ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ നല്കിയ സ്വകാര്യ പരാതിയെ സാധൂകരിക്കുന്ന രേഖകള്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യംസ്വാമി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
ടെലികോം ലൈസന്‍സുകള്‍ അനധികൃതമായി അനുവദിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ എടുത്ത തീരുമാനത്തിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പൂര്‍ണ ഒത്താശയും അനുമതിയും ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഹാജരാക്കിയിരിക്കുന്നതെന്ന് സ്വാമി പ്രത്യേക സിബിഐ ജഡ്ജി ഒ.പി.സെയ്നിയെ അറിയിച്ചു. സ്പെക്ട്രം ലൈസന്‍സുകള്‍ കരസ്ഥമാക്കിയ സ്വാന്, യൂണിടെക് എന്നീ സ്ഥാപനങ്ങളുടെ ഒാഹരികള്‍ വില്ക്കാന് അനുമതി നല്‍കിയതിലും ചിദംബരവും രാജയും ഒത്തുകളിച്ചതിന്റെ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നതായി സ്വാമി പറഞ്ഞു. പ്രതികളെ വിളിച്ചുവരുത്തണമെന്ന സ്വാമി യുടെ അപേക്ഷയില്‍ ഈ മാസം 21 ന് വാദം കേള്‍ക്കുമെന്ന് ജഡ്ജി അറിയിച്ചു.
2008 ജനുവരി 15 ന് പ്രധാനമന്ത്രി മന്മോഹന്സിംഗിന് ചിദംബരം അയച്ച കത്ത്, വാര്‍ത്താവിനിമയ, വിവര സാങ്കേതികവകുപ്പ് മന്ത്രിയായിരിക്കെ രാജയും ചിദംബരവും പ്രധാനമന്ത്രിയുമായി നടത്തിയ യോഗത്തിന്റെ മിനിറ്റ്സുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയവയെല്ലാം സ്വാമി പ്രത്യേക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സ്വാനും ടെലികോമും യൂണിടെക് വയര്‍ലെസും ഒാഹരികള്‍ വിറ്റ യുഎഇയിലിലെ എത്തിസാലത്തും നോര്‍വെ ആസ്ഥാനമായ ടെലിനോറും ആഭ്യന്തരമന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളാണെന്ന കാര്യം മറച്ചുവെച്ച ചിദംബരം ദേശസുരക്ഷയുടെ കാര്യത്തില്‍ ഗുരുതരമായ വിശ്വാസവഞ്ചനയാണ് ചെയ്തതെന്നും പറഞ്ഞിരിക്കുന്നു.
യൂണിഫൈഡ് ആക്സസ് സര്‍വീസസ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയശേഷം ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് വിറ്റതിലൂടെ സ്വാനും യൂണിടെക്കും കോടികളുടെ ലാഭമാണ് ഉണ്ടാക്കിയത്. ചിദംബരത്തിന്റെ പൂര്‍ണ അറിവോടെയായിരുന്നു ഈ നടപടിയെന്നും ജനതാപാര്‍ട്ടി അധ്യക്ഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: