കോതമംഗലം: ആശുപത്രി കുളിമുറിയില്‍ മാനേജ്മെന്റിനുവേണ്ടി ഒളിക്യാമറ സ്ഥാപിച്ച ഇലക്ട്രീഷ്യന് പോലീസ് പിടിയിലായി. കോതമംഗലം വാരപ്പെട്ടി പുന്നേക്കോട്ടയില്‍ ജിന്‍സ് ജോര്‍ജ് (28) ആണ് ഇന്നലെ വൈകിട്ട് പിടിയിലായത്. നാലുവര്‍ഷമായി മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി സേവനമനുഷ്ഠിക്കവെ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് ക്യാമറ സ്ഥാപിച്ചതെന്നും ആറോടെ സംഭവം ലാബ്ടെക്നീഷ്യയായ യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയും ക്യാമറ ആശുപത്രി സെക്രട്ടറിയെ ഏല്‍പ്പിച്ച് പരാതി നല്‍കിയിരുന്നതായും പ്രതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നഴ്സിംഗ് സമരവുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും പരാതി മുവാറ്റുപുഴ ഡിവൈഎസ്പിക്ക് നല്‍കിയതില്‍ നഴ്സിംഗ് അസോസിയേഷന് ഒളിക്യാമറ വിഷയം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോതമംഗലം പോലീസ് കേസെടുത്തതോടെയാണ് മാനേജ്മെന്റ് പ്രതിസന്ധിയിലായത്.
പോലീസ് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിനായി കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നതായും ക്യാമറ കണ്ടെടുത്തതുമുതല് സംഭവം നിസ്സാരവല്ക്കരിക്കാനും ക്യാമറയല്ല കീച്ചെയിന് മാത്രമാണെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചില വനിതാ നേതാക്കളുടെ ശക്തമായ ഇടപെടലാണ് കേസെടുത്ത് പ്രതിയെ പിടികൂടാന്‍ ഇടയാക്കിയത്. ഒളിക്യാമറയിലെ നഗ്നദൃശ്യങ്ങളെ സംബന്ധിച്ചും സ്റ്റേഷനില്‍ ഹാജരാക്കിയ മെമറി കാര്‍ഡിലെ ദൃശ്യങ്ങളും ദുരൂഹതയുള്ളതായും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉന്നത ഇടപെടല്‍ വേണമെന്നാണ് നഴ്സിംഗ് സംഘടനകളും വിവിധ വനിതാ സംഘടനകളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: