ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. 2008 ജനുവരിയില്‍ ചിദംബരം പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ പകര്‍പ്പും സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
2ജി സ്പെക്ട്രം ഇടപാടു കാലത്തു ധനമന്ത്രിയായിരുന്ന ചിദംബരവും ടെലികോം മന്ത്രി രാജയ്ക്കയച്ച കത്തുകള്‍, ഇരുവരും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍, അവയുടെ മിനിറ്റ്സുകള്‍, എത്തിസലാത്ത്, ടെലിനോര്‍ എന്നീ ടെലികോം കമ്പനികളെ ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്പ്പെടുത്തിയതാണെന്ന ചിദംബരത്തിന്റെ നിര്‍ദേശങ്ങള്‍ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണു ഹാജരാക്കിയത്.
കേസ് ഈ മാസം 21ന് പരിഗണിക്കാനായി കോടതി മാറ്റി. സ്പെക്ട്രം കേസില്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി നല്കിയ ഹര്‍ജിയാണ് പ്രത്യേക കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തേ ഈ രേഖകള്‍ കോടതിക്കു സ്വാമി കൈമാറിയിരുന്നു. എന്നാല്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
രേഖകള്‍ പരിശോധിച്ചു കൊണ്ടുള്ള വാദം കോടതിയില്‍ നടന്നു. മുന്‍ ടെലികോം മന്ത്രി എ. രാജയുമായി ചേര്‍ന്നു ചിദംബരം രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തിയെന്നു സ്വാമി ആരോപിച്ചു. താന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചെന്നു പിന്നീടു മാധ്യമപ്രവര്‍ത്തകരോടു സ്വാമി പറഞ്ഞു. രേഖകളില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. അതിനാല്‍ കൂടുതല്‍ സാക്ഷികളെ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: