മട്ടാഞ്ചേരി: ഒരു പതിറ്റാണ്ടുകാലം അവഗണനയിലായിരുന്ന കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് വീണ്ടും സജീവമാകുന്നു. 2002ല്‍ വെണ്ടുരുത്തി പാലത്തിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ടെര്‍മിനസിലേക്കുള്ള തീവണ്ടി ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. റെയില്‍പ്പാളങ്ങളും സ്ലീപ്പറുകളും തകരാറിലായതിനാല്‍ റെയില്‍വേ കൊച്ചി ടെര്‍മിനസിലേക്കുള്ള റെയില്‍പാത നവീകരണത്തിന് തുടക്കം കുറിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി തുറമുഖത്തേക്കുള്ള ഗുഡ്സ്കാര്ഡിലേക്ക് ചരക്ക് തീവണ്ടി സര്‍വീസ് തുടങ്ങിയിരുന്നു. എന്നാല്‍ യാത്രാ തീവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നതില്‍ അധികൃതര്‍ അലംഭാവം പ്രകടമാക്കി. അധികൃത അവഗണനക്കെതിരെ ജനരോഷമുയര്ന്നപ്പോള് കേന്ദ്രമന്ത്രിയും റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടെര്‍മിനസ് സന്ദര്‍ശിച്ചിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഭരണകാലത്ത് നിര്‍മ്മിച്ച ഹാര്‍ബര്‍ ടെര്‍മിനസിലെ ഉപകരണങ്ങള്‍ കണ്ട് ഉദ്യോഗസ്ഥര്‍ അതിശയപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള യാത്രാ തീവണ്ടി സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായത്. ഇതിനെത്തുടര്‍ന്നാണ് ടെര്‍മിനസിലേക്കുള്ള റെയില്‍വേ പാതയിലെ മരസ്ലീപ്പറുകള് മാറ്റി കോണ്‍ക്രീറ്റ് സ്ലീപ്പറുകളും തകരാറിലായ റെയിലുകളും സിഗ്നല്‍ സംവിധാനങ്ങളും മാറ്റി പാത നവീകരണം നടക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍നിന്ന് ഒരുവേളയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളുണ്ടായിരുന്നു. തുടര്‍ന്ന് ഘട്ടംഘട്ടമായി സര്‍വീസുകള്‍ എറണാകുളം ജംഗ്ഷനിലും തെക്കന്‍ കേരളത്തിലേക്കും മാറ്റി പാസഞ്ചര്‍ വണ്ടികള്‍ മാത്രം സര്‍വീസ് നടത്തുന്ന തീവണ്ടി സ്റ്റേഷനാക്കി അവഗണന തുടരുകയും ചെയ്തിരുന്നു. ഹാര്‍ബര്‍ ടെര്‍മിനസില്‍നിന്ന് സബര്‍ബന്‍ സര്‍വീസുകള്‍ തുടങ്ങുവാനാണ് അധികൃതര്‍ ആദ്യനീക്കം നടത്തുന്നത്. ഈ വര്‍ഷാന്ത്യത്തില്‍ ടെര്‍മിനസ് വീണ്ടും സജീവമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: