കൊച്ചി: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാംഘട്ടം കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍ വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.സുധാകരന് മുഖ്യ പ്രഭാഷണം നടത്തി. ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സൈബ താജുദ്ദീന്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി സത്യന്, ജലജ മണിയപ്പന്, ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം കെ.എം.രാജന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എസ്.സുജ, കെ.എം.ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ആര്.ശാന്തകുമാരി സ്വാഗതവും സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ലീല ജോസഫ് നന്ദിയും പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ അഞ്ച് വയസില്‍ താഴെ പ്രായമുളള 2,41,068 കുട്ടികള്‍ക്ക് 1990 ബൂത്തുകളിലൂടെ പോളിയോ തുളളിമരുന്ന് നല്‍കാനാണ് ലക്ഷ്യം. ഇന്നലെ തുള്ളിമരുന്ന് ലഭിക്കാത്തവര്‍ക്ക് ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി തുള്ളി മരുന്ന് വിതരണം ചെയ്യും. ഫെബ്രുവരിയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ജില്ല 98.79 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, റയില്‍വെ സ്റ്റേഷന്, ബസ് സ്റ്റേഷന്, വിമാനത്താവളം, ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. കൂടാതെ ചേരിപ്രദേശങ്ങള്‍, വഴിയോര താമസ സ്ഥലങ്ങള്‍, വിവാഹ ഹാളുകള്‍, ഉത്സവ സ്ഥലങ്ങള്‍, പ്രദര്‍ശന നഗരികള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ബൂത്തുകളും ഉണ്ടായിരുന്നു.
പോളിയോ രോഗത്തിന് കാരണമായ വൈല്‍ഡ് വൈറസിന്റെ വ്യാപനം പൂര്‍ണമായി തടയാനും പോളിയോ രോഗം ഉന്മൂലനം ചെയ്യാനുമാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പോളിയോ വൈറസ് മൂലമുണ്ടാകുന്ന രോഗം പ്രധാനമായും മലത്തിലൂടെയും മലിനജലത്തിലൂടെയും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു.
അഞ്ച് വയസില്‍ താഴെ പ്രായമുളള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കാറുളളത്. ഇപ്പോള്‍ പോളിയോ രോഗമുളളത് പാകിസ്ഥാന്, നൈജീരിയ, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലാണ്. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആര്‍ക്കും പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രാജ്യത്ത് ഹൗറയില്‍ കഴിഞ്ഞ വര്‍ഷം ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ കുട്ടികളിലും ഒരേ സമയം പോളിയോ വാക്സിന് നല്കി പോളിയോ രോഗത്തിന്റെ ഹേതുവായ വൈല്‍ഡ് വൈറസിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പള്‍സ് പോളിയോ യജ്ഞം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: