ന്യൂദല്‍ഹി: 1993 ലെ ടെലികോം അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി സുഖ്റാം കോടതിയില്‍ കീഴടങ്ങി. ആംബുലന്‍സിലാണ് ഇദ്ദേഹം കോടതിയിലെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കായി തീഹാര്‍ ജയിലേക്ക് മാറ്റി.
സുഖ്റാം അബോധാവസ്ഥയിലാണെന്ന് വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ അഭിഭാഷകന് ദല്‍ഹി ഹൈക്കോടതില്‍ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസ് ഇന്നലെയാണ് പരിഗണിച്ചത്. വിചാരണ കോടതി മുമ്പാകെ കീഴടങ്ങിയില്ലെങ്കില്‍ സുഖ് റാമിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് ഉത്തരവിട്ട സാഹചര്യത്തിലാണ് അദ്ദേഹം കീഴടങ്ങിയത്. എന്നാല്‍ അദ്ദേഹം അബോധാവസ്ഥയിലല്ലെന്നും ശരീരത്തില്‍ സോഡിയത്തിന്റെ കുറവുകൊണ്ടുള്ള ക്ഷീണം മാത്രമേയുള്ളുവെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന മെട്രോ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.സന്ദീപ് ഛത്ര പറഞ്ഞു.
സിബിഐ സ്പെഷ്യല്‍ ജഡ്ജ് സഞ്ജീവ് ജയിനാണ് സുഖ്റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തീഹാര്‍ ജയിലിലെത്തുന്നതുവരെ ഡോക്ടര്‍മാര്‍ സുഖ്റാമിനെ അനുഗമിക്കണമെന്നും ജയിലില്‍ മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്നു ഹിമാചല്‍പ്രദേശ് സ്വദേശിയായ സുഖ്റാം. കേസെടുത്തതിനെത്തുടര്ന്ന സുഖ്റാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ടെടുത്തത് വന്‍ വാര്‍ത്തയായിരുന്നു.
അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഴിമതിക്കേസില്‍ സുഖ്റാമിന് കോടതിയില്‍ കീഴടങ്ങേണ്ടി വന്നത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: