കൊച്ചി: ഉടമസ്ഥാവകാശ തര്‍ക്കത്തെത്തുടര്‍ന്ന് വൈദ്യുത, വാട്ടര്‍ കണക്ഷനുകള്‍ ലഭിക്കാതെ അവഗണിക്കപ്പെട്ട് കിടന്ന എറണാകുളം ബോട്ട് ജെട്ടിക്ക് ശാപമോക്ഷമാകുന്നു. ഹൈബി ഈഡന് എം.എല്‍.എ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ബോട്ട് ജെട്ടിയുടെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജെട്ടിയിലെ ഓഫീസ് കെട്ടിടങ്ങള്‍ക്കും കിയോസ്ക്കുകള്‍ക്കും കെട്ടിട നമ്പര്‍ ഉടന്‍ നല്‍കുമെന്നും ഇവിടെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്ക് ലൈറ്റിന് ഉടന്‍ വൈദ്യുതി കണക്ഷന് നല്‍കുമെന്നും മേയര്‍ ടോണി ചമ്മണി അറിയിച്ചു.
ബോട്ടു ജെട്ടി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്ക് ഉപയോഗത്തിന് നല്‍കിക്കൊണ്ട് ഇടതുസര്‍ക്കാര്‍ 2009 ല്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാനും ഹൈബി ഈഡന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. സ്വകാര്യ വ്യക്തിക്ക് ബോട്ട് ജെട്ടി ഉപയോഗത്തിന് നല്കിയ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് യോഗം ടൂറിസം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും വിദേശികള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ ബോട്ടുജെട്ടി വികസിപ്പിക്കാനും യോഗം തീരുമാനിച്ചു.
വന്‍ ടൂറിസം സാധ്യത മുമ്പില്‍ കണ്ടായിരുന്നു രണ്ടര ഏക്കറോളം കായല്‍ നികത്തി കേന്ദ്ര ടൂറിസം വകുപ്പ് ബോട്ടുജെട്ടി നിര്‍മ്മിച്ചത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം ഇതുവരെ ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ടൂറിസം വകുപ്പ് പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. 2008 ല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ടൂറിസം വകുപ്പിന് നല്കാന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ജെട്ടിയിലെ ബോട്ട് സര്‍വ്വീസിന്റെ ചുമതല ജലഗതാഗത വകുപ്പിനും കടകളുടെയും റസ്റ്റോറന്റിന്റേയും ചുമതല ടൂറിസം വകുപ്പിനുമാണ്. ഇതുമൂലം രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ശീതസമരവും ഇവിടെ പതിവായിരുന്നു. കാര്‍ പാര്‍ക്കിംഗ് ഏരിയ വികസനം, ജെട്ടിയുടെ സൗന്ദര്യവല്‍ക്കരണം, നടപ്പാത, വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകളുടെയും സബ്സ്റ്റേഷന്റെയും സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളെല്ലാം ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിക്കിടക്കുകയായിരുന്നു.
ഭൂമി ടൂറിസം വകുപ്പിന് ലഭ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ടൂറിസം മന്ത്രി, റവന്യൂ മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവരുടെ യോഗം ഉടന്‍ തന്നെ വിളിക്കുമെന്ന് ഹൈബി ഈഡന് അറിയിച്ചു.
ജെട്ടിയുടെ കവാടത്തിലെ വെള്ളക്കെട്ട് നീക്കുന്നതിനും ഉടന്‍ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളത്തില്‍ വീണ് വിദേശികളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ജലഗതാഗതവകുപ്പ് ജീവനക്കാരന്റെ കാല് അപകടത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് വൈദ്യുത, വാട്ടര്‍ കണക്ഷനുകളില്ലാതെ വന്നതിനെ തുടര്‍ന്ന് ടൂറിസം വകുപ്പും ജെട്ടിയെ കയ്യൊഴിയുകയായിരുന്നു. ഇത് മുതലെടുത്ത് നിരവധി സ്വകാര്യ സംഘടനകള്‍ ഈ സ്ഥലം നോട്ടമിട്ടിരുന്നു.
ജലഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ ഏറെ നാളായി ബോട്ട് ജെട്ടി നവീകരണത്തിനായി മുറവിളി കൂട്ടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം എം.എല്‍.എ മുന്‍കൈ എടുത്ത് യോഗം വിളിച്ചത്. ജെട്ടിയുടെ ദുരവസ്ഥ നേരില്‍ കാണുന്നതിനായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ഇന്ന് ബോട്ടുജെട്ടി സന്ദര്‍ശിക്കുമെന്ന് ഹൈബി ഈഡന് എം.എല്‍.എ അറിയിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ, ജലഗതാഗത ഡയറക്ടര്‍ ഷാജി ജി നായര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ മേരി ലൂസിയ, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഷൈന്‍ കോശി, റവന്യൂ ഓഫീസര്‍ താജുദ്ദീന്, ട്രാഫിക് സൂപ്രണ്ട് ജോസഫ് സേവ്യര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: