ആലുവ: മണല്‍ -ബ്ലേഡ് മാഫിയകളുമായി ബന്ധമുള്ള പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ സ്ക്വാഡ് പിടികൂടിയ മണല്‍ ലോബിയില്പ്പെട്ടവരെ കേസെടുക്കാതെ വിട്ടയയ്ക്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസിലെ ചിലര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതുമായിബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വിവിധ ലോഡ്ജുകളില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്ക് മുറിയെടുത്ത് നല്കി മദ്യസേവവരെ നടത്തുന്നുണ്ടെന്ന് സൂചന ലഭിച്ചു. ഇത്തരത്തില്‍ മദ്യം നല്കി മയക്കുന്നതിനിടെയായിരിക്കും മണലുമായി ലോറികള്‍ പായുക. നെടുമ്പാശ്ശേരിക്കടുത്ത് മണല്‍ മാഫിയ തമ്പടിച്ചിരുന്ന ലോഡ്ജും കണ്ടെത്തിയിട്ടുണ്ട്. മണല്‍ കടത്തുന്ന വണ്ടിയുടെ മുന്നിലും പിന്നിലും അകമ്പടിവാഹനങ്ങളുണ്ടാകും. റോഡില്‍ ഏതെങ്കിലും തരത്തിലുള്ള പരിശോധനകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കലാണ് ഈ അകമ്പടി വാഹനങ്ങളിലുള്ളവരുടെ ഡ്യൂട്ടി. പരിശോധനകളെന്തെങ്കിലുമുണ്ടെങ്കില് മണല്‍ ലോറിമേറ്റ്വിടെക്കെങ്കിലും മാറ്റുകയാണ് ചെയ്യുന്നത്. മണല്‍ ചാക്കുകളിലാക്കി ടെമ്പോവാനുകളില്വരെ വ്യാപകമായി കടത്തുന്നുണ്ട്. ഒരു ദിവസം പലതവണകളായി ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മണലാണ് കടത്തുന്നത്. പോലീസുകാരുടെ കോണ്‍ഫ്രന്‍സുകളും മറ്റുമുള്ളദിവസങ്ങളിലാണ് കൂടുതലായി ഇത്തരത്തില്‍ കടത്തുന്നതെന്നും വിവിരം ലഭിച്ചിട്ടുണ്ട്.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ചില പോലീസുദ്യോഗസ്ഥരും ഈ മണല്‍ മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. ആലുവ റൂറല്‍ എസ്പി ഓഫീസിലെ ചിലരും മണല്‍ മാഫിയയെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഇപ്പോഴത്തെ എസ്പി തയ്യാറാകുന്നില്ല. ഇതേതുടര്‍ന്ന് ഈ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോള്‍ മണല്‍മാഫിയയോടുള്ള മനോഭാവം മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതുവരെ മണല്‍ മാഫിയയെ പിടികൂടിയാല്‍ ഈ ഉദ്യോഗസ്ഥരാണ് എസ്പി നിര്‍ദ്ദേശിച്ചിട്ടാണെന്നു പറഞ്ഞ് വിവിധ സ്റ്റേഷനുകളില്‍ നേരിട്ടെത്തി മണല്‍ മാഫിയയില്പെട്ടവരെ വിട്ടയക്കുന്നതിന് വേണ്ടതായ ഒത്താശ ചെയ്യുന്നത്. അതുപോലെ അനധികൃത പണമിടപാട് സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയസംഘത്തില്‍ നിന്നും പണപ്പിരിവുനടത്തിയതുമായി ബന്ധപ്പെട്ട് എസ്പി ഓഫീസ് കേന്ദ്രീകരിച്ച് ചിലര്‍ക്കെതിരെയും അന്വേഷണമുണ്ട്. ഇതിനു മുമ്പ് ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ഒരു എസ്പിയെ മറയാക്കിയാണ് ഇത്തരമൊരു കേസില്പ്പെട്ടയാളില് നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: