ആത്മസമര്‍പ്പണം എന്ന് പറഞ്ഞാല്‍ നമ്മുടെ ശരീരം, പ്രാണന്, മനസ്സ്, ഇത് മൂന്നും ഈശന് സമര്‍പ്പിക്കണം. അതുവരെയും നമ്മുടെ അഹങ്കാരം തന്നെയാണ് നമ്മെ നയിക്കുന്നത്. യാദവന്മാര്ക്ക് അഹങ്കാരം വളര്‍ന്ന് ഒടുക്കം ഋഷിശാപത്തിന് പാത്രക്കാരായി. ശ്രീകൃഷ്ണ പരമാത്മാവ് നോക്കി നില്‍ക്കേ ആ വശം മുഴുവന്‍ തമ്മില്‍ തല്ലി നശിച്ചു. ആരായാലും ഈ ഭൂമണ്ഡലത്തില്‍ ജീവിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഒരിക്കലും ജാഗ്രത കൈവിടരുത്. എല്ലാം അവിടുത്തേക്ക് സമര്‍പ്പിക്കുമ്പോള്‍ എല്ലാം നമുക്ക് വന്നുചേരും. ശുഷ്കിച്ചാല് ശുഷ്ക്കിച്ചതേ തിരിച്ചുകിട്ടൂ.
നിങ്ങളുടെ നിഷ്കളങ്കതയും ഹൃദയം നിറഞ്ഞ ഭക്തിയും ത്യാഗവും സമര്‍പ്പണവും ദൈവത്തില്‍ നിന്നും വന്നതാണ്. നിങ്ങള്‍ അവിടുത്തെ പ്രതിപുരുഷനെ ഒരു കര്മ്മത്തിന് അയച്ചു. ആ കര്‍മ്മം യാതൊരു വിഘ്നങ്ങളും കൂടാതെ നടത്താനും ഭൂമിയില്‍ ധര്‍മ്മത്തെ സ്ഥാപിക്കാനും നമുക്ക് കഴിഞ്ഞെങ്കില്‍ അത് മഹാത്ഭുതം തന്നെയാണ്. നമ്മള് നടത്തിയത് ഒരു ക്ഷേത്രപ്രതിഷ്ഠയല്ല. ധര്മ്മത്തിന് പ്രവഹിക്കാനുള്ള ഒരു മഹാകേന്ദ്രമാണ് ധര്‍മ്മപീഠം.
ധര്‍മം ഇല്ലെങ്കില്‍ വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവും അഴിഞ്ഞുപോകും. ധര്‍മം ഇല്ലെങ്കില്‍ ലോകമില്ല. ധര്‍മത്തിന്റെ പ്രഭയാണ് ലോകത്തെ നിലനിര്‍ത്തുന്നത്. സൂര്യന്റെ ധര്‍മമാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. ആ ധര്‍മം നിത്യമായി അനുഷ്ഠിക്കുന്ന സൂര്യന് നമുക്ക് പ്രത്യക്ഷ ദൈവമായി വിളങ്ങുന്നു. അതുപോലെ മനുഷ്യന് അവന്റെ ധര്‍മം അറിയണം. അതിലൂടെ ജീവിക്കണം. ജീവിതം അതിന് വിപരീതമായാല്‍ രോഗവും ദുഃഖവും അസ്വസ്ഥതകളും വന്നുചേരും.
ധര്മത്തില് ജീവിക്കുന്നവന് ദുഃഖമില്ല. ദുഃഖം വരുന്നുണ്ടെങ്കില്‍ അത് പ്രകൃതിയുടെ സ്വഭാവം മാത്രം. നാം ധര്മത്തില് നിന്ന് വഴി പിഴച്ച് കേവലം വികാരജീവികളായി കഴിയുന്നത് കാണാന്‍ പ്രകൃതിക്ക് ഇഷ്ടമില്ല. മകന് വഴി പിഴച്ചു കാണാന്‍ അമ്മ ഇഷ്ടപ്പെടുമോ? അതുപോലെ ധര്‍മഹാനി വന്ന സമൂഹത്തെ കാണാന്‍ പ്രകൃതി മാതാവിന് ഇഷ്മില്ല. അതിനെ നശിപ്പിച്ചുകളയണം. അതാണ് നാം ഇപ്പോള്‍ കാണുന്നത്.
ഇക്കാലത്ത് ധര്‍മം മറഞ്ഞ് അധര്‍മം തലപൊക്കി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ധര്‍മത്തിന്റെ സാന്നിധ്യം നമുക്ക് അത്യാവശ്യമാണ്. ഈശ്വരന്റെ മഹിമകളെ തിരിച്ചറിയാന്‍ പോലും നമുക്കിന്ന് പറ്റുന്നില്ല. നാം ക്ഷേത്രദര്‍ശനത്തിന് പോകുന്നുണ്ട്. പക്ഷേ, ഋഷീശ്വരന്മാര് മഹാക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചതിന് പുറകിലുള്ള സങ്കല്പങ്ങള് കണ്ടറിഞ്ഞ് അത് ഉള്‍ക്കൊണ്ട് ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ നാട്ടിലുണ്ടോ? മഹാക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചത് സാധാരണ പുരോഹിതന്മാരോ തന്ത്രിമാരോ അല്ല. അതിന്റെ പുറകില്‍ തപസ്സികളുടെ ശക്തിയും ഇച്ഛയും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അവയ്ക്കുള്ള മഹിമകള്‍ കാലാന്തരത്തില്‍ മറഞ്ഞുപോയി. ധര്‍മഹാനി മഹാക്ഷേത്രങ്ങളെ പോലും ബാധിച്ചിരിക്കുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: