തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയും സാമൂഹ്യനീതിയുടെ വക്താവായ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരും കൈകോര്‍ക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്.
അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ ആശയത്തേയും ലക്ഷ്യത്തേയും എല്ലാവരും അംഗീകരിക്കുന്നു. ലക്ഷ്യപൂര്‍ത്തിക്കായി സ്വീകരിച്ച മാര്‍ഗത്തെ അംഗീകരിക്കാത്തവര്‍പോലും ഹസാരെയെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. അഴിമതിക്കെതിരായ വികാരം രാജ്യമെങ്ങും സജീവമാക്കുന്നതില്‍ ഹസാരെ വിജയിച്ചു.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് അനുഭവം. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ വനിതാ കോഡ്ബില്‍ സാമൂഹ്യനീതി ലക്ഷ്യംവെച്ചുള്ളതാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.
എന്നാല്‍ ഈ വനിതാകോഡ് ബില്ലിന് എല്ലാ വിഭാഗങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്. ജനസംഖ്യാ നിയന്ത്രണം, മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായിട്ടാണ് മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. അതിശക്തമായ ഭാഷയിലാണ് മതന്യൂനപക്ഷങ്ങള്‍ കൃഷ്ണയ്യര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. മുസ്ലീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കായി പ്രത്യേക സിവില്‍ നിയമം വരാനിരിക്കെ വനിതാകോഡ്ബില് ഹിന്ദു ജനസംഖ്യ നിയന്ത്രിക്കുന്നതിനുവേണ്ടി മാത്രമാകുമെന്ന ഭയമാണ് ഹിന്ദു സമൂഹത്തിനുള്ളത്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ കൃഷ്ണയ്യര്‍ നിദേശിക്കുന്ന വനിതാ കോഡ് ബില്‍ യാഥാര്‍ത്ഥ്യമാകുക പ്രയാസമാണ്.
വനിതാ കോഡ് ബില്ലിന് പകരം സാമൂഹ്യനീതി ഉറപ്പാക്കുന്ന ഏകീകൃത സിവില്‍കോഡിനായി രംഗത്തുവരികയാണ് കൃഷ്ണയ്യര്‍ ചെയ്യേണ്ടത്. എങ്കില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കും.
അണ്ണാ ഹസാരെയും കൃഷ്ണയ്യരും കൈകോര്‍ത്തുകൊണ്ട് ലോക്പാല്‍ ബില്ലും ഏകീകൃത സിവില്‍കോഡും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വന്മുതല്ക്കൂട്ടാവും, പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: