എരുമേലി : കോടാനുകോടി ഭക്തജനങ്ങളെത്തിക്കൊണ്ടിരിക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ വളര്‍ച്ചയ്ക്കും യശ്ശസ്സിനും മൂലകാരണം അയ്യപ്പവിശ്വാസികള്‍ തന്നെയാണെന്നും അതുകൊണ്ട് തന്നെ ക്ഷേത്രകാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
മല അരയ സംയുക്തസമിതി എരുമേലിയില്‍ സംഘടിപ്പിച്ച പൊന്നമ്പലമേട്ടിലേക്ക് മകരദീപപ്രയാണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല ഭക്തജനങ്ങളുടെ വിശ്വാസത്തിന്റെയും സാമൂഹ്യനീതിയുടെയും ആചാരാനുഷ്ഠാനങ്ങളുടേയുമൊക്കെ ഉയര്‍ന്ന വികാരമാണ്. ഈ വികാരം വിശ്വാസമായി മാറിയതുകൊണ്ടാണ് ശബരിമലയിലേക്ക് തടസ്സങ്ങളെല്ലാം നീക്കി തീര്‍ത്ഥാടകര്‍ എത്തുന്നത്. മല അരയ സമൂഹവും ഇത്തരത്തില്‍ വിശ്വാസികളും ക്ഷേത്രആചാരങ്ങളുമൊക്കെ ഉള്ളവരുമായിരുന്നു. എന്നാല്‍ വനത്തില്‍ അധിവസിച്ചിരുന്ന ജനസമൂഹത്തിനെ ഇറക്കി വിട്ടതിന് ശേഷം ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്ര ആചാരങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുന്നത് നീതീകരിക്കാനാകില്ലെന്നും കുമ്മനം പറഞ്ഞു.
പൊന്നമ്പലമേടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവിടത്തെ മല അരയ സമൂഹം തന്നെയാണ്. ക്ഷേത്രഭരണം മാത്രം നിര്‍വ്വഹിക്കാന്‍ അധികാരമുള്ള ദേവസ്വം ബോര്‍ഡ് പൊന്നമ്പലമേട്ടിലെ തിരിതെളിക്കുന്ന മല അരയ സമൂഹത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും സംഘടിപ്പിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് ദേവസ്വം ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.
1950 ലെ ശബരിമല തീവയ്പ്പുകേസ് 83-ലെ നിലക്കല്‍ ഭൂമികയ്യേറ്റക്കഥ, പുല്ലുമേട് ദുരന്തം തുടങ്ങിയ കാര്യങ്ങളില്‍ സാമൂഹിക നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് അധികൃതര്‍ അന്ന് സ്വീകരിച്ചത്.
സമവായത്തിന്റെയും ചിന്തയുടെയും ഐക്യത്തിന്റെയും പാതയില്‍ നിന്നുകൊണ്ടുവേണം ശബരിമലക്ഷേത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങേണ്ടത്. ഇതിന് ഭരണക്കാര്‍ മാത്രം പോരാ, ക്ഷേത്രവിശ്വാസികളെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കുമ്മനം പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനമാണ് പൊന്നമ്പലമേട്. ഇവിടെ തിരിതെളിയിക്കുകയെന്നത് മല അരയസമൂഹത്തിന്റെ ആത്മാഭിമാനം തന്നെയാണ്. ശരണമന്ത്രമാകുന്ന ആയുധവുമായി വിശ്വാസത്തിലൂടെയാണ് പോരാട്ടത്തിനിറങ്ങുന്നതെന്നും കുമ്മനം പറഞ്ഞു. പൊന്നമ്പലമേട്ടില്‍ മല അരയസമൂഹത്തിന് തിരിതെളിയിക്കാന്‍ അനുവാദം കൊടുത്താല്‍ പോലും ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് യാതൊരുവിധ കുറവുമില്ലെന്ന് പന്തളം വിശാഖം തിരുനാള്‍ പി. രാമവര്‍മ്മ രാജ പറഞ്ഞു. ചടങ്ങില്‍ മകരദീപ പ്രയാണത്തിനുള്ള കെടാവിളക്ക് തെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ശബരിമലയിലെ പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിലേക്ക് പൂജാരിമാരെ അയച്ച് പൂജാകാര്യങ്ങള്‍ ചെയ്യാമെന്നുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് പറ്റിയതല്ല. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങള്‍ വിവാദമാക്കി റോഡിലിറങ്ങി സമരം ചെയ്യേണ്ടിവരുന്ന കാര്യം ശരിയായി തോന്നുന്നില്ല. ദേവസ്വം ബോര്‍ഡ് ഇത്തരത്തില്‍ ജനങ്ങളെ ഇറക്കിവിടുന്ന സമീപനവും നയവും തെറ്റണെന്നും അദ്ദേഹം റഞ്ഞു.
ചടങ്ങില്‍ സമിതി ചെയര്മാന് പി.കെ ഭാസ്കരന് അധ്യക്ഷതവഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ഇ.എസ് ബിജു, രാഹുല്‍ ഈശ്വര്‍, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.ബി ബാബു, ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി സുഗതന്, പി.ആര്.ഒ എം. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ദീപപ്രയാണം വിവിധ ആദിവാസി ക്ഷേത്രങ്ങളിലും കുടുംബകേന്ദ്രങ്ങളിലും സ്വീകരണം നല്കി. ജനവരി 15 ന് രാവിലെ 10 ന് കാളകെട്ടി ക്ഷേത്രത്തില്‍ നിന്നും ആചാരപരമായി പൊന്നമ്പലമേട്ടിലേക്ക് തിരി തെളിക്കാന്‍ പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: