തൃശൂര്‍: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. കേസില്‍ രണ്ടു ഘട്ടങ്ങളിലായി 12 പേരെ ചോദ്യം ചെയ്തതായും വിജിലന്‍സ് എസ്.പി. ശശിധരന് സമര്‍പ്പിച്ച 90 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമോയില്‍ ഇറക്കുമതി സമയത്ത് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് തള്ളിയ ജഡ്ജി പി.കെ.ഹനീഫ തുടരന്വേഷണത്തിന് വീണ്ടും ഉത്തരവിടുകയായിരുന്നു.
രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് കേസ് പിന്നീട് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. പാമോയില്‍ കേസിലെ പങ്ക് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് വകുപ്പ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്പിക്കുകയും ചെയ്തു.
1992ല്‍ ചട്ടങ്ങള്‍ ലംഘിച്ച് പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിന് രണ്ട് കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, ഗവണ്മെന്റ് സെക്രട്ടറി ജിജി തോംസണ്തുടങ്ങിയവര് ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതികള്‍. പരേതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും പ്രതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: