കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഇറ്റലിയുടെ കപ്പലായ എന്റിക്കോ ലെക്സിയിലെ ജീവനക്കാരുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു. കപ്പലിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കും.
രാവിലെ 8.30ഓടെ കപ്പലിലെത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കപ്പലിലെത്തി. അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേലും സംഘത്തിലുണ്ട്. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാം പാലേ കുടില്ലോ, മിലിട്ടറി അറ്റാഷെ ഫ്രാങ്കോ ഫേവര്‍ എന്നിവരടങ്ങുന്ന സംഘവും കേരളാ പോലീസിനൊപ്പമുണ്ട്.
കപ്പലിലുള്ള ഇന്ത്യക്കാരായ 19 ജോലിക്കാരില്‍ നിന്നും പൊലീസ് സംഘം മൊഴിയെടുക്കും. വെടിവച്ചെന്നു കരുതുന്ന രണ്ട് ഭടന്മാരെ അറസ്റ്റു ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇവരെ വിട്ടുകൊടുക്കാന്‍ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാം പാലേ കുടിലോ ഇന്നലെ സമ്മതിച്ചിരുന്നു.
വെടിവെപ്പിന് ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ കരയ്ക്കെത്തിച്ച് ചോദ്യം ചെയ്യുക, കപ്പലിനുള്ളില്‍ കടന്ന് ആയുധങ്ങളും മറ്റും പരിശോധിക്കുക, യാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങളടങ്ങിയ കത്ത് കഴിഞ്ഞദിവസം ക്യാപ്റ്റന്‍ കൈമാറിയിരുന്നു.
പ്രശ്നത്തിന് അന്തര്‍ദേശീയ മാനം ഉള്ളതിനാല്‍ വളരെ കരുതലോടെയാണ് നടപടികള്‍. പ്രശ്നത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തടസ്സമില്ലെന്നാണ് കപ്പലധികൃതര്‍ പോലീസിനെ അറിയിച്ചത്. രേഖകള്‍ കൈമാറുന്നതിനും വിരോധമില്ലെന്ന് അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇറ്റലിയിലും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: