വാഷിംഗ്ടണ്‍: അഫ്ഗാനില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നതിനെ സമ്മര്‍ദ്ദത്തിലൂടെ ഇന്ത്യ തടഞ്ഞുവെന്ന താലിബാന്റെ പ്രസ്താവന യുഎസ് നിരാകരിച്ചു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോന്‍ പനേറ്റയുടെ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും പെന്റഗണ്‍ അറിയിച്ചു. ഇന്ത്യാ സന്ദര്‍ശനവേളയിലാണ് അഫ്ഗാനില്‍ കൂടുതല്‍ സൈനികവിന്യാസം നടത്തണമെന്ന് പനേറ്റ വ്യക്തമാക്കിയത്. എന്നാല്‍ അഫ്ഗാന് വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു സമീപനവും ഉണ്ടായിട്ടില്ലെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ അറിയിച്ചു. പനേറ്റയുടെ പ്രസ്താവനയോട് ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് താലിബാന് കഴിഞ്ഞയാഴ്ച ഇന്ത്യയെ പ്രശംസിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോര്‍ജ് ലിറ്റില്‍.
താലിബാന് പ്രസ്താവനയെക്കുറിച്ച് നേരിട്ട് പ്രതികരിക്കാന്‍ താന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഭാവിയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് തങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയുമായുള്ള സൈനിക സഹകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സുരക്ഷാകാര്യങ്ങളില്‍ ഇന്ത്യക്ക് വലിയ പങ്കുണ്ടെന്നും ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പോകുന്നതെന്നും ഇത് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യാ സന്ദര്‍ശനം വളരെ വിജയകരമായിരുന്നുവെന്നും ലിറ്റില്‍ കൂട്ടിച്ചേര്‍ത്തു.
എഎന്എസ്എഫിനെ പരിശീലിപ്പിക്കുന്നത് വലിയ കാര്യമാണെന്നും ഇന്ത്യയുടെ പരിശ്രമങ്ങള്‍ വളരെ നല്ല കാര്യമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇന്ത്യയില്‍ മൂന്ന് ദിവസം ചെലവഴിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കാബൂളിലേക്ക് പോയത്, തോളില്‍ വലിയ ഭാരവുമായാണെന്നും താലിബാന് പറഞ്ഞിരുന്നു.
ഇന്ത്യ ലോകത്തിലെതന്നെ ഏറ്റവും പ്രാധാന്യമുള്ള രാഷ്ട്രമാണെന്നും അഫ്ഗാനെക്കുറിച്ച് ഇന്ത്യക്ക് നല്ല ബോധ്യമുണ്ടെന്നും അഫ്ഗാനിലെ ജനങ്ങളുടെ ആഗ്രഹമെന്താണെന്നും ഇന്ത്യക്ക് അറിയാമെന്നും താലിബാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അഫ്ഗാന് വിഷയത്തില്‍ ഇന്ത്യയും യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപനം നടത്തിയിരുന്നു.
അഫ്ഗാനിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് പ്രശംസിച്ചിരുന്നു. അഫ്ഗാനിലെ സുരക്ഷക്കും സുസ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹിലരി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: