കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎമ്മിനെതിരെ തൃണമൂലിന് വീണ്ടും വിജയം. ബങ്കുര, ദാസ്പുര്‍ നിയോജകമണ്ഡലങ്ങളില്‍ നടന്ന നിയമസഭാഉപതെരഞ്ഞെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ വിജയം നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ 15,139 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടിഎംസി സ്ഥാനാര്‍ത്ഥി മിനാതി മിശ്ര ബങ്കുര നിയോജകമണ്ഡലത്തില്‍ സീറ്റുറപ്പിച്ചത്. 18,919 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദാസ്പൂര്‍ ടിഎംസി നേടിയത്. മമത ഭുനിയയാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎല്‍എമാരുടെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഇരുമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്.
തമിഴ്നാട്ടില്‍ പടുക്കോട്ടൈ നിയോജകമണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ വിജയിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കാര്‍ത്തിക് തൊണ്ടൈമാന്‍ പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇവിടെ വിജയമുറപ്പിച്ചത്. വിജയ്കാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയായിരുന്നു മുഖ്യഎതിരാളി. സിപിഐ എംഎല്‍എ എസ്.പി.മുത്തുകുമാരന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിലെ കേജ് നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി വിജയിച്ചു. എണ്ണായിരം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് എന്‍സിപിയുടെ പൃഥ്വിരാജ് സാതെ കേജ് പിടിച്ചെടുത്തത്. സിറ്റിംഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന വിമല്‍ മുന്ദാദെയുടെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു സംവരണ മണ്ഡലമായ കേജിലെ ഉപതെരഞ്ഞെടുപ്പ്.
കര്‍ണ്ണാടകയില്‍ ബാംഗ്ലൂര്‍ ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ രാമചന്ദ്രഗൗഡ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് രാമചന്ദ്രഗൗഡ നിയമസഭയിലെത്തുന്നത്. 243 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ജനദാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥിയെ ഇദ്ദേഹം പരാജയപ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് ഫാക്കല്‍റ്റി അംഗങ്ങളുടെ നിയമനത്തില്‍ ക്രമക്കേട് കാണിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രാമചന്ദ്രഗൗഡ എംഎല്‍എ സ്ഥാനം രാജി വച്ച് വീണ്ടും ജനവിധി തേടുകയായിരുന്നു.
ത്രിപുരയില്‍ ഭരണകക്ഷിയായ സിപിഎം നല്ച്ചാര് നിയോജകമണ്ഡലം നിലനിര്‍ത്തി. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 4,777 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥി തപന്‍ ചന്ദ്രദാസ് തോല്‍പ്പിച്ചത്. സിപിഎം എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു നല്ച്ചാറില് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഈ മാസം 12 ന് നടന്ന വോട്ടെടുപ്പില്‍ 95.93 ശതമാനത്തിന്റെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ സംവരണമണ്ഡലമായ മഹേശ്വറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബിജെപിയുടെ രാജ്കുമാര് മേവാണ് കോണ്‍ഗ്രസിനെതിരെ വന്‍ഭൂരിപക്ഷത്തോടെ വിജയമുറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: