കൊച്ചി: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് അഞ്ച് വയസിനുമുകളില്‍ പ്രായമുളള എല്ലാ സ്ഥിരതാമസക്കാരുടെയും ബയോമെട്രിക് വിവരശേഖരണം സംസ്ഥാനത്തിലെ 13 ജില്ലകളില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 36 ലക്ഷം ആളുകളുടെ വിവരശേഖരണം പൂര്‍ത്തിയായിട്ടുണ്ട്. 1955 ലെ പൗരത്വ നിയമപ്രകാരം ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ രാജ്യത്തെ എല്ലാ സ്ഥിരതാമസക്കാരും (പൗരന്മാരും അല്ലാത്തവരും) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അഞ്ച് വയസിനു മുകളില്‍ പ്രായമുളള എല്ലാ സ്ഥിരതാമസക്കാരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ക്യാമ്പുകള്‍ അതത് പ്രദേശത്ത് നടത്തും. ആധാറിനു വേണ്ടി ബയോമെട്രിക് വിവരങ്ങള്‍ നല്കിയ സ്ഥിരതാമസക്കാരും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ക്യാമ്പില്‍ പങ്കെടുക്കണം. ആധാറില്‍ പേരുചേര്‍ക്കപ്പെട്ട വ്യക്തികള്‍ ആധാര്‍ നമ്പറോടുകൂടിയ അറിയിപ്പ്/എന്റോള്‍മെന്റ് രസീത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മുഖേനയും ആധാര്‍ നമ്പര്‍ ലഭിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ക്യാമ്പുകള്‍ നടത്തുന്ന തീയതി, സമയം, സ്ഥലം എന്നിവ പ്രാദേശിക ഭരണകൂടം യഥാസമയം അറിയിക്കും. എല്ലാ കുടുംബങ്ങളും അവര്‍ക്ക് നല്കപ്പെടുന്ന കെവൈആര്‍ ഫോമില്‍ ബാധകമായ നല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിച്ച് അതുമായി ക്യാമ്പില്‍ പങ്കെടുക്കണം.
ആധാര്‍ നമ്പറോടുകൂടിയ സ്ഥിരതാമസക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മുഖേന നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും അവകാശവും കര്‍ത്തവ്യവുമാണ്. ഓരോ വ്യക്തിയും, അവരുടെ കുടുംബാംഗങ്ങളും ഈ ദേശീയ ഉദ്യമവുമായി സഹകരിക്കണമെന്ന് സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: