത്തിന്റെ സന്ദേശവും അതുതന്നെയാണ്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: