മടിയിലിരുത്തി മുത്തശ്ശി പറയുന്ന കഥകള്‍ അവനെന്നും പ്രിയപ്പെട്ടതായിരുന്നു. മനസിന്റെ ഉള്ളറകളില്‍ ആ കഥാപാത്രങ്ങളെ അവന് കോറിയിട്ടു. ഇടയ്ക്കെപ്പോഴൊക്കെയോ അവയ്ക്ക് ജീവന് വയ്ക്കും. മുത്തശ്ശിയുടെ മടിയില്‍ കിടന്നുകൊണ്ട് അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ ആകാശനീലിമയുടെ ഫ്രെയിമില്‍ ആ കഥാപാത്രങ്ങള്‍ ഒഴുകിയെത്തും. രാജാവും രാജ്ഞിയും യുദ്ധവും പ്രണയവുമെല്ലാം അവിടെ മിന്നിമറയും. അന്നും മനസിന്റെ ചിന്തകള്‍ക്കും കാണുന്ന കാഴ്ചകള്‍ക്കും രവിവര്‍മ്മ ചിത്രത്തിന്റെ നിറമുണ്ടായിരുന്നു.
സന്തോഷ് ശിവന് – ഇന്ത്യന്‍ സിനിമയില്‍ വിശേഷണമോ വിശദീകരണമോ ആവശ്യമില്ലാത്ത കലാകാരന്. പുതിയൊരു ദൃശ്യസംസ്കാരം തന്നെ സിനിമയില്‍ സന്നിവേശിപ്പിച്ച ഛായാഗ്രാഹകന്‍. സംവിധായകനായും ഛായാഗ്രാഹകനായും കാഴ്ചയുടെ നിറം ചാലിച്ച ജീവിതത്തിലേക്ക് പ്രേക്ഷകരെ നയിച്ച സന്തോഷ് ശിവന് താന്‍ ഏറെ ഇഷ്ടപ്പെടുന്ന രവിവര്‍മ്മയായി ‘മകരമഞ്ഞിലൂടെ’ തിരശീലയിലെത്തി നമ്മെ വീണ്ടും വിസ്മയിപ്പിക്കുന്നു.
സാങ്കേതിക പദങ്ങളുടെ അര്‍ത്ഥവ്യത്യാസങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കുമപ്പുറമാണ് പ്രതിഭകളുടെ മൗലിക സൃഷ്ടികളുടെ സ്ഥാനം. സന്തോഷ് ശിവന് ക്യാമറയിലൂടെ വെളിച്ചത്തിന്റെ നൃത്തം കണ്ടു, ഇരുട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞു, വെളിച്ചത്തെപ്പോലെ തന്നെ നിഴലിനെയും പ്രണയിച്ചു.
സിനിമയെന്ന മനോഹരഭൂമികയിലെ സ്വപ്നമോഹങ്ങളുടെ അതിരുകള്‍ വിശാലമാണ്. വഴിയോരക്കാഴ്ചകള്‍ തേടി നടന്ന കുട്ടിയില്‍ നിന്നും ആഗ്രഹങ്ങളെ അഗാധതയിലേയ്ക്ക് തുറന്ന് വിട്ട് വെളിച്ചവും ദൃശ്യവും വഴികാട്ടിയ പാതയിലൂടെ അവന് നടന്നു; കൂടെ ക്യാമറയും. കാണാത്ത കാഴ്ചകളും അറിയാത്ത സൗന്ദര്യവും ഒപ്പിയെടുത്ത ക്യാമറ എന്നും ലഹരി പകര്‍ന്നു. ഭാഷയും ദേശവും വഴിമാറി നിന്നു. മലയാളവും തമിഴും കന്നടയും ഹിന്ദിയും ഇംഗ്ലീഷും കീഴടക്കി പരീക്ഷണങ്ങള്‍ തേടി ആ യാത്ര ഇന്നും തുടരുന്നു…
ുവീ്ഴൃമുവ്യ ശെ മ ഷീൗൃില്യ; മ ഷീൗൃില്യ വേമേ വമെ ് യല ഹശ്ലറ ംശവേ ുമശ്ി
വര്‍ണ്ണങ്ങള്‍ ഭ്രമിപ്പിച്ച കുട്ടിക്കാലം
ഒരുപാട് സ്വാതന്ത്ര്യമനുഭവിച്ച കുട്ടിക്കാലമായിരുന്നു എന്റേത്. എനിക്ക് എന്താകാനാണോ ആഗ്രഹം അതായിത്തീരാം എന്ന സ്വാതന്ത്ര്യം. അമ്മൂമ്മ പറഞ്ഞു തന്ന രാജാക്കന്മാരുടെ കഥകളും യക്ഷിക്കഥകളുമൊക്കെ കേട്ടാണ് വളര്‍ന്നത്. ഈ കഥകളൊക്കെ ഞാന്‍ മനസില്‍ വിഷ്വലൈസ് ചെയ്യുമായിരുന്നു. അതായിരുന്നു എന്റെ ആദ്യ വിഷ്വല്‍ എജ്യോൂക്കേഷന്‍.
ചെറുപ്പത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച സംഭവമായിരുന്നു ഹരിപ്പാട്ടെ ഉത്സവം. തിരുവനന്തപുരം ലയോള സ്കൂളിലെ ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്നും കളര്‍ഫുള്‍ ലോകത്തിലേക്കുള്ള യാത്രയായിരുന്നു എനിക്ക് ഉത്സവം. കഥകളി, വേലകളി, മേളം, മേയ്ക്കപ്പുകള്, ആനകള്‍… എന്റെ കുട്ടിമനസിനെ നിറം പിടിപ്പിക്കാന്‍ പര്യാപ്തമായിരുന്നു അവയൊക്കെ. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള എന്നെ പാരമ്പര്യത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങള്‍ ഭ്രമിപ്പിച്ചിരുന്നു. ഈ റിലേറ്റീവ് സ്റ്റഡി പിന്നീടും ജീവിതത്തില്‍ സ്വാധീനം ചെലുത്തി.
എന്റെ ഓര്‍മ്മയിലുള്ള ആദ്യത്തെ ഫോട്ടോ അനുഭവം അമ്മൂമ്മയുടെ അനിയത്തിയുടെ പടം എടുത്തപ്പോഴുണ്ടായതാണ്. അത് മാസികകളിലൊക്കെ അച്ചടിച്ചുവന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ബഷീറിന്റെയും അച്യുതമേനോന്റെയും പടങ്ങള്‍ എടുത്തു. ബന്ധുക്കളുടെയും കൂട്ടുകാരുടെയുമൊക്കെ പടങ്ങള്‍ എടുക്കുമായിരുന്നു. ഇതൊക്കെ ആയിരുന്നു ആദ്യകാലത്തെ ക്യാമറ അനുഭവങ്ങള്‍. എന്നെ ഞാനാക്കിയതില്‍ കുടുംബത്തിന് പ്രധാനപ്പെട്ട പങ്കാണുള്ളത്. എനിക്ക് പറഞ്ഞുതരാനും തെറ്റുകള്‍ തിരുത്താനും ഛായാഗ്രാഹകനായ അച്ഛന് ഉണ്ടായിരുന്നു; എന്റെ ഗുരുവായി. എങ്കിലും ഫോട്ടോഗ്രാഫിയില്‍ താത്പര്യം വരുന്നത് പിന്നീടാണ്. അടിസ്ഥാനപരമായി അതിനുള്ള സാഹചര്യം ഉണ്ടായിരുന്നതിനാല്‍ കാമറയിലേക്ക് പതിയെ മനസ് ഫോക്കസ് ചെയ്യുകയായിരുന്നു.
കാഴ്ചപ്പാടുകള്‍ വിശാലമാക്കിയ പൂനെ
പൂനെയിലെ പഠനം സിനിമയെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ പകര്‍ന്നുതന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ആള്‍ക്കാരെ പരിചയപ്പെട്ടു. ഇന്നത്തെപ്പോലെ ലോകസിനിമകള്‍ കാണാന്‍ അവസരമില്ലാത്ത അന്ന് പൂനെയിലെ പഠനം അനുഗ്രഹമായിരുന്നു. അവിടെ ലോകസിനിമയുടെ ഒരു വലിയശേഖരം തന്നെ ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറത്തുനിന്നുമുള്ള സിനിമകള്‍ നമ്മള് കാണണമെങ്കില്‍ നമ്മുടെ സിനിമകള്‍ അവരും കാണേണ്ടതല്ലെ എന്ന സംശയം എന്നില്‍ ആദ്യമേ ഉണ്ടായിരുന്നു. പിന്നീട് ടെററിസ്റ്റ്, ബിഫോര്‍ ദ റെയ്ന്‍സ്, ഉറുമി തുടങ്ങിയ എന്റെ ഒട്ടനവധി സിനിമകള്‍ പുറത്തും റിലീസായി.
ജീവിതത്തില്‍ പണമോ മറ്റ് നേട്ടങ്ങളോ ലഭിക്കാനല്ല ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്. ക്യാമറയോട് വല്ലാത്ത അഭിനിവേശമായിരുന്നു. നമ്മള് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് സന്തോഷമായിട്ട് ചെയ്യുക എന്നതാണ്. സ്നേഹം കൊണ്ട് ചെയ്യുന്ന പ്രവൃത്തിയുടെയും പണത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയുടെയും ഗുണങ്ങള്‍ വ്യത്യസ്തമായിരിക്കും.
തെറ്റുകള്‍ സ്വയം തിരുത്തുക
പൂനെയിലെ പഠനത്തിനുശേഷം ഞാന്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. തെറ്റുകള്‍ സ്വയം തിരുത്തുക എന്നതാണ് ഏറ്റവും നല്ല പഠനം. അപ്പോഴേ പ്രവൃത്തികളില്‍ പരീക്ഷണസ്വഭാവം കടന്നുവരൂ. അല്ലാതെയുള്ള പഠനങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് എക്സ്പീരിയന്‍സാണ്. ക്ലാസില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഒരുപോലെയായിരിക്കും. എന്നാല്‍ ഏറ്റവും പ്രധാനമായിട്ടുള്ള ഫസ്റ്റ് ഹാന്‍ഡ് എജ്യോൂക്കേഷന്‍ നമ്മളില്‍ തന്നെ ഉള്ളതാണ്. നമ്മുടെ യാത്രയും, അനുഭവങ്ങളും , മറ്റുള്ളവരുമായുള്ള ഇടപഴകലും, നമ്മള് എന്തൊക്കെ എക്സ്പോസ് ആയി എന്നുള്ളതൊക്കെയാണ് നമ്മളെ നിര്‍ണയിക്കുന്നത്. എന്നും ഒരു വിദ്യാര്‍ത്ഥി ആയിരിക്കുക എന്നതാണ് പ്രധാനം. സാങ്കേതിക വിദ്യകള്‍ക്കപ്പുറത്തേക്ക് നമ്മുടെ താത്പര്യം പരിവര്‍ത്തനപ്പെട്ടില്ലെങ്കില്‍ ഇതും ഒരു തൊഴില്‍ മാത്രമാണ്. നിരീക്ഷണമാണ് പ്രധാനം.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്….
സിനിമയില്‍ ഞാന്‍ ആദ്യമായി ക്യാമറ ചലിപ്പിക്കുന്നത് 86ല്‍ പുറത്തിറങ്ങിയ നിധിയുടെ കഥയ്ക്കാണ്. ആദ്യം സംവിധാനം ചെയ്ത സ്റ്റോറി ഓഫ് തില്‍ബു എന്ന ഡോക്യുമെന്ററിക്ക് 88ല്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ആദിത്യ ഭട്ടാചാര്യയാണ് എന്നെ ആദ്യമായി ഹിന്ദിയിലേക്ക് വിളിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത അമിര്‍ഖാന്‍ നായകനായ റാക്ക് ആണ് ആദ്യ ഹിന്ദി ചിത്രം. പിന്നീട് മണിരത്നത്തിന്റെ കൂടെ ദളപതി, മലയാളത്തില്‍ വഴിയോര കാഴ്ചകള്‍, അഹം, യോദ്ധ, പവിത്രം, ഗാന്ധര്‍വം, നിര്‍ണയം, വാനപ്രസ്ഥം തുടങ്ങി ഒരുപാട് സിനിമകള്‍. എയ്ഡ്സ് ബോധവത്കരണ ക്യാംപയിനുവേണ്ടി പ്രാരംഭ എന്ന ഡോക്യുമെന്ററി, കേരളത്തിനു വേണ്ടി ടൂറിസം ആഡ്, തമിഴില്‍ ടെററിസ്റ്റ്, ബിഫോര്‍ ദ റെയ്ന്‍സ് എന്ന ഹോളിവുഡ് ചിത്രം, ഹിന്ദിയില്‍ ദില്‍സേ, അശോക എന്നിവ ചെയ്തു. വീണ്ടും മണിരത്നത്തോടൊപ്പം ഇരുവരും രാവണും മലയാളത്തില്‍ അനന്തഭദ്രവും ഉറുമിയും സംവിധാനം ചെയ്തു. വിവിധ ഭാഷകളിലായി നാല്പത്തഞ്ചോളം സിനിമകളില്‍ പങ്കാളിയായി. അത്രത്തോളം തന്നെ ഡോക്യുമെന്ററികളും ചെയ്തു.
ക്യാമറയ്ക്കു മുന്നില്‍ രവിവര്‍മ്മയായി
മേക്കപ്പിട്ട് ആദ്യമായാണ് കാമറയ്ക്കു മുന്നിലെത്തിയ്ത്. അഭിനയത്തില്‍ നമ്മള് മാറിക്കൊണ്ടിരിക്കും. ഓരോ പ്രാവശ്യവും ഓരോ വേഷം. അഭിനയിക്കണം എന്ന മോഹമൊന്നുമില്ല എനിക്ക്. ചെറുപ്പത്തിലേ പെയിന്റിംഗില്‍ താത്പര്യമുണ്ടായിരുന്നു. അനന്തഭദ്രത്തില്‍ രവിവര്‍മ്മ ചിത്രം പോലൊരു പാട്ടുസീന്‍ ചെയ്തു. പെയിന്റിംഗും ഛായാഗ്രഹണവും തമ്മില്‍ സാമ്യമുണ്ട്. രവിവര്‍മ്മയും അന്വേഷിച്ചത് ലൈറ്റിനെ കുറിച്ചൊക്കെയാണ്. നമുക്ക് താത്പര്യമുള്ള ഒരാളായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്തു എന്നുമാത്രം. അഭിനയം തുടര്‍ന്നുപോകുമെന്നൊന്നും കരുതുന്നില്ല. സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടം സംവിധാനമാണ്. സിനിമാറ്റോഗ്രഫി രണ്ടാമതായി മാറി. കാരണം ഒരു സിനിമ ചെയ്യുമ്പോള്‍ അത് സിനിമാറ്റോഗ്രഫിയിലേക്ക് ചിന്തിക്കേണ്ട ആവശ്യമില്ല. എന്നില്‍ അത് സ്വാഭാവികമായും വരും.
മോനേ, നിനക്കെന്താടാ ദേശീയ അവാര്‍ഡൊന്നും കിട്ടാത്തെ ?
റാക്കിനു ശേഷം ഞാന്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യുന്ന സമയത്ത് ഒരിക്കല്‍ അമ്മ ചോദിച്ചു. “നീയെന്താടാ നിന്റെ പടത്തിന് ദേശീയ അവാര്‍ഡൊന്നും വാങ്ങിക്കാത്തത് ? ” ഞാന്‍ പറഞ്ഞു ‘ഡോക്യുമെന്ററിക്ക് കിട്ടിയിട്ടുണ്ടല്ലോ’. “അല്ലടാ, സിനിമാറ്റോഗ്രഫിക്ക് നിനക്കൊരു ദേശീയ അവാര്‍ഡ് വേണ്ടേ ? ” – അമ്മ വീണ്ടും. അടുത്ത സിനിമ ‘ പെരുന്തച്ചന്’ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് നാലെണ്ണമൊക്കെ കിട്ടിയപ്പോഴേക്കും അതിലെ താത്പര്യവും പോയി.
അവാര്‍ഡ് എന്നു പറയുമ്പോള്‍ അത് തീരുമാനിക്കുന്ന ആള്‍ക്കാര്‍ക്ക് അന്നെന്താണോ ഇഷ്ടം അവര്‍ അതിന്റെ കൂടെ നില്ക്കുന്നു എന്നുള്ളതാണ്. എല്ലാം വേറെ വേറെ സിനിമകളല്ലേ. അവാര്‍ഡ് ലഭിക്കാത്ത സിനിമകള്‍ നല്ലതല്ല എന്നര്‍ത്ഥമില്ല. എന്റെ സിനിമകള്‍ ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതു തന്നെ വലിയൊരു അംഗീകാരമാണ്.
(1991ല്‍ പെരുന്തച്ചനിലൂടെയാണ് സന്തോഷ് ശിവന് ഛായാഗ്രാഹണത്തിന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. പിന്നീട് കാലാപാനി ( 1996, മലയാളം) ഇരുവര്‍ (1998 തമിഴ്), ദില്‍സേ (1999, ഹിന്ദി) എന്നിവയ്ക്ക് മികച്ച ഛായാഗ്രാഹണത്തിനും നോണ്‍ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മോഹിനിയാട്ടത്തിനും സന്തോഷ് ശിവനെ ദേശീയ അംഗീകാരം തേടിയെത്തി. അഹം, കാലാപാനി, അനന്തഭദ്രം, പവിത്രം എന്നിവയ്ക്ക് കേരള സംസ്ഥാന അവാര്‍ഡും ദളപതി, റോജ എന്നിവയ്ക്ക് തമിഴ്നാട് സംസ്ഥാന അവാര്‍ഡും ലഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ വിവിധ ഫിലിം ഫെസ്റ്റിവലുകളിലായി പത്ത് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മല്ലി, ടെററിസ്റ്റ്, ബിഫോര്‍ ദ റെയ്ന്‍സ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ വിദേശരാജ്യങ്ങളിലും ഏറെ പ്രശംസിക്കപ്പെട്ടു.)
കുറസോവയുടെ നാട്ടില്‍
തൊഴിലിന്റെ ഭാഗമായി ഒരുപാട് യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ തൊഴില്‍ വിഷ്വല്‍ ലാംഗ്വേജാണ്. അത് യൂണിവേഴ്സലാണ്. ഭാഷയോ പ്രാദേശികതയോ അതിന് തടസമാകുന്നില്ല. മീരനായരുടെ സ്കൂളില്‍ പഠിപ്പിക്കും, ട്രൈബല്‍സിന്റെയടുത്ത് ഫോട്ടോഗ്രാഫി വര്‍ക്ഷോപ്പ് നടത്തും, പോണ്ടിച്ചേരി അരവിന്ദോ ആശ്രമത്തില്‍ ക്ലാസ് എടുക്കും. ബ്രസീല്‍, യുഎസ്., ജപ്പാന്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഫിലിം ചെയ്തു. ജപ്പാനില്‍ ഞാന്‍ സോണിയുടെ ക്യാമറ ലോഞ്ച് ചെയ്തപ്പോള്‍ അവിടെയുള്ളവര്‍ എന്നെ കുറസോവ ഷൂട്ട് ചെയ്ത സ്ഥലമൊക്കെ കൊണ്ട് ചെന്ന് കാണിച്ചു. അമേരിക്കയില്‍ വച്ച് ‘ടാക്സി ഡ്രൈവര്‍’ സിനിമ ചെയ്ത മൈക്കില്‍ ചാപ്മാന് എന്നെ കാണണമെന്ന് പറയുകയും സംസാരിക്കുകയും ചെയ്തു.
യാത്രകളിലൂടെ നിരവധി ആള്‍ക്കാരെ പരിചയപ്പെടാനും ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മനസിലാക്കാനും സാധിച്ചു. കേരള ടൂറിസത്തിന്റെ പരസ്യം ചെയ്യാന്‍ കേരളം മുഴുവന്‍ സഞ്ചരിച്ചു. എല്ലാ സ്ഥലവും വീഡിയോക്യാമറ വച്ച് ഷൂട്ട് ചെയ്ത് ഒരു ഡയറിപോലെ സൂക്ഷിക്കാറുണ്ട്. ജീവിതം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നതിനാല്‍ എന്റെ ജീവിതത്തില്‍ ഇതുവരെ നിരാശ തോന്നിയിട്ടില്ല. ഒന്നും സംഭവിക്കാതിരിക്കുമ്പോഴല്ലേ നമുക്ക് നിരാശ തോന്നുക ?
സന്തോഷ് ശിവന്റെ ക്യാമറയിലൂടെ ഞാന്‍
കൂടുതല്‍ സുന്ദരിയാകുന്നു…
പെയിന്റിംഗില്‍ താല്പര്യമുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. നമ്മള് വരയ്ക്കുമ്പോള്‍ ഏത് വസ്തുവിനെയാണെങ്കിലും ഒരുപാട് ശ്രദ്ധിക്കും. സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും പ്രകൃതിയാണെങ്കിലും എല്ലാത്തിലും ഒരു സൗന്ദര്യമുണ്ടാകും. അത് വരയ്ക്കുമ്പോള്‍ കൂടുതല്‍ മനസിലാകും. ആ സൗന്ദര്യം അപ്രിഷിയേറ്റ് ചെയ്യാനാണ് നമ്മള് ഷൂട്ട് ചെയ്യുന്നത്; ക്രിട്ടിക് ആയിട്ടല്ല നോക്കുന്നത്. ഏതൊരു ആര്‍ട്ടിസ്റ്റിന്യും സുന്ദരിയാക്കി ഷൂട്ട് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഒരുപാട് പേര് ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്. ദളപതിക്കുശേഷം രജനീകാന്ത് എല്ലാ പടത്തിലേക്കും വിളിക്കുമായിരുന്നു. എന്റെ കൂടെ ഷൂട്ട് ചെയ്തതിനെപ്പറ്റി ഈയടുത്തകാലത്ത് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ടെററിസ്റ്റിന്‍ക്കുറിച്ച് ജോണ്‍ മാര്‍ക്വയ്ന്‍സ് പറഞ്ഞത് എശഹാ ംൃശേല്‍ ംശവേ മ രമാലൃമ എന്നാണ്. കാശ്മീരി പയ്യന്റെ കഥപറഞ്ഞ തഹാനു ശേഷം കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സന്തോഷ് ശിവന് വന്നാല്‍ എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് പറയുകയുണ്ടായി. കാരണം അത് നമ്മള് പക്ഷം പിടിക്കാതെ ചെയ്ത ഫിലിമായിരുന്നു.
ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും
കളറിലേക്ക്
എന്നെ ഏറ്റവും ആകര്‍ഷിച്ച ഛായാഗ്രാഹകന്‍ സത്യജിത് റായിയുടെ സിനിമകള്‍ ചെയ്തിട്ടുള്ള സുബ്രതോ മിത്രയാണ്. എല്ലാ പഴയ ഛായാഗ്രാഹകരില്‍നിന്നും അറിഞ്ഞോ അറിയാതെയോ ഞാന്‍ പഠിച്ചിട്ടുണ്ട്. ഒരു ടൈംലെസ് ക്വാളിറ്റിയും റിയലിസവും അവര്‍ സിനിമയില്‍ കൊണ്ടുവന്നു. അവര്‍ പ്രകൃതിയില്‍ നിന്നും പഠിച്ചിരുന്നു. അവരുടെ വര്‍ക്കുകള്‍ ഇന്ന് കാണുമ്പോഴും അത് പഴയതായി അനുഭവപ്പെടുന്നില്ല.
ഇന്ന് സാങ്കേതിക വിദ്യ വികസിച്ചതുകാരണം ആര്‍ക്കും പടമെടുക്കാം. നാലു വയസുള്ള എന്റെ മകന് തന്നെ നന്നായിട്ട് പടമെടുക്കും. അതിന്റെ സൗന്ദര്യബോധവും ആസ്വാദനശക്തിയും ഗ്രഹണശേഷിയുമാണ് മാറാത്തത്. അതാണ് പ്രധാനവും. ടെക്നിക്കുകള്‍ എല്ലാവര്ക്കും സ്വായത്തമാക്കാവുന്നതേ ഉള്ളു.
ഛായാഗ്രഹണ രംഗത്ത് പുതുതലമുറ കടന്നുവരുന്നത് വളരെയധികം ഗുണം ചെയ്യും. ഓരോരുത്തരുടേയും ആശയങ്ങളും വീക്ഷണങ്ങളും വരുമ്പോഴേ വ്യത്യസ്തമായ സിനിമയും ഉണ്ടാകൂ. ഇപ്പോള്‍ നിരവധി യുവാക്കള്‍ ഈ രംഗത്തുണ്ടെങ്കിലും ആര് ശരിയായിട്ടു വരും എന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഇന്റര്‍നെറ്റിലൂടെയും മറ്റ് വഴികളിലൂടെയും നമ്മുടേതല്ലാത്ത കഥ ചെയ്യുന്ന സമയത്ത് ദോഷങ്ങളും കടന്നുവരും. എങ്കിലും ഏതൊരു പ്രവൃത്തിയും മാറ്റത്തിനു വിധേയമായിത്തീരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: