തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയും വകുപ്പ് ഇളക്കിപ്രതിഷ്ഠയും കോണ്‍ഗ്രസില്‍ കലാപം പടര്‍ത്തുന്നു. കോണ്‍ഗ്രസിനെ അതിഭീകരമായി മതവല്ക്കരിച്ചതില് പ്രതിഷേധിച്ച് വി.എം. സുധീരനും ആര്യാടന് മുഹമ്മദും കെ.മുരളീധരനും ഇടഞ്ഞു. ഉടനടി കെപിസിസി യോഗം ചേരണമെന്ന് സുധീരന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഘടക കക്ഷികള്‍ക്കുവേണ്ടി അവഗണിക്കപ്പെടുന്നുവെന്ന വിമര്‍ശനവും ശക്തമായി. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെ അതി ശക്തമായി എതിര്‍ത്തിരുന്ന മന്ത്രി ആര്യാടന് മുഹമ്മദ് രാജി ഭീഷണി മുഴക്കി. തുടര്‍ന്നാണ് ഗതാഗതവകുപ്പ് കൂടി ആര്യാടന് നല്കി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആര്യാടന് അതില്‍ തൃപ്തനല്ല. ലീഗിന്റെ ഭീഷണിക്ക് വഴങ്ങിയാല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് ആര്യാടന് കഴിഞ്ഞദിവസം കെപിസിസിയില്‍ പറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് ഗതാഗത വകുപ്പുകൂടി നല്കി ആര്യാടനെ തൃപ്തിപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുമായി നല്ല അടുപ്പം പുലര്‍ത്തുന്ന ആര്യാടന് പക്ഷെ ഇങ്ങനെ നാണംകെട്ട് മന്ത്രി സഭയില്‍ തുടരാന്‍ വയ്യെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലീഗിനെതിരെ എക്കാലവും അതിശക്തമായി നിലപാട് എടുത്തിട്ടുള്ള എക കോണ്‍ഗ്രസ് നേതാവാണ് ആര്യാടന്. പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരെ മിണ്ടാന്‍ എല്‍ഡിഎഫ് നേതാക്കള്‍ പോലും മടികാണിച്ചിരുന്നപ്പോഴൊക്കെ തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവ് മാത്രമാണെന്ന് വിമര്‍ശിച്ചത് ആര്യാടനാണ്. എന്നാല്‍ ആര്യടന്റെയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയോ അഭിപ്രായങ്ങളെ മുസ്ലീം ലീഗ് ഭീഷണികൊണ്ട് തടുത്തുവെന്നതാണ് എല്ലാവരെയും പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറാകാതെ പിടിവാശിയില്‍ തന്നെ ലീഗ് മുന്നോട്ട് പോയപ്പോള്‍ നഷ്ടം മുഴുവന്‍ കേരളീയരുടെ മനസ്സാക്ഷിക്കാണ്. ഭൂരിപക്ഷ സമുദായങ്ങളുടെ ശത്രുതയ്ക്ക് കാരണമാകും വിധം ലീഗിന്റെ പിടവാശി വളര്‍ന്നിട്ടും തടയിടാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസിനകത്തും പുറത്തും പൊട്ടിത്തെറിക്ക് വഴിവച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും ലീഗിന് കീഴടങ്ങിയതില്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
ആര്യാടന് മുഹമ്മദ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചുകൊണ്ടാണ് തന്റെ പ്രതിഷേധം ശക്തമായി പ്രകടിപ്പിച്ചത്. തന്റെ സാന്നിധ്യം പോലും അശുഭലക്ഷണമായി കാണുന്ന പലരും സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായിരുന്നത് കൊണ്ടാണ് താന്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ബുധനാഴ്ച നടത്തിയ പ്രകടനങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. തനിക്കെതിരായ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും സ്ഥിരമാണെങ്കിലും കഴിഞ്ഞദിവസത്തെ പ്രകടനത്തില്‍ മുഖ്യമന്ത്രിയ്ക്കും കെപിസിസി പ്രസിഡന്റിന് എതിരായും മുദ്രാവാക്യമുയര്‍ന്നു. ഇത്തരത്തില്‍ താന്‍ തനിച്ചല്ല എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും ആര്യാടന് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ ഉപരോധിക്കുംവരെ ലീഗിന്റെ ധാര്‍ഷ്ട്യം വളര്‍ന്നത് ആര്യാടന് ചൂണ്ടിക്കാട്ടി.
തന്റെ അതൃപ്തി അടുത്ത കെപിസിസി യോഗത്തില്‍ അറിയിക്കും. കഴിഞ്ഞ കെപിസിസി യോഗത്തില്‍ എടുത്ത തീരുമാനവും ഹൈക്കമാന്റ് കൈക്കൊണ്ട തീരുമാനവും എന്തായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാമെന്നും താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ആര്യാടന് പറഞ്ഞു.
കെപിസിസി യോഗത്തില്‍ ഭൂരിപക്ഷത്തോടെ എടുത്ത അഭിപ്രായം അട്ടിമറിക്കപ്പെട്ടത് വിശദീകരിക്കാന്‍ ചെന്നിത്തല വെള്ളം കുടിക്കേണ്ടിവരും. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ എണ്ണിയെണ്ണി പറഞ്ഞാണ് അഞ്ചാം മന്ത്രി അധ്യായം കോണ്‍ഗ്രസ് അവസാനിപ്പിച്ചത്. എന്നിട്ടും അത് മറികടന്ന് ലീഗിനു മുന്നില്‍ കീഴടങ്ങിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ് എന്നതാണ് പ്രധാന ആരോപണം. അഞ്ചാം മന്ത്രി പ്രശ്നം മറികടക്കാന്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തരം ഒഴിയേണ്ടിവന്നു.എന്നിട്ടും പ്രശ്നങ്ങള്‍ അവസാനിക്കുന്ന മട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. എ.കെ.ആന്റണിയോടാണ് ചെന്നിത്തലയുടെ പരിഭവം.
ലീഗിന്റെ അഞ്ചാംമന്ത്രിയെന്ന ആവശ്യത്തിനെതിരെ നിലപാടെടുത്തിരുന്ന സുധീരന് കെപിസിസി യോഗം ഉടനടി വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധമുള്ളതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പോകാതിരുന്നതെന്ന് കെ.മുരളീധരന്‍നും പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ഉമ്മന്‍ ചാണ്ടിയ്ക്ക് തലവേദനയാകുന്ന തരത്തിലേയ്ക്ക് മാറുമെന്നതില്‍ സംശയമില്ല. അത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതെയുമിരിക്കില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: