ട്രിപ്പോളി: വിമതര്‍ പിടികൂടി വധിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മൃതദേഹം ഒരു ഇറച്ചിക്കടയിലെ ഫ്രീസറിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ശവസംസ്കാരം സംബന്ധിച്ച് അവ്യക്തത തുടരുന്നതിനാലാണ് മൃതദേഹം ഇപ്രകാരം സൂക്ഷിച്ചിരിക്കുന്നത്. ഗദ്ദാഫിയുടെ പതനത്തോടു കൂടി ലിബിയയില്‍ ജനാധിപത്യത്തിന്റെ പുതുവസന്തം വിടരുമെന്നുള്ള പ്രതീക്ഷയിലാണ് വിമതര്‍. ഇതേസമയം ഗദ്ദാഫി കൊല്ലപ്പെട്ടത ങ്ങനെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. അഴുക്കു ചാലിന് സമീപമുള്ള സങ്കേതത്തില്‍ നിന്നും പിടി കൂടിയ ഉടന്‍ തന്നെ അദ്ദേഹത്തിന് നേര്‍ക്ക് വിമതര്‍ വെടിയുതിര്‍ക്കുക യായിരുന്നുവെന്നും എന്നാല്‍ അതല്ല പരിക്കേറ്റ ഗദ്ദാഫിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തലയ്ക്ക് വെടിയേറ്റാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം നാറ്റോ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഗദ്ദാഫി കൊല്ലപ്പെട്ടതെന്നും അഭിപ്രായമുണ്ട്. നാലു പതിറ്റാണ്ടിലേറെ ലിബിയ അടക്കി വാണിരുന്ന ഗദ്ദാഫിയുടെ അവസാന രംഗങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. ദേഹമാസകലം ചോരപുരണ്ട ഗദ്ദാഫിയെ വിമതര്‍ വലിച്ചിഴക്കുന്നതും , “ഡോണ്ട് ഷൂട്ട്” എന്ന് അദ്ദേഹം വിലപിക്കുന്നതും വീഡിയോയിലുണ്ട്. ഒരു വെടിയൊച്ചയോടു കൂടി ഒടുവില്‍ ഈ ദൃശ്യങ്ങള്‍ നിശ്ചലമാകുന്നു. എന്നാല്‍ ഗദ്ദാഫിക്ക് എവിടെയാണ് വെടിയേറ്റതെന്നോ ആരാണ് വെടിവെച്ചതെന്നൊ ഉള്ള വസ്തുതകള്‍ ഈ ദൃശ്യങ്ങളിലില്ല.
എന്നാല്‍ വയറും വന്‍കുടലും തുളച്ചു കയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് ഗദ്ദാഫിയുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വയറിന് വെടിയേറ്റ ഗദ്ദാഫിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹത്തിന്റെ തലയ്ക്കും വെടിയേറ്റിരുന്നു. പിന്നീട് പുറത്തുവിട്ട മൃതദേഹത്തിന്റെ ദൃശ്യങ്ങളില്‍ തലയുടെ വലതു ഭാഗത്ത് വെടിയേറ്റതിന്റെ അടയാളം വ്യക്തമാണ്. സിര്‍തെ നഗരത്തോട് ചേര്‍ന്നുള്ള ഒരു അഴുക്കു ചാലിനരികിലാണ് ഗദ്ദാഫി അഭയം തേടിയിരുന്നതെന്നും ലിബിയന്‍ ജനതയെ എലികളെന്ന് വിശേഷിപ്പിച്ചിരുന്ന ഏകാധിപതി ഒടുവില്‍ ഒരു പെരുച്ചാഴിയെപ്പോലെ അഴുക്ക് മാളത്തില്‍ ഒളിഞ്ഞിരിക്കുകയായിരുന്നുവെന്നും വിമതര്‍ പറഞ്ഞു. ഗദ്ദാഫിക്കൊപ്പമുണ്ടായിരുന്ന അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്. നാറ്റോ സിര്തെയില് നടത്തിയ വ്യോമാക്രമണത്തില്‍ ഗദ്ദാഫിക്ക് പരിക്കേറ്റതായി അറിവില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനിടെ ഗദ്ദാഫിയുടെ മൃതദേഹം മതാചാരങ്ങളോടു കൂടി തന്നെ സംസ്കരിക്കുമെന്ന് ലിബിയന്‍ വിമതരുടെ ഔദ്യോഗിക സംഘടനായ ദേശീയ പരിവര്‍ത്തന സമിതി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു മുസ്ലീം എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ചടങ്ങുകളും അദ്ദേഹത്തിന്റെ സംസ്കാരത്തിനൊ രുക്കുമെന്നും ഒരു മുസ്ലീം ഖബറിടത്തില്‍ മൃതദേഹം മറവു ചെയ്യുമെന്നും സമിതി കമാന്റര്‍ അബ്ദുള്‍ സലാം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: