ജോധ്പുര്‍: രാജസ്ഥാനില്‍ നഴ്സ് ഭന്‍വാരി ദേവിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിന്റെ അന്വേഷണം സി.ബി.ഐ പൂര്‍ത്തിയാക്കി. ജോധ്പുരില്‍ കഴിഞ്ഞ മൂന്നു ദിവസം നീണ്ട പരിശോധനയ്ക്കു ശേഷമാണ് അന്വേഷണം അവസാനിപ്പിച്ചത്.
ബിഷ്ണറാം സംഘാംഗം അശോക്, എം.എല്‍.എ മാല്‍ഖന്‍ സിങ് ബിഷ്ണോയിയുടെ സഹോദരി ഇന്ദിര ബിഷ്ണോയി എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഭന്‍വാരി ദേവിയെ കാണാതായതില്‍ മുന്‍ മന്ത്രി മഹിപാല്‍ മര്ദേനയ്ക്കു പങ്കുണ്ടെന്നാണ് സി.ബി.ഐ നിഗമനം.
ഭന്‍വാരി ദേവിയെ രാജസ്ഥാന് മുന്‍മന്ത്രി മഹിപാല്‍ മദിര്ണയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഭന്‍വാരിയെ കൊലപ്പെടുത്താന്‍ രണ്ടു പേരാണു നിര്‍ദേശം നല്‍കിയത്. ഇതിനായി ബിഷ്ണറാം സംഘത്തിനു പണം നല്കി. ഇതില്‍ ഭന്‍വാരിയുടെ ഭര്‍ത്താവ് അമര്ചന്ദിനും പങ്കുണ്ടെന്നു സൂചനയുണ്ട്.
2011 സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ഭന്‍വാരി ദേവിയെ കാണാതായത്. 2011 സെപ്റ്റംബര്‍ എട്ടിനു ബില്ലാര പ്രദേശത്തു തനിച്ചെത്താന്‍ മല്‍ഖന്‍ സിങ് ആവശ്യപ്പെട്ടു. ഇവിടെ വച്ചു തട്ടിക്കൊണ്ടു പോകാനായിരുന്നു പദ്ധതി. തനിയെ എത്തുമെന്ന കാര്യം ഉറപ്പാക്കാന്‍ അമര്ചന്ദിനു 10 ലക്ഷം രൂപയും നല്‍കിയിരുന്നു. പ്രശ്നം ഒതുക്കാന്‍ മദിര്ണ ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം തുമ്പു കിട്ടാത്തതിനാല്‍ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: