അങ്കമാലി: മലയാറ്റൂര്‍ സെന്റ് തോമസ് തിരുനാളിനോടും ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീ ഭാരതി തീര്‍ഥ മഹാസ്വാമിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചും ശൃഗേരി റോഡിലും മലയാറ്റൂര്‍ റോഡിലുമായി വിവിധ കേസുകളില്‍ പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യുവാന്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അറിയിച്ചു. കാലടി പോലീസ് വിവിധ കേസുകളില്‍ പിടിച്ചിട്ടിരിക്കുന്ന ടിപ്പര്‍ ലോറികള്‍, കാറുകള്‍, ജീപ്പ്പുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇരുന്നോറോളം വാഹനങ്ങള്‍ നീക്കം ചെയ്യുവാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ജില്ലാ കളക്ടറുടെയും റവന്യു ഡിവിഷന് ഓഫീസറുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ ഈ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് തീരുമാനം എടുത്തിരുന്നെങ്കിലും ഇതിനായി യാതൊരുവിധ അനന്തരനടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് കാലടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വാഹനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും പ്രധാനകാരണമാണ്. നിരവധി തവണ ഇതു സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഈ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇരുന്നോറോളം കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാകെ കിടക്കുന്നതിനാലാണ് വാഹനങ്ങള്‍ കണ്ടുകെട്ടുവാനോ വില്ക്കുവാനോ കഴിയാത്തത്. ഇത് സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചും ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികളുടെ സന്ദര്‍ശനം പ്രമാണിച്ചും കാലടി മേഖലയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന ഗതാഗതകുരുക്കില്‍ തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കുമെന്നും ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: