അങ്കമാലി: ഗതാഗതകുരുക്ക് രൂക്ഷമായ അങ്കമാലിയില്‍ സ്വകാര്യബസുകളുടെ വണ്‍വേ ലംഘനം ടൗണില്‍ ഗതാഗതസ്തംഭനം രൂക്ഷമാക്കി. ഗതാഗത അഡ്വൈസറി കമ്മിറ്റി വല്ലപ്പോഴും ഒരിക്കല്‍ കൂടി പിരിയുന്ന കമ്മിറ്റിയായി മാറിയതോടെയാണ് അങ്കമാലി ടൗണില്‍ സ്വകാര്യബസുകളുടെ സര്‍വ്വീസ് തോന്നിയരീതിയിലായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോലീസിന്റെ നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ കീഴില്‍ പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന അങ്കമാലിയില്‍ പോലീസിന്റെ ഉത്തരവാദിത്വമില്ലായ്മ മൂലമാണ് സ്വകാര്യബസുകള്‍ വണ്‍വേ തെറ്റിച്ച് അങ്കമാലിയില്‍ സര്‍വ്വീസ് നടത്തി വരുന്നത്.
വണ്‍വേ തെറ്റിച്ച് ബസുകള്‍ സര്‍വ്വീസ് നടത്തുന്നതുമൂലം യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം നിത്യസംഭവമായിരിക്കുകയാണ്. തര്‍ക്കങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് സംഘട്ടനങ്ങളിലേക്ക് വഴിമാറുന്നുണ്ട്. എന്നാല്‍ സ്വകാര്യബസുകളുടെ നിയമലംഘനം നിയമപാലകര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അതേ സമയം ജംഗ്ഷന്റെ ഗതാഗതകുരിക്കിന് പരിഹാരം കാണാതെ സ്വകാര്യബസുകളെ മാത്രം ബുദ്ധിമുട്ടാക്കുന്ന വണ്‍വേ ട്രാഫിക് നിയമം പാലിക്കുവാന്‍ ഒരുക്കമല്ലെന്ന് നിലപാടിലാണ് സ്വകാര്യബസ് ജീവനക്കാരും മുതലാളിമാരും.
കഴിഞ്ഞ ആറു ദിവസത്തിലധികമായി സ്വാകാര്യബസുകള്‍ വണ്‍വേ ബഹിഷ്കരിക്കുകയാണ്. എന്നാല്‍ വണ്‍വേ ബഹിഷ്കരണം അങ്കമാലി ജംഗ്ഷനില്‍ ഗതാഗതകുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്. വണ്‍വേ ലംഘിച്ചുകൊണ്ട് നിശ്ചിത സമയത്തിനുമുമ്പ് ഓടിയെത്തുന്ന ബസുകള്‍ സ്റ്റോപ്പില്‍ അധികസമയം കിടന്ന് യാത്രക്കാരെ ക്യാന്‍വാസ് ചെയ്യുന്നതും ഗതാഗതകുരുക്ക് രൂക്ഷമാക്കാന്‍ കാരണമാകുന്നുണ്ട്. കാലടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്നും വരുന്ന ബസുകള്‍ എല്‍. എഫ്. ആശുപത്രി ജംഗ്ഷനില്‍നിന്നും ടി ബി റോഡ് വഴി ദേശീയപാതയില്‍ അങ്ങാടിക്കടവ് ജംഗ്ഷനില്‍ കയറി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്‍വശത്തുകൂടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പോകണമെന്നാണ് നിയമം. ഈ വണ്‍വേ പാലിച്ച് ബസുകള്‍ ഓടുമ്പോള്‍ ഗവണ്മെന്റ് ആശുപത്രി, വൈദ്യുതി ഓഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്റ് ആര്‍ടിഒ ഓഫീസ്, എക്സൈസ് ഓഫീസ് ബ്ലോക്ക് ഓഫീസ്, കൃഷിഭവന്, റെസ്റ്റ് ഹൗസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വളരെ ഉപകാരപ്രദമാണ്. റണ്‍വേ തെറ്റിച്ച് ബസുകള്‍ പോകുന്നതുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
നിയമത്തെ വെല്ലുവിളിച്ച് വണ്‍വേ തെറ്റിച്ച് ഓടുന്ന ബസുകള്‍ ട്രാഫിക് നിയമം ലംഘിക്കുന്നത് ചോദ്യം ചെയ്യുന്ന യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ആളുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് ബെല്ല് അടിച്ച് വിടുക, റോഡിന്റെ ഒത്തനടുക്ക് നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുക തുടങ്ങിയ സമീപനങ്ങളും സ്വകാര്യബസുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. അതുപോലെ സ്വകാര്യബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ പോകാതെ ഇടക്കുവെച്ച് ഓട്ടം അവസാനിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം അങ്കമാലി ജംഗ്ഷനിലെ ഗതാഗതപ്രശ്നം അനുദിനം വഷളാകുമ്പോള്‍ ഇതിന് പരിഹാരം കാണേണ്ട അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: