ആലുവ: രണ്ടാമതൊരു പാലം വന്നതോടെ ഗതാഗതകുരുക്കിന് വലിയൊരു പരിധിവരെ പരിഹാരമുണ്ടായെങ്കിലും ഇപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇവിടെ ചെറിയ തോതിലുള്ള ഒരു ഗതാഗതകുരുക്കുണ്ടായാല്‍ മണിക്കൂറുകളോളം ഗതാഗതത്തെ ഇത് ബാധിക്കുകയും ചെയ്യും. കൊച്ചി രാജ്യന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയാണ് ഇത് ഏറെയും വിഷമത്തിലാക്കുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നിരവധി പേരുടെ വിമാനയാത്രയാണ് ഗതാഗതകുരുക്കിനെ തുടര്‍ന്ന് മുടങ്ങിയത്. ബൈപാസില്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരവും കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ട്രാഫിക് പോലീസ് ഈ പരിഷ്ക്കാരം പിന്‍വലിക്കുവാന്‍ തയ്യാറാകുന്നില്ല. കോടികള്‍ വെള്ളത്തിലൊഴുക്കിയ മാര്‍ക്കറ്റ് പരിസരത്തെ മേല്‍പാലം ആവശ്യമായിരുന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് ചില ഉന്നതതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗതാഗത പരിഷ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറല്‍ ബാങ്ക് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പിലാക്കിയ സിഗ്നല്‍ സംവിധാനം തകരാറിലായത് പരിഹരിക്കുന്നതിനുപോലും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. വിവിധ ആശുപത്രികളില്‍ നിന്നും ആരോഗ്യസ്ഥിതി മോശമായവരെ എറണാകുളത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനുപോലും ഈ ഗതാഗതക്കുരുക്ക് തടസമാകുകയാണ്. വാഹനാപകടങ്ങളിലും മറ്റും പെട്ടനിരവധി രോഗികളാണ് ഗതാഗത കുരുക്ക് മൂലം യഥാസമയം വിദഗ്ധ ചികിത്സകിട്ടാതെ വഴിയില്‍ തന്നെ ജീവന് വെടിയേണ്ടി വന്നത്. തോട്ടയ്ക്കാട്ടുകരയിലെ റോഡ് വികസനം എളുപ്പത്തിലാക്കി ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും നഗരത്തിലെ തിരക്ക് കുറയ്ക്കുവാന്‍ കഴിയും. എന്നാല്‍ ഈ റോഡ് വികസനം പൂര്‍ത്തിയാക്കുന്നതിനും ചില തടസ്സങ്ങള്‍ നേരിടുകയാണ്. സന്ധ്യമയങ്ങുന്നതോടെയാണ് മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്. ഇതുമൂലം നഗരത്തില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളാണ് വളരെയേറെ ബുദ്ധിമുട്ടിലാകുന്നത്. പലരും രാത്രിയായാല്‍ മാത്രമാണ് ഇപ്പോള്‍ വീട്ടിലെത്തുന്നത്. മഴകൂടിപെയ്താല് കുരുക്ക് വീണ്ടും രൂക്ഷമാകുകയും ചെയ്യും. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നേരത്തെ തന്നെ വിഭാവനം ചെയ്തിട്ടുണ്ട്. ഇത് യഥാര്ത്ഥ്യമാകുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നും കാര്യമായി ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: