കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല അവലോകനത്തില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയങ്ങളിലെ മാറ്റത്തിനുള്ള പഠനമാണ് തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കളക്ട്രേറ്റില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്യോഗസ്ഥ അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് സംസ്ഥാനതല ബാങ്കിങ് സമിതിയുടെ പ്രത്യേകയോഗം ഈമാസം 23-ന് തിരുവനന്തപുരത്ത് നടത്തും. ഇക്കാര്യത്തില്‍ കുറെക്കൂടി ഉദാരമായ സമീപനം ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പഠനകാലയളവിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസവായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. 2009 മുതലുള്ള പലിശ കേന്ദ്രസര്‍ക്കാര്‍ വഹിച്ചിരുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളുടെ സഹകരണം വേണമെന്നും ഇതു സംബന്ധിച്ച് ജില്ലയിലുള്ള കേസുകളില്‍ മറുപടി വാങ്ങണമെന്നും അല്ലാത്തവയ്ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ലീഡ് ജില്ല മാനേജര്‍ക്ക് നിര്‍ദേശം നല്കി.
സഹകരണ വകുപ്പില്‍ നടപ്പാക്കിയ റിസ്ക് ഫണ്ട് പദ്ധതിയുടെ ആനുകൂല്യം വായ്പ കാലാവധി കഴിഞ്ഞവര്‍ക്കും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി സഹപകരണവകുപ്പധികൃതര്ക്ക് നിര്‍ദേശം നല്കി. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് കനാലുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടൊഴിവാക്കുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നല്കിയ 15 കോടിയുടെ പദ്ധതി സംബന്ധിച്ച് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിശദമായ രൂപരേഖ നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ മന്ത്രിമാരായ കെ.ബാബു, അനൂപ് ജേക്കബ്, എംഎല്‍എ.മാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: