കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്സിയില്‍നിന്നും പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊല്ലാന്‍ ഇറ്റാലിയന്‍ നാവികര്‍ ഉപയോഗിച്ച തോക്കുകളും ഇതില്‍പ്പെടും. തുറമുഖ ട്രസ്റ്റിന്റെ ഓയില്‍ടാങ്കര്‍ ബെര്ത്തിലുള്ള കപ്പലില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ 29 അംഗ അന്വേഷണ സംഘമാണ് പരിശോധനക്കെത്തിയത്. ഇറ്റലിയില്‍നിന്നുള്ള ബാലസ്റ്റിക് ഫോറന്‍സിക് വിദഗ്ധരായ മേജര്‍ ഫ്ലോ ബസ്ലൂക്ക, ഫ്രാറ്റിനി പോളോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ആയുധങ്ങള്‍ കരയിലെത്തിച്ചശേഷം ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്നും അതിനുശേഷം മാത്രമേ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ തിരിച്ചറിയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍ പറഞ്ഞു.
വെടിയേറ്റ ബോട്ടില്‍നിന്നും ലഭിച്ച വെടിയുണ്ടകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. കണ്ടെടുത്ത ആയുധങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിനുശേഷം കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 29 അംഗ പരിശോധനാ സംഘത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദ്ധരും ഉണ്ട്. കപ്പലിലെ പരിശോധന രാത്രി വൈകിയും തുടരുകയാണ്. കപ്പല്‍ പൂര്‍ണമായും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് വരെ കപ്പല്‍ തീരം വിട്ടുപോകരുതെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ ബാലസ്റ്റിക് പരിശോധനയില്‍ ഇറ്റാലിയന്‍ നാവികര്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് തിരിച്ചറിയാതിരിക്കാന്‍ കൃത്രിമം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് കരുതുന്നു.
ഏഴ് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ട ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ മസിമിലാനോ ലാത്തോരെ, സാല്വത്തേര എന്നിവരെ വില്ലിംഗ്ടണ്‍ ഐലന്റിലെ സിഐഎസ്എഫ് ഗസ്തൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവരെ ഒരു കാരണവശാലും വീണ്ടും കപ്പലില്‍ കയറ്റി തെളിവെടുപ്പ് നടത്തേണ്ടെന്നാണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: