ആലുവ: ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് കുടിവെള്ളമൂറ്റുന്നു. ആലുവ, കളമശ്ശേരി, കുറ്റിക്കാട്ടുകര, ഏലൂര്‍ മേഖലകളില്‍ പെരിയാറില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരകവിഷമാലിന്യങ്ങള്‍ ഉണ്ടെന്ന ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഈ മേഖലകളില്‍ ഭൂഗര്‍ഭജലം ഊറ്റുന്നത് നിരോധിച്ചത്. ഇവിടങ്ങളിലെ കിണറുകളിലും മറ്റും വിഷാംശം കണ്ടെത്തിയിരുന്നു.
എന്നാല്‍ പോലീസിന്റെയും ജലഅതോറിറ്റി, പഞ്ചായത്ത്, മുനിസിപ്പല്‍ അധികാരികളുടെ ഒത്താശയോടെയാണ് കുടിവെള്ളമാഫിയ ജലചൂഷണം നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. മുട്ടം മുതല്‍ ആലുവ വരെ ദേശീയ പാതയോരത്തും സ്ഥിതി വ്യത്യസ്തമല്ല. നേരത്തെ ഇത് രഹസ്യമായിട്ടായിരുന്നുവെങ്കില് ഇപ്പോള്‍ പരസ്യമായാണ് ജലമൂറ്റ്. ചൂട് കൂടിയതിനാലും ഫ്ലാറ്റുകളുടെ പെരുപ്പവും ജില്ലയില്‍ ജലം ചൂഷണം ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു.
ജല കുടിവെള്ളമൂറ്റല്‍ കേന്ദ്രത്തിന് പലതിനും ലൈസന്‍സുമില്ല. സാധാരണക്കാരന് കുടിവെള്ളത്തിനായി കിണറോ കുഴല്‍ക്കിണറോ നിര്‍മിക്കാന്‍ അനുമതി വേണമെന്ന് പറയുന്ന ഭരണകൂടം ഈ ജലചൂഷണങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ആലുവയിലെ ഒരു വ്യവസായ കേന്ദ്രത്തില്‍ ജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ കിണറില്‍നിന്ന് ശേഖരിക്കുന്ന ജലം ശുദ്ധീകരണം നടത്താതെ നേരിട്ട് കുപ്പികളിലാക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും പണത്തിന്റെ ബലത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കമ്പനി ഇപ്പോഴും മലിനജലം വില്‍പ്പന നടത്തിവരുന്നു.
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന ടാങ്കറുകളിലും പെരിയാറില്‍നിന്ന് നേരിട്ടും കുടിവെള്ളത്തിനായി ജലം ശേഖരിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഇത് കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന ചില പഞ്ചായത്തുകള്‍ മുഖേനയും വിതരണം നടക്കുന്നുണ്ട്. ഇതെല്ലാം അറിയുന്ന അധികൃതര്‍ ജില്ലയില്‍ യാതൊരു നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: