ന്യൂദല്‍ഹി: അഴിമതിവിരുദ്ധ പ്രക്ഷോഭം നയിക്കുന്ന അണ്ണാ ഹസാരെക്കും ബാബാ രാംദേവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രംഗത്ത്. കള്ളപ്പണവും അഴിമതിയും സംബന്ധിച്ച് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ തെറ്റും കെട്ടിച്ചമച്ചതുമാണെന്ന് ഇരുവരുടെയും പേരെടുത്ത് പറയാതെ മന്‍മോഹന്‍സിംഗ് അവകാശപ്പെട്ടു. ന്യൂദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ രാംദേവും ഹസാരെയും നടത്തിയ ഏകദിന ഉപവാസത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കള്ളപ്പണ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാംദേവ് രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. വിവിധ കേന്ദ്രമന്ത്രിമാരും വകുപ്പുകളും ആയിരക്കണക്കിന് കോടി രൂപ ദുരുപയോഗം ചെയ്തതായി ഹസാരെ സംഘവും ആരോപിച്ചിരുന്നു. പൊതുജീവിതത്തിലെ അഴിമതി അവസാനിപ്പിക്കാനും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിശ്വാസയോഗ്യവും സുതാര്യവുമാക്കാനും കേന്ദ്രം പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും വിവിധ മേഖലകളില്‍ സ്വീകരിച്ചിരിക്കുന്ന നടപടികളിലൂടെ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. തങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ പൊതുജനത്തെ ബോധവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അദ്ദേഹം ആഹ്വാനം ചെയ്തു.
ആഭ്യന്തരസുരക്ഷ, പ്രതിരോധം, ടെലികോം, വിദ്യാഭ്യാസം, സാമൂഹ്യ, ആരോഗ്യ മേഖലകളിലെല്ലാം വികസനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ രാജ്യത്തെ നക്സല്‍ ബാധിത ജില്ലകള്‍ പ്രശ്നമായിത്തന്നെ അവശേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവും ചില പാര്‍ട്ടി വിരുദ്ധരും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇതിനെ ശക്തമായി നേരിടണമെന്നും പ്രവര്‍ത്തകസമിതിയോഗത്തില്‍ സോണിയ പറഞ്ഞു. ജനാധിപത്യവ്യവസ്ഥയില്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനെ എതിര്‍ക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
സാധാരണക്കാരെ ഏറെ ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിലവിലെ സാഹചര്യത്തെ നേരിട്ടേ മതിയാകൂ എന്നും സോണിയ പറഞ്ഞു. കേന്ദ്ര നയങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ലെന്നും യുപിഎ അധ്യക്ഷ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാന്‍ സോണിയ തയ്യാറായില്ല. ഐക്യമാണ് കാലത്തിന്റെ ആവശ്യമെന്ന് പാര്‍ട്ടിയംഗങ്ങളെ ഓര്‍മ്മിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ പ്രവര്‍ത്തകര്‍ വിഭാഗീയതയ്ക്കും മറ്റ് ചെറിയ പ്രശ്നങ്ങള്‍ക്കുമായി ചെലവഴിക്കുന്ന സമയത്തിന്റെ പകുതി ചെലവഴിച്ചാല്‍ പാര്‍ട്ടി ഇരട്ടി ശക്തിയോടെ വളരുമെന്ന് ഓര്‍മ്മിപ്പിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും മുമ്പ് പാര്‍ട്ടി എല്ലാ തലത്തിലും ശക്തിയാര്ജ്ജിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: