കൊച്ചി: അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ജീവകാരുണ്യപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ സഹായധനം നല്കി. കാന്‍സര്‍ ചികിത്സ മുതല്‍ വയോജന സംരക്ഷണം വരെ വിവിധങ്ങളായ പദ്ധതികളാണ് മിഷന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.
സാമൂഹ്യ സുരക്ഷാ മിഷന് കീഴില്‍ ജീവകാരുണ്യപദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്തുകള്‍ പത്തു ലക്ഷം രൂപ വീതം നല്‍കണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പദ്ധതി ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ നല്‍കാനാണ് എറണാകുളം ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തത്. മിഷനിലേക്ക് ഏറ്റവും കൂടുതല്‍ തുക നല്കിയിരിക്കുന്നതും എറണാകുളം ജില്ലാ പഞ്ചായത്താണ്. അവശ ജനവിഭാഗങ്ങളോട് ജില്ലാ പഞ്ചായത്തിനുള്ള സാമൂഹ്യപ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
18 വയസിനു താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് പൂര്‍ണ സൗജന്യ ചികിത്സ നല്കുന്ന കാന്‍സര്‍ സുരക്ഷ, ബധിര-മൂകരായ കുട്ടികള്‍ക്ക് കേള്‍വിയും സംസാരശേഷിയും ലഭ്യമാക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്, വൃദ്ധജന സംരക്ഷണത്തിനുള്ള വയോമിത്രം, എന്‍ഡോസള്‍ഫാന്‍ ഹെല്‍ത്ത് കീയര്‍, ശയ്യാവലംബികള്‍ക്ക് പരിചരണം ലഭ്യമാക്കുന്ന ആശ്വാസകിരണം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ പ്രതിമാസ പെന്ഷന് നല്കുന്ന സ്നേഹസാന്ത്വനം, വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ്, നിരാലംബര്‍ക്കുള്ള പുനരധിവാസം, ഗിരിവര്‍ഗ കോളനികളില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള അന്നദായിനി, കീയര്ഹോമുകള്ക്ക് പരിചാരകര്‍, ഹംഗര്‍ ഫ്രീ സിറ്റി, കീയര്‍ ഹോമുകളുടെ നവീകരണവും നിര്‍മാണവും, കൗമാരപ്രായക്കാര്‍ക്കുള്ള ശില്‍പ്പശാല തുടങ്ങിയവയാണ് സാമൂഹ്യ സുരക്ഷാ മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാമിഷന് പുറത്തിറക്കിയിട്ടുള്ള സ്റ്റാമ്പുകളുടെ വില്‍പ്പനയിലൂടെയും പേമെന്റ് ഗേറ്റ് വേയിലൂടെയുമാണ് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ഫണ്ട് ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: