മാനത്തുയര്‍ന്നു നില്ക്കുന്ന പൂര്‍ണേന്ദു. നിലാവില് അങ്ങിങ്ങായേ നക്ഷത്രത്തെക്കാണൂ. ധനുമാസത്തിലെ തിരുവാതിരക്കാലത്തിന്റെ സുഖം പറഞ്ഞറിയിക്കാനാവാത്ത ഒന്ന് തന്നെ. സ്ത്രീകളുടെ ആഘോഷമാണങ്കിലും കുട്ടികള്‍ക്കും ഇതില്‍ സന്തോഷിക്കാന്‍ ഏറെ വകയുണ്ട്. നാട്ടിലെ പ്രധാന ഗൃഹത്തില്‍ സകലരും ഒത്തുചേര്‍ന്നാണ് ഉറക്കം ഒഴിച്ചില്‍ എന്ന ചടങ്ങില്‍ സംബന്ധിക്കുക. എത്തിച്ചേരുന്ന കുട്ടികള്‍ക്കും ഉത്സവം. മുറ്റത്തെ വലിയ മരത്തിന്റെ കൊമ്പില്‍ ഊഞ്ഞാല് വള്ളി (ഞര്‍ള)കൊണ്ട് ഊഞ്ഞാല് നിര്‍മിച്ച് തിരുവാതിരയുടെ ആഘോഷവേളകള്‍ക്ക് തുടക്കമാവും. തിരുവാതിരക്കാലത്ത് വാളന്‍പുളി വിളയുന്ന കാലമാണ്. ഇക്കാലത്ത് മുണ്ടോന്‍പാടവും വിളഞ്ഞ് നിന്നിട്ടുണ്ടാവും. വാളന്‍പുളി നന്നായി പിടിച്ചിട്ടുണ്ടെങ്കില്‍ മുണ്ടോന്‍ കൃഷിയും ഒന്നാന്തരമാവുമെന്ന് നാട്ടുഭാഷ്യം. തിരുവാതിരക്കാലത്ത് പാളയംകോടന് (മൈസൂര്‍പൂവന്‍) കഴിക്കലും പ്രധാനമാണ്.
മഞ്ഞില്‍ ആറാടിനില്‍ക്കുന്ന ധനുവിലെ തിരുവാതിരയുടെ നാലുനാള്‍ക്കു മുന്‍പായി അനുഷ്ഠാനങ്ങള്‍ക്കു തുടക്കമിടും. സ്നാനഘട്ടങ്ങളില്‍ പുലര്‍ച്ചെ തന്നെ കുളിയ്ക്കണം. തുടിച്ചുകുളിച്ച് അണിഞ്ഞൊരുങ്ങിയുള്ള ക്ഷേത്രദര്‍ശനവും വിശേഷമാണ്. വിവാഹിതയായ പെണ്‍കുട്ടിയുടെ ആദ്യ തിരുവാതിരക്ക് പുത്തന്‍ തിരുവാതിരയെന്നും പൂത്തിരുവാതിരയെന്നും പറയും. പ്രത്യേകമായി ക്ഷണിക്കപ്പെട്ട ബന്ധുക്കള്‍ വന്ന് മഹോത്സവമാക്കും. സ്ത്രീകള്‍ക്കുമാത്രമായി വേറെ ഒരു ആഘോഷവും ഇല്ല. കൈകൊട്ടിക്കളിപ്പാട്ടില്‍ അല്‍പ്പം കഴിവുള്ളവര്‍ക്ക് പ്രത്യേകാംഗീകാരവും നേടാനുള്ള സുവര്‍ണാവസരം കൂടിയാണ്.
കാര്‍ത്തിക നാളില്‍ കാക്ക കരയും മുന്‍പായി ഉണര്‍ന്നുവേണം കുളിക്കാന്‍. രോഹിണിക്ക് രോമം കാണും മുന്‍പായി ഉണരണം. മകീരത്തിന് മക്കള്‍ ഉണരും മുന്പെന്നും പ്രാസം ഒപ്പിച്ച് പറയും. സ്ത്രീകളും പെണ്‍കുട്ടികളും വെള്ളത്തില്‍ ഇറങ്ങി പാട്ടും പദവുമായാണ് പുലര്‍ച്ചെയുള്ള കുളി. കുളി കഴിഞ്ഞ് അലക്കിയ വസ്ത്രമുടുത്ത് കണ്ണെഴുതി കുറി തൊട്ട് ഊഞ്ഞാലാട്ടം.
“ഒന്നേ ഒന്നേ പോല്‍
ഓമനയായി പിറന്നാനുണ്ണി…………..
തുടങ്ങിയ പാട്ടുകള്‍ പാടിയാണ് സഖിമാരുമൊത്തുള്ള ഊഞ്ഞാലാട്ടം. തിരുവാതിര ദിനത്തില്‍ ഏഴരവെളുപ്പിനുണരണം. തുടിച്ചു കുളിച്ച് ഊഞ്ഞാലാട്ടത്തിനുശേഷം ഇളനീര് വെള്ളവും ചെറുകായും വള്ളിക്കിഴങ്ങുചുട്ടതും ചെറുപഴവും കഴിക്കണം. അരിഭക്ഷണം അന്നേദിവസം ഒഴിവാക്കണം.
ഗോതമ്പുകൊണ്ടോ ചാമകൊണ്ടോ ഉള്ള ചോറും മുതിരക്കൂട്ടാനും കാച്ചില് കിഴങ്ങും ചേമ്പും ചേനയും വള്ളിക്കിഴങ്ങും ചേര്‍ത്ത പുഴുക്കും കാച്ചിയ പപ്പടവും ചെറുകായ വറുത്തതും തിരുവാതിര വിഭവങ്ങളാണ്. കൂവപ്പായസം ഒരുക്കുന്നതും ഇക്കാലത്താണ്. കൂവപ്പൊടിയില്‍ പാലും ശര്‍ക്കരയും ചേര്‍ത്തുവേവിച്ചാണ് പായസം ഉണ്ടാക്കുന്നത്. തണുപ്പുനിറഞ്ഞ അല്ലെങ്കില്‍ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഈ ഭക്ഷണം ശാസ്ത്രീയഗുണം നിറഞ്ഞ് നില്ക്കുന്നു. വരുന്നത് ചൂടുനിറഞ്ഞുള്ള കാലാവസ്ഥയാണ്. അതിനെ നേരിടാന്‍ ശരീരത്തെ പാകപ്പെടുത്തിയെടുക്കുവാനാണീ ഭക്ഷണം. സ്ത്രീകള്‍ക്കു മാത്രമാണീ വ്രതം. പെണ്‍കുട്ടികള്‍ക്ക് അനുഗുണനായ വരനെ നേടാനും സുമംഗലികള്‍ക്ക് ദീര്‍ഘമംഗല്യത്തിനും വേണ്ടിയാണ് തിരുവാതിര നൊയമ്പ്.
സുമംഗലികള്‍ നൂറ്റിയെട്ട് വെറ്റിലകൊണ്ട് മൂന്നും കൂട്ടണം എന്ന പ്രത്യേക അനുഷ്ഠാനവുമുണ്ട്. തിരുവാതിരനാളില്‍ രാത്രി ഉറക്കം ഒഴിഞ്ഞ് കൈകൊട്ടിക്കളി നടത്തണം. പാതിര നേരത്ത് പാതിരാപ്പൂ ചൂടി വേണം തുടര്‍ന്നുള്ള കളികള്‍ക്ക്.
മംഗലയാതിര നല്‍പ്പുരാണം എന്ന മംഗള ഗാനം ഈ സമയം ചൊല്ലാറുണ്ട്. വ്യത്യസ്ഥ ഗീതങ്ങള്‍ ചൊല്ലുക പതിവാണ്. കുമ്മി, കുറത്തി, വഞ്ചിപ്പാട്ട് തുടങ്ങിയ വിവിധ കൃതികളും ആട്ടക്കഥയിലെ തിരഞ്ഞെടുത്ത പദങ്ങളും അതിഗംഭീരമായി അവതരിപ്പിക്കാറുണ്ട്. തിരുവാതിര നൊയമ്പും ചിട്ടകളും അനുഷ്ഠിച്ച ബ്രാഹ്മണ കന്യകയുടെ അനുഭവം പ്രചാരത്തിലുള്ള കഥയാണ്. വരുംതലമുറക്കാര്‍ ഇതാചരിക്കുവാന്‍ വേണ്ടി മുത്തശ്ശിമാര്‍ പറയാറുള്ള കഥയിങ്ങനെ.
വിവാഹജീവിതത്തിലേക്ക് എത്തിച്ചേര്‍ന്ന നവോഢയായ ബ്രാഹ്മണ കന്യകക്ക് താമസംവിന വൈധവ്യം വന്നു. തിരുവാതിരയുടെ വ്രതം വേണ്ടപോലെ അനുഷ്ഠിച്ച ഈ കുട്ടിയുടെ ദുരവസ്ഥയില്‍ ശ്രീപാര്‍വതിക്കു സഹിക്കാനാവാത്ത സങ്കടം വന്നു. പാവം ബ്രാഹ്മണ കുമാരന് നഷ്ടപ്പെട്ട പ്രാണന് തിരികെ നല്‍കിയില്ലെങ്കില്‍ എന്റെ ശിഷ്ട ജീവിതം വിധവയെപ്പോലെയായിരിക്കും. മഹാദേവന് തൊടാന്‍ പോലും സാധിക്കാതെയായിരിക്കും ശൈല രാജതനായ ജീവിക്കുക.
പാര്‍വതി വിചാരിച്ചകാര്യം വേണ്ടപോലെ ഭംഗിയായി. ഉറക്കം വിട്ടുണര്‍ന്നപോലെ യുവാവിന് ജീവന് തിരിച്ചു കിട്ടി. ഇതിനെക്കുറിച്ചുള്ള ഐതിഹ്യവും പാട്ടുപാടി കളിക്കാറുണ്ട്.
തിരുവാതിരപ്പിറ്റേന്ന് കുളി കഴിഞ്ഞ് വ്രതം അവസാനിപ്പിക്കുകയും ചെയ്യും. മകീരത്തിന് “എട്ടങ്ങാടി” എന്ന നിവേദ്യം നടത്തി എല്ലാവരും പ്രസാദം സ്വീകരിച്ച് കൈകൊട്ടിക്കളിക്കും. ഈ ചടങ്ങ് തെക്കന്‍ കേരളത്തില്‍ നിലവിലുള്ളതാണ്. പാതിരപ്പൂവ് പടിക്കുപുറത്ത് വയ്ക്കും. അതെടുക്കാന്‍ പോകുന്നതും പാട്ടുപാടി ആര്‍ത്തുല്ലസിച്ചാണ്. അടിസ്ഥാനഗീതങ്ങള്‍ ഇതിന്റെ മാറ്റുകൂട്ടും. എട്ടംഗമാടിക്കളിക്കലാണ് ഈ വാക്കുകൊണ്ടുദ്ദേശിക്കുന്ന അര്‍ത്ഥം.
കൈക്കൊട്ടിക്കളി അല്ലെങ്കില്‍ തിരുവാതിരക്കളി ഇന്ന് അതീവ സംഗീതവും പക്കവാദ്യത്തിന്റെ മേളക്കൊഴുപ്പും കൊണ്ട് വേറൊന്നായിക്കഴിഞ്ഞു. കൈകൊട്ടുക എന്നത് ആംഗ്യം മാത്രമായിത്തീര്‍ന്നു. അതുപോലെ ലാസ്യ നടത്തത്തിലേക്ക് പ്രവേശിച്ചു എന്നു പറയുന്നതാവും ശരി. സ്വന്തമായുള്ള നമ്മുടെ നാടന്‍ കലയെ പരിഷ്ക്കരിച്ചു വല്ലാതാക്കി കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.
ശിവക്ഷേത്രദര്‍ശനത്താല്‍ മനസിനെ കുളിര്‍പ്പിക്കാന്‍ തിരുവാതിര നാളില്‍ മങ്കമാരുടെ കുത്തൊഴുക്കാവും. ദാ എന്നു പറയുമ്പോഴേക്കും വേര്‍പിരിയാന്‍ തക്ക ലാഘവത്തിലായി ദാമ്പത്യബന്ധം. അന്യദേശ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകള്‍ മലയാളത്തിന്റെ മണ്ണില്‍ പുലരാതിരിക്കാന്‍ മഹാദേവനോടും ശക്തിസ്വരൂപിണിയായ ഭഗവതി ശ്രീപാര്‍വതിയോടും പ്രാര്‍ത്ഥിക്കുകയാണഭികാമ്യം.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: