ഒരു രാജ്യാന്തര ചലച്ചിത്രോത്സവം കൂടി അവസാനിച്ചപ്പോള്‍ സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ നീറിപ്പിടിക്കുന്നത് സിനിമ പകര്‍ന്നു നല്കിയ കുറെ അനുഭവങ്ങളാണ്. മനസ്സിനെ പിടിച്ചു കുലുക്കിയ നല്ല സിനിമകള്‍ സമ്മാനിച്ചാണ് കേരളത്തിന്റെ പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവവും കൊടിയിറങ്ങിയത്. ചലച്ചിത്രോത്സവങ്ങളെല്ലാം അങ്ങനെയാണ്. തുടക്കത്തില്‍ വിമര്‍ശനങ്ങളുടെ വേലിയേറ്റമാകും. പക്ഷേ, അവസാനിക്കുമ്പോള്‍ ഓരോരുത്തരുടെയും ഉള്ളിലൊരു വിങ്ങല്‍….
എട്ടു ദിവസങ്ങളില്‍ സിനിമയെ മാത്രം സ്നേഹിച്ച്, സിനിമയെമാത്രം ആവാഹിച്ച്, മേറ്റ്ല്ലാം ഉപേക്ഷിച്ച് ജീവിക്കുന്നു. ഭക്ഷണം പോലും പ്രശ്നമല്ല. ലോകസിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഗഭാക്കാകുന്നു. ലോകമെങ്ങുമുള്ള മഹാന്മാരായ സിനിമാ പ്രവര്ത്തകരെക്കാണാനും അവരെ അടുത്തറിയാനും ശ്രമിക്കുന്നു. അവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മുസ്തഫാനൂറിയും പാബ്ലോപെരള്മാനും ഹമീദ് റാസ അലിഗോലിയനും ജാഫര്‍ പനാഹിയും അസ്ഗര്‍ ഫര്ഗാദിയുമൊക്കെയായിരുന്നു ചലച്ചിത്രമേളയിലെ ഇത്തവണത്തെ താരങ്ങള്‍. ഇവര്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളായിരുന്നു പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
വ്രതം നോറ്റു നടത്തുന്ന തീര്‍ത്ഥാടനം പോലെയാണിത്. ചലച്ചിത്രമേളയ്ക്കെത്താനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെയാരംഭിക്കുന്നു. എല്ലാതരം സിനിമാ പ്രേമികളും മേളയ്ക്കെത്താറുണ്ട്. വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും മുതല്‍ ഉന്നത പദവികളില്‍ ഉദ്യോഗത്തിലിരിക്കുന്നവര്‍ വരെ. കൃഷിക്കാരും വീട്ടമ്മമാരും വരെ. എല്ലാവരും ചലച്ചിത്രോത്സവത്തിന്റെ ഉത്സവഭൂമിയിലെത്തുന്നത് ഒരു മനസ്സോടെയാണ്. സിനിമയിലേക്ക് തുറന്നു പിടിച്ച മനസ്. ജാതിക്കും മതത്തിനും പക്ഷരാഷ്ട്രീയത്തിനും ഒന്നും അവിടെ സ്ഥാനമില്ല. എല്ലാവരുടെയും ജാതി സിനിമയാണ്. എല്ലാവരുടെയും പക്ഷം സിനിമയുടെ ഭാഗത്താണ്.
ചലച്ചിത്രമേളകളില്‍ രാഷ്ട്രീയം കലര്‍ത്തുന്നവരും ജാതിയുടെയും മതത്തിന്റെയും നിറങ്ങളിലൂടെ വീക്ഷിക്കുന്നവരുമുണ്ട്. അവരാരും നല്ല സിനിമയുടെ വക്താക്കളല്ല. അത്തരക്കാര്‍ എല്ലാ ചലച്ചിത്രമേളകളിലും എത്താറുണ്ട്. അവരാരും തീയറ്ററിനുള്ളില്‍ സിനിമ കാണാന്‍ കയറാറില്ല. തിയറ്ററുകള്‍ക്ക് പുറത്ത് ചുറ്റിത്തിരിയാനാണ് അവര്‍ക്കെല്ലാം താല്പര്യം.
സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്ക് തീര്‍ത്ഥാടനം നടത്തും. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ നിന്ന് നല്ലവ തെരഞ്ഞെടുത്ത് അതുകാണും. ഒരു സിനിമ കണ്ടുകഴിഞ്ഞാല്‍ അടുത്തതിനായുള്ള പരക്കംപാച്ചിലാണ്. മേളയിലെ നല്ല സിനിമകള്‍ പുറത്തറിയുന്നത് പ്രതിനിധികള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ്. അത്തരം ചര്‍ച്ചകളിലൂടെ പ്രചരിച്ച കുറെ നല്ല സിനിമകള്‍ തന്നെയാണ് പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നേട്ടവും വിജയവും.
സിനിമയെന്ന വിളിപ്പേരിനുള്ളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും എല്ലാം. പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം ലഭിച്ചത് ഏതു ചിത്രത്തിനുമായിക്കോട്ടെ. എന്നാല്‍ നല്ല കാഴ്ചാനുഭവവും സംവേദനാനുഭവവും സമ്മാനിച്ച ചലച്ചിത്രങ്ങള്‍ ഏറെയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മെക്സിക്കോയില്‍ നിന്നുള്ള ‘ദി പെയിന്റിംഗ് ലെസ്സണ്‍’ എന്ന ചലച്ചിത്രം.
പാബ്ലോ പെരള്മാന് സംവിധാനം ചെയ്ത ‘പെയിന്റിംഗ് ലെസ്സണ്‍’ അസാധാരണമായ സിദ്ധികളുള്ള ഒരു കുട്ടിയുടെ ജീവിതം മനോഹരമായി ആവിഷ്ക്കരിക്കുന്നു. ചിലിയിലെ കലാപകാലത്ത് പതിമൂന്നാം വയസ്സില്‍ അപ്രത്യക്ഷനാകുന്ന കുട്ടി വരച്ച അപൂര്‍വ ചിത്രങ്ങള്‍ വിസ്മയം ജനിപ്പിക്കുന്നു. കുട്ടി ജീവിച്ചിരുന്നെങ്കില്‍ എത്രയോ വലിയ ചിത്രകാരനാകുമായിരുന്നു എന്നാണ് അവന്റെ പിതാവും വിശ്വസിക്കുന്നത്. 1973ലെ സൈനിക അട്ടിമറിയുടെ കാലത്ത് ചിലിയില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. കമ്യൂണിസം, ചിലിയുടെ സൗന്ദര്യം, പട്ടിണി ഇവയെല്ലാം ചിത്രത്തിലൂടെ കടന്നുവരുന്നുണ്ട്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചു.
‘ദിസ് ഈസ് നോട്ട് എ ഫിലിം’ എന്ന ഇറാനിയന്‍ ചലച്ചിത്രമാണ് മേളയിലെ ശ്രദ്ധനേടിയ മറ്റൊന്ന്. ഇറാനിലെ വിമത ശബ്ദത്തിനുടമയായ ജാഫര്‍ പനാഹിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സ്വഭാവമുള്ള ചലച്ചിത്രമാണിത്. ജാഫര്‍ പനാഹി ഇപ്പോള്‍ ഇറാനില്‍ വീട്ടുതടങ്കലിലാണ്. സിനിമയെടുക്കാന്‍ ഇറാന് അധികാരികള്‍ 20 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ ജാഫര്‍ പനാഹിയുടെ ഒരു ദിവസം അതിസാഹസികമായി ചിത്രീകരിച്ച വിവാദചിത്രമാണ് ‘ദിസ് ഈസ് നോട്ട് എ ഫിലിം’. വീട്ടുതടങ്കലിലുള്ള പനാഹി ജീവിതം അടയാളപ്പെടുത്തുന്ന ചിത്രം ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തി.
തടവില്‍ കഴിയുന്ന വീട്ടില്‍ സുഹൃത്തുമായി നടത്തുന്ന സംഭാഷണവും മറ്റും ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫ്ലാഷ് ്രെഡെവ് ജന്മദിന കേക്കിനുള്ളില്‍ ഒളിപ്പിച്ചാണ് ഇറാനു പുറത്തെത്തിച്ചത്. പനാഹിയിലെ ചലച്ചിത്രകാരനെ കൊല്ലാനുള്ള അധികാരികളുടെ തീരുമാനത്തെ സ്വന്തം മാധ്യമത്തിലൂടെ പ്രതിരോധിക്കുന്ന ചിത്രം ലോകമെമ്പാടും ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇറാനിയന്‍ നവതരംഗ സിനിമയുടെ വക്താവായ പനാഹിയുടെ ചിത്രങ്ങള്‍ കേരളത്തിലെ സിനിമാസ്വാദകര്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ദ മിറര്‍, സര്‍ക്കിള്‍, ഓഫ്സൈഡ് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലെ വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ത്രീ ഡിയില്‍ ചിത്രീകരിച്ച ആദ്യ ഡോക്യുമെന്ററി ചിത്രം കൂടിയാണിത്.
ശരീരത്തിന്റെ വിനിമയ സാധ്യതകള്‍ സൂക്ഷ്മമായി ആവിഷ്കരിച്ച തുര്‍ക്കിയില്‍ നിന്നുള്ള ‘ബോഡി’യാണ് ചലച്ചിത്രമേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചലച്ചിത്രം. വില്പനയ്ക്കു വിധേയമാക്കുന്ന ശരീരവും പ്രണയത്തിന് സമര്‍പ്പിക്കപ്പെടുന്ന ശരീരവും ആഹാരത്തിനുവേണ്ടിമാത്രം സൂക്ഷിക്കുന്ന ശരീരവും സിനിമയിലെ പ്രതിപാദ്യവിഷയങ്ങളാകുന്നു. ശരീരങ്ങളുടെ കഥപറയുന്നതിലൂടെ ബന്ധങ്ങളുടെ ശൈഥില്യവും മാതാപിതാക്കളുടെ ഇടപഴകലിലൂടെ കുട്ടികളനുഭവിക്കേണ്ടി വരുന്ന വേദനകളും പ്രണയത്തിന്റെ നഷ്ടങ്ങളും നേട്ടങ്ങളുമൊക്കെയാണ് സിനിമ അനുഭവിപ്പിക്കുന്നത്. അമിതാഹാരം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ സൃഷ്ടിക്കുന്ന ആരോഗ്യവും സാമൂഹ്യവുമായ പ്രശ്നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. മുസ്തഫ നൂറിയാണ് ചിത്രത്തിന്റെ സംവിധായകന്.
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ ചിത്രം ‘നാദിര്‍ ആന്റ് സെമിന് എ സെപ്പറേഷന്‍’ ആണ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച മറ്റൊരു ചലച്ചിത്രം. മനുഷ്യബന്ധങ്ങളുടെ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് അസ്ഗര്‍ ഫര്‍ഹാദിയാണ്. അദ്ദേഹത്തിന്റെ ‘എബൗട്ട് എല്ലി’ എന്ന ചിത്രം 2009ല്‍ തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ഏറെ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നാദര്‍ ആന്റ് സിമിന്, എ സെപ്പറേഷന്‍’. പലതരത്തില്‍ മനുഷ്യ ജീവിതത്തിന്റെ ഭാവങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്യുകയാണിതില്‍ എന്നതാണ് പ്രത്യേകത.
വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകകളും കുട്ടികളുടെ ജീവിതത്തെ ഏതു തരത്തിലാണ് ബാധിക്കുന്നതെന്ന് ഒരു മുതിര്‍ന്ന കുട്ടിയിലൂടെയും മറ്റൊരു അഞ്ചു വയസ്സുകാരിയിലൂടെയും കാട്ടിത്തരുന്നു. ഇറാന്റെ അസ്വാതന്ത്ര്യം പെരുകുന്ന സാമൂഹ്യ വ്യവസ്ഥയില്‍നിന്ന് പുറത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെക്കുറിച്ചും സിനിമ പ്രതിപാദിക്കുന്നു. ലോകമെങ്ങുമുള്ള ജീവിതങ്ങളില്‍നിന്ന് വൃദ്ധജനങ്ങളെ പരിചരിക്കാന്‍ മടികാട്ടുന്നവരുടെ കഥകളാണ് പുറത്തു വരുന്നത്. എന്നാല്‍ അതിനു വ്യത്യസ്തമായി രോഗബാധിതനായ സ്വന്തം പിതാവിനെ പരിചരിക്കാന്‍ സ്വന്തം സുഖങ്ങളുപേക്ഷിക്കാന് തയ്യാറാകുന്ന മകനെ അവതരിപ്പിക്കുന്ന ‘നാദര്‍ ആന്റ് സിമിന്, എ സെപ്പറേഷന്‍’ എന്ന സിനിമയില്‍. അതിനെല്ലാം ഉപരിയായി ഒരു വിവാഹ ജീവിതത്തിന്റെ പിരിഞ്ഞുപോകല്‍ സമൂഹത്തില്‍ ആര്‍ക്കെല്ലാം പ്രശ്നങ്ങളായി ഭവിക്കുന്നു എന്നതാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. മതനിയമങ്ങള്‍ ഇത്രത്തോളം കഠിനമായി അടിച്ചേല്പിക്കപ്പെടുന്ന ഇറാന് പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചര്‍ച്ചയ്ക്കു സമര്‍പ്പിക്കുന്നുണ്ട്.
പ്രത്യേക പാക്കേജുകളില്‍ പ്രേക്ഷക പ്രശംസ നേടാന്‍ കഴിഞ്ഞത് ‘അറബ് വസന്ത’ത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കാണ്. അറബ് നാടുകളിലുണ്ടായ മുല്ലപ്പൂ വിപ്ലവത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ഈ ചിത്രങ്ങളെല്ലാം. ഫുട്ബാള്കളിയുമായി ബന്ധപ്പെട്ടുള്ള ഏഴു സിനിമകളും നല്ല നിലവാരത്തിലുള്ളതായിരുന്നു. ജപ്പാനില്‍ നിന്നുള്ള കയ്ദാന്‍ ഹൊറര്‍ ക്ലാസ്സിക്കുകള്‍ ഈ ചലച്ചിത്രമേളയുടെ പ്രത്യേകതയായിരുന്നു. പ്രേക്ഷകര്‍ ഈ ചിത്രങ്ങളില്‍ പുതുമ കണ്ടെത്തി. കൊളമ്പിയ സിനിമ ‘ദി കളേഴ്സ് ഓഫ് ദി മൗണ്ടൈന്‍സ്’, ഇറാന് സിനിമ ‘ഫ്ലമിംഗോ നമ്പര്‍ 13’, മെക്സിക്കന്‍ ചലച്ചിത്രം ‘എ സ്റ്റോണ്‍സ് ത്രോ എവെ’ എന്നിവയും മികച്ച നിലവാരം പുലര്‍ത്തിയ സിനിമകളാണ്.
ചലച്ചിത്രമേളയിലെ നല്ല സിനിമകളൊന്നും തിരശ്ശീലയിലെ പ്രദര്‍ശനത്തോടെ അവസാനിക്കുന്നില്ല. ഓരോ പ്രേക്ഷകന്റെ മനസ്സിലും അവയെല്ലാം പുതുമയോടെ അനുഭവപ്പെട്ടുകൊണ്ടേയിരിക്കും. തീര്‍ത്ഥാടന കാലം അവസാനിപ്പിച്ച മേളപ്പറമ്പിന്റെ പടിയിറങ്ങിക്കഴിഞ്ഞും ഇവിടെക്കണ്ട സിനിമകളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. അത്തരം നിരവധി അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഒസാമയും ഗെറ്റിംഗ് ഹോമും ഗുഡ്ബൈ ലെനിനും എബൗട്ട് എല്ലിയും വയലിനും ജാപ്പാനീസ് വൈഫും ആന്റിക്രൈസ്റ്റും…..അങ്ങനെ എത്രയെത്ര സിനിമകള്‍, അവയിലെ ദൃശ്യങ്ങള്‍…. നമ്മുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അതു തന്നെയാണ് ചലച്ചിത്രോത്സവം നിര്‍വഹിക്കുന്ന ദൗത്യം. അപ്പോള്‍ മാത്രമാണ് ചലച്ചിത്രമേളകള്‍ വിജയത്തിലെത്തുന്നതും.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: