കൊച്ചി: കൊച്ചി നഗരസഭയിലെ രാമേശ്വരം കോളനിയില്‍ താമസിക്കുന്ന ചക്ലിയന്‍ സമുദായാംഗങ്ങളുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പിന് ഒടുവില്‍ വിരാമമായി. ഇന്ന് രാവിലെ 10.30ന് കൊച്ചി താലൂക്ക് ഓഫിസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡൊമിനിക്ക് പ്രസന്റേഷന് എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ആര്.ഡി.ഒ കെ.എന്‍.രാജി, തഹസില്‍ദാര്‍ ഇ.വി.ബേബിച്ചന്, കൗണ്‍സിലര്‍ ഷിജി റോയി എന്നിവര്‍ പങ്കെടുക്കും.
ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് സമര്‍പ്പിച്ച ശുപാര്‍ശയെ തുടര്‍ന്ന് കിര്‍ടാഡ്സ് അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിലുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. കോളനിയിലും മറ്റ് പ്രദേശങ്ങളിലും അന്വേഷണം നടത്തി വംശാവലി തയാറാക്കിയ ശേഷമാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണെന്ന് കിര്‍ടാഡ്സ് വിജിലന്‍സ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. പട്ടികജാതിയില്‍ 14-ാമതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചക്ലിയന്‍ സമുദായ സര്‍ട്ടിഫിക്കറ്റിനാണ് ഇതോടെ രാമേശ്വരം കോളനിയിലെ ചക്ലിയര്‍ അര്‍ഹത നേടിയിരിക്കുന്നത്.
കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും അമ്പതുകള്‍ക്ക് മുമ്പ് കൊച്ചി മുനിസിപ്പാലിറ്റിയില്‍ സ്കാവഞ്ചര്‍ ജോലിക്കായി വന്ന് കുടിയേറിയവരാണ് രാമേശ്വരം കോളനിയിലെ ചക്ലിയര്‍. എന്നാല്‍ ഇതു സംബന്ധിച്ച ആധികാരികരേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. 1950ന് മുമ്പ് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ സംസ്ഥാനത്തു നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളൂ എന്ന വ്യവസ്ഥയാണ് രാമേശ്വരം കോളനിയിലെ ചക്ലിയരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസമായത്.
കോളനി നിവാസികള്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് രാമേശ്വരം കോളനി സന്ദര്‍ശിക്കുകയും കൊച്ചി താലൂക്കില്‍ ലഭ്യമായ രേഖകള്‍ പരിശോധിക്കുകയും ചെയ്ത ജില്ലാ കളക്ടര്‍ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 1948ല്‍ ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനും പിന്നീട് കൊച്ചി കോര്പ്പറേഷന് മേയറുമായ കെ.ജെ. ഹര്‍ഷലിന്റെ രേഖപ്പെടുത്തലുകളും ഇതിന് അവലംബമാക്കിയതായി കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. 1994 വരെ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതായും കളക്ടര്‍ ചൂണ്ടിക്കാട്ടി.
തെലുങ്ക്, കാനറ പ്രദേശങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ കുടിയേറി അഴുക്ക് നിവാരണ ജോലികളിലേര്‍പ്പെട്ടിരുന്നവരാണ് ചക്ലിയരുടെ പൂര്‍വികരെന്ന് എഡ്ഗാര്‍ തോസ്റ്റണ്‍ രചിച്ച ‘കാസ്റ്റ് ആന്റ് ട്രൈബ്സ് ഓഫ് സതേണ്‍ ഇന്ത്യ’ എന്ന പുസ്തകത്തിലുണ്ട്. നരവംശശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ് ഈ പുസ്തകം. സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പട്ടികജാതിയില്‍ ചക്ലിയരെ ഉള്‍പ്പെടുത്തുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ ചക്ലിയര്‍ താമസമുറപ്പിച്ച കേന്ദ്രങ്ങളിലൊന്നാണ് രാമേശ്വരം കോളനിയെന്നാണ് രേഖകള്‍ നല്കുന്ന സൂചനയെന്നും കളക്ടര്‍ പറഞ്ഞു.
സാമൂഹ്യവും സാമ്പത്തികവുമായി രാമേശ്വരം കോളനിയിലെ ചക്ലിയരുടെ പിന്നോക്കാവസ്ഥയും കളക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. പട്ടികജാതി പരിഗണന ലഭിക്കാത്തതു മൂലം രാമേശ്വരം കോളനിവാസികളുടെ കുട്ടികള്‍ പഠനം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ പിന്തള്ളപ്പെടുകയാണ്. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് മൂലം പഠനം നിര്‍ത്തേണ്ടി വന്ന സംഭവങ്ങളും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കളക്ടറുടെ ശുപാര്‍ശയില്‍ കിര്‍ടാഡ്സ് നടത്തിയ അന്വേഷണത്തില്‍ കൊച്ചി മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച രേഖകളുടെയും വംശാവലിയുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലാണ് സമുദായ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇവര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റിനായി കൊച്ചി താലൂക്കില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: