ജമ്മു: സെപ്റ്റംബര്‍ ഒമ്പതിന് ദല്‍ഹി ഹൈക്കോടതിയിലുണ്ടായ സ്ഫോടനത്തില്‍ ഒരു മലയാളി ഉള്‍പ്പെട്ടതായി എന്‍.ഐ.എയ്ക്ക് വ്യക്തമായ സൂചന ലഭിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഏഴംഗ സംഘമാണ് സ്ഫോടനം നടത്തിയതെന്നും, സ്ഫോടനത്തിന് പിന്നില്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി ആണെന്ന് എന്‍.ഐ.എ അറിയിച്ചു. കാശ്മീരിലെ കിഷ്ത്വാറിലാണ് സ്ഫോടനത്തിന്റെ ആസൂത്രണം നടന്നതെന്നും വ്യക്തമായി. ഹുജി ഭീകരന് ഹാഫിസ് എന്നറിയപ്പെടുന്ന കിഷ്ത്വര്‍ സ്വദേശി അമിര്‍ അബ്ബാസ്, ഹിലാല്‍ അമീന് എന്നിവരാണ് അറസ്റ്റിലായത്. ഇനി അഞ്ചു പേര് കൂടി സ്ഫോടനക്കേസില്‍ അറസ്റ്റിലാവാനുണ്ട്.
അമിര്‍ ആണ് സ്ഫോടനം ആസൂത്രണം ചെയ്തത്. സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഇ-മെയില്‍ സന്ദേശം തയ്യാറാക്കിയത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ അമീര്‍ ആണെന്നാണ് എന്‍.ഐ.എയുടെ നിഗമനം. നേരത്തെ തയ്യാറാക്കി പെന്‍ഡ്രൈവില്‍ സൂക്ഷിച്ച സന്ദേശം സൈബര്‍ കഫേയില്‍ നിന്ന് അയയ്ക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഹര്‍കത്- ഉള്- ജിഹാദ്- ഉള്- ഇസലാമി (ഹുജി) എന്ന ഭീകരസംഘടന ഏറ്റെടുക്കുന്നു എന്ന് അറിയിച്ചുകൊണ്ടായിരുന്നു ഇ-മെയില്‍.
കേസില്‍ ഇനി പിടികൂടാനുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥികളെ ഇന്നലെ കിഷ്ത്വറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇ-മെയില്‍ അയച്ച കംപ്യൂട്ടര്‍ പോലീസ് ഫൊന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: