പാലക്കാട്: സി.പി.എമ്മില്‍ മുന്പുണ്ടായിരുന്നതിനേക്കാള് ഐക്യം ശക്തിപ്പെട്ടുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായ സമ്മേളനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആരോഗ്യകരമായ നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്. ഇതു പാര്‍ട്ടിയിലെ ഐക്യം ശക്തിപ്പെട്ടതിന്റെ തെളിവാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നല്ല പ്രവര്‍ത്തനം നടത്തിയിട്ടും ഇടതുമുന്നണി തോറ്റു. എല്‍.ഡി.എഫില്‍ െഐക്യമില്ല എന്ന തോന്നലും തോല്‍വിക്കു കാരണമായി. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്ന പ്രചാരണം വ്യാപകമായി നടന്നു. മുസ്ലീം വിഭാഗത്തിന്റെ വലിയ പിന്തുണ നേടാനായില്ലെന്നും പിണറായി പറഞ്ഞു.
സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്. ഇടതുമുന്നണി അധികാരത്തില്‍ എത്തുന്നത് തടയാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജാതിമതശക്തികളെ കൂട്ടുപിടിച്ചു. മതസംഘടനകള്‍ കുറെയൊക്കെ യു.ഡി.എഫിന് വശംവദരായി. ഭരണത്തെ നിയന്ത്രിക്കുന്നത് ഇത്തരക്കാരാണ്. ചില പാര്‍ട്ടികള്‍ സ്വന്തമായി മന്ത്രിയെ നിശ്ചയിക്കുന്നതുവരെ എത്തി കാര്യങ്ങള്‍. എന്നാല്‍ ഇത്തരം ശക്തികളെ കൂട്ടുപിടിച്ചതിന്റെ വില ഇപ്പോള്‍ യു.ഡി.എഫ് നല്കി കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം യു.ഡി.എഫ് അട്ടിമറിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി. നാട്ടില്‍ കൊള്ളയും കൊള്ളിവയ്പും കൊലപാതകവും വര്‍ധിച്ചു. പോലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങള്‍ താറുമാറാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്. ലോക്പാല്‍ വിഷയത്തില്‍ ജനാധിപത്യത്തിന് ചേരാത്ത കള്ളക്കളിയാണ് കോണ്‍ഗ്രസ് നടത്തിയതെന്നും പിണറായി പറഞ്ഞു.
പിറവത്ത് ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനായിരുന്നു ശ്രമം. എന്നാല്‍ അത് നീട്ടാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പിണറായി ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: