കാലടി : ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 8 ന് രാത്രി 8 മണി മുതല്‍ ജനുവരി 19 രാത്രി 8 മണി വരെയാണ് ഉത്സവം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളുവെന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
നടതുറപ്പ് മഹോത്സവ വേളയില്‍ ശ്രീ മഹാദേവനേയും ശ്രീപാര്‍വതീദേവിയേയും ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക് മംഗല്യ സൗഭാഗ്യവും ഇഷ്ടസന്താന ലബ്ധിയും ദീര്‍ഘ മംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരുമെന്നാണ് വിശ്വാസം. ഈ വേളയില്‍ ദര്‍ശനം നടത്തുന്നത് ഏറിയ പങ്കും സ്ത്രീകളായതിനാല്‍ പെരിയാറിന്റെ തീരത്തെ ഈ പുണ്യക്ഷേത്രത്തെ ‘സ്ത്രീകളുടെ ശബരിമല’ എന്ന് വിശേഷിപ്പിക്കുന്നു.
നടതുറപ്പ് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക് ക്യൂ നില്ക്കാവുന്ന തരത്തില്‍ 15000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് മെഡിക്കേറ്റഡ് വാട്ടര്‍ നല്‍കുന്നതിന് 150 ഓളം വാളന്റിയേഴ്സ് എപ്പോഴുമുണ്ടാകും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ 5 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മെയിന്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് കൈലാസം ഗ്രൗണ്ടില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് പ്രവര്‍ത്തിക്കും. സൗപര്‍ണ്ണിക, കൃഷ്ണഗിരി തുടങ്ങിയ പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. വാഴക്കുളത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിംഗ് സൗകര്യം, കെഎസ്ആര്‍ടിസി പാര്‍ക്കു ചെയ്യാന്‍ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപവും, ഇരുചക്രവാഹനങ്ങള്‍ക്കായി ഗൗരീശങ്കരം പാര്‍ക്കിംഗ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രമതിലിനകത്ത് 26000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരേ സമയം 1500 പേര്‍ക്ക് അന്നദാനം കഴിക്കാവുന്ന തരത്തില്‍ നലാന്റ അന്നദാന മണ്ഡപം സ്കൂളിന് മുന്‍വശത്ത് ഒരുക്കിയിട്ടുണ്ട്. തിരുവാതിരയുടെ പ്രാധാന്യത്തില്‍ നടതുറപ്പ് ദിനമായ 8ന് ഉച്ചക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവത്പ്രസാദമായി ഗോതമ്പ് കഞ്ഞിയും പുഴുക്കും നല്‍കും. ഈ വര്‍ഷം ഉമാമഹേശ്വര സ്വര്‍ണലോക്കറ്റ് നടതുറന്നതിനുശേഷം പൂജിച്ച് ഭക്തജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പവിത്രമായ ലോക്കറ്റുകള്‍ ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
അരവണ പ്രസാദവും അവല്‍നിവേദ്യവും തയ്യാറാക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന് നൂറ് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും കിണറുകളില്‍ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ലോറിനേഷന് നടത്തി. 12 ദിവസവും മെഡിക്കല്‍ സംഘം ക്ഷേത്രത്തിലുണ്ടാകും. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും ഓഫീസ് പ്രവര്‍ത്തനം നടതുറപ്പ് വേളയില്‍ തിരുവൈരാണിക്കുളത്തുണ്ടാകും. ലക്ഷ്മി ഹോസ്പിറ്റലിന്റെ സഹായത്തോടെ ഒരു സ്ഥിരം ആശുപത്രി ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ആര്. ശരത്ചന്ദ്രന് നായര്‍, സെക്രട്ടറി കെ.ജി. ദിലീപ്കുമാര്, പബ്ലിസിറ്റി കണ്‍വീനര്‍ പി. നാരായണന്, ട്രസ്റ്റ് അംഗങ്ങളായ പി. ഉണ്ണിക്കൃഷ്ണമേനോന്‍, പി.വി. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: