കൊച്ചി: മനുഷ്യരില്‍ നിന്ന് കൊതുകിലേക്കുളള രോഗാണു പകര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സമൂഹമന്തുരോഗ ചികിത്സയ്ക്ക് ജില്ലയില്‍ ഇന്നു തുടക്കമാകും. 28 വരെ നടക്കുന്ന ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കാക്കനാട് പി.എച്ച്.സിയില്‍ ബെന്നി ബെഹ്നാന് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.സുധാകരന് മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ 34 ലക്ഷം ജനസംഖ്യയില്‍ 29 ലക്ഷം പേര്‍ക്കും മരുന്നു നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വീടുകള്‍തോറും കയറി മരുന്നു നല്‍കുന്നതിനായി 13650 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 1365 സൂപ്പര്‍വൈസര്‍മാരും മരുന്ന് നല്കുന്നതിനുണ്ടാകും. 50 വീടിന് ഒരു വളണ്ടിയര്‍ എന്ന കണക്കിലാണ് ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കിയിരിക്കുന്നത്.
കൊച്ചി നഗരസഭാതിര്‍ത്തിയില്‍ മന്തുരോഗികളുടെ എണ്ണം കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. കോര്‍പ്പറേഷനിലെ 74 ഡിവിഷനുകളിലും മന്തുരോഗത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കോഴിക്കോട് മുതല്‍ കൊല്ലം വരെയുളള തീരദേശങ്ങളില്‍ രോഗത്തിന് ഏറെ സാധ്യതയുളളയിടങ്ങളാണ്. രാജ്യത്ത് 20 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 200 ജില്ലകളിലാണ് സമൂഹ മന്തുരോഗ ചികിത്സ ഇന്ന് നടത്തുന്നത്. നിലവില്‍ 1.5 ശതമാനമുളള രോഗവ്യാപന സൂചിക സമൂഹ ചികിത്സയിലൂടെ 0.15 ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. രോഗ സാന്ദ്രതയില്‍ ബീഹാര്‍ കഴിഞ്ഞാല്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്.
സമൂഹമന്തുരോഗ ചികിത്സ പദ്ധതിയനുസരിച്ച് രണ്ടിനും അഞ്ചിനുമിടയില്‍ പ്രായമുളളവര്‍ക്ക് ഒരു ഗുളികയും, 6-14 വരെ പ്രായമുളളവര്‍ക്ക് രണ്ടു ഗുളികയും 14-നു മേല്‍ പ്രായമുളളവര്‍ക്ക് മൂങ്ങുളികയുമാണ് നിര്‍ദേശിച്ചിട്ടുളളത്. രണ്ടു വയസിനു താഴെയുളള കുട്ടികള്‍ ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുളളവര്‍ എന്നിവരെ പദ്ധതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഡി.ഇ.സി മരുന്നിനൊപ്പം വിരനശിപ്പിക്കുന്നതിനായി ആല്‍ബന്‍ഡസോള്‍ ഗുളികയും കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: