ലോകപ്രസിദ്ധമായ ചെന്നൈയിലെ കലാക്ഷേത്രത്തില്‍ 1983 ലെ ഒരു സായാഹ്നത്തില്‍ പതിനേഴുകാരനായ ഒരു യുവാവിന്റെ കൂടിയാട്ട അരങ്ങേറ്റം. രണ്ടരമണിക്കൂറോളം നീളുന്ന സുഭദ്രാധനഞ്ജയം ആടിക്കഴിഞ്ഞപ്പോള്‍ കലാക്ഷേത്രത്തിന്റെ സാരഥിയും പ്രശസ്ത ഭരതനാട്യം നര്‍ത്തകിയുമായ രുഗ്മിണി അരുന്ധേലിന്റെ ക്ഷണം; അവിടെ കുട്ടികളെ പഠിപ്പിക്കുവാന്‍ നില്‍ക്കാമോയെന്ന്. ക്ഷണം സ്വീകരിക്കുവാന്‍ നിവൃത്തിയില്ലായിരുന്നെങ്കിലും കൂടിയാട്ടത്തെ ഗൗരവത്തോടെ സ്വീകരിക്കുവാന്‍ തീരുമാനിച്ച നിമിഷങ്ങളായിരുന്നു അതെന്ന് ലോകപ്രശസ്ത കൂടിയാട്ട കലാകാരനായ മാര്‍ഗി മധു ചാക്യാര്‍ ഓര്‍ക്കുന്നു.
പാരമ്പര്യത്തിന്റെ കരുത്തുറ്റ പാതയില്‍ മധുവിന് താങ്ങും തണലുമായി നിന്നത് അച്ഛന് പത്മശ്രീ മൂഴിക്കുളം കൊച്ചുകുട്ട ചാക്യാരും വല്യച്ഛന് പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാരുമായിരുന്നു. ഇപ്പോഴാകട്ടെ സഹധര്‍മിണി ഡോ.ഇന്ദുവും ഒന്‍പത് വയസുകാരനായ മകന് ശ്രീഹരിയും അരങ്ങില്‍ ഒപ്പം വേഷമണിയുന്നു.
മധുവിന്റേയും ഇന്ദുവിന്റേയും ആത്മാവിന്റെ ഭാഗമാണ് കൂടിയാട്ടം. അരങ്ങില്‍ ബാലിയും താരയുമായി എത്തുന്ന ദമ്പതികള്‍ ജീവിതത്തിലും കലയെ നെഞ്ചിലേറ്റുകയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട കൂടിയാട്ട ജീവിതസപര്യയില്‍ വിദേശങ്ങളിലും കൂടിയാട്ടത്തെ എത്തിക്കുവാന്‍ മധുവിനായി.
സ്കൂള്‍ കാലഘട്ടത്തില്‍ അച്ഛന് കൊച്ചുകുട്ട ചാക്യാരില്‍നിന്നും കൂടിയാട്ടം അഭ്യസിച്ചു. 1981 ലാണ് മാര്‍ഗിയില്‍ കൂടിയാട്ടം ആരംഭിക്കുന്നത്. അന്നുമുതല്‍ മാര്‍ഗിയില്‍ പഠനം. ഏട്ടന് മാര്‍ഗി നാരായണനും ബന്ധുവായ മാര്‍ഗി രാമനുമൊത്തായിരുന്നു പഠനം. അവിടെ ഗുരുക്കന്മാര് അച്ഛന് മൂഴിക്കുളം കൊച്ചുകുട്ടചാക്യാരും വല്യച്ഛന് അമ്മന്നൂര്‍ മാധവചാക്യാരുമായിരുന്നു. മാര്‍ഗിയില്‍ ആറ് വര്‍ഷം പഠനം. എട്ട് വര്‍ഷം സീനിയര്‍ ആര്‍ട്ടിസ്റ്റ്, തുടര്‍ന്ന് ഭാരതത്തിലെ പ്രസിദ്ധമായ ഒട്ടുമിക്ക വേദികളിലും കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. 1987 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ സ്വിറ്റ്സര്‍ലന്റ്, ഇംഗ്ലണ്ട്, ഹോളണ്ട്, ജപ്പാന്, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, കൊറിയ, കുവൈറ്റ്, ഇസ്രായേല്‍, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കൂടിയാട്ടം അവതരിപ്പിക്കുവാനായി.
കൂടിയാട്ട ജീവിത പ്രയാണത്തിനിടയില്‍ കൂട്ടായി മോഹിനിയാട്ട കലാകാരിയായ ഇന്ദുവെത്തി. തൃപ്പൂണിത്തുറയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കൂടിയാട്ടത്തില്‍ ക്ലാസെടുക്കുവാനെത്തിയപ്പോഴത്തെ പരിചയവും കൂടിയാട്ടത്തോടുള്ള അഭിനിവേശവും ഇരുവരെയും ഒന്നിപ്പിക്കുകയായിരുന്നു. 1997 ലായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിനുശേഷമാണ് ഇന്ദു കൂടിയാട്ടത്തില്‍ ഹരിശ്രീ കുറിക്കുന്നത്. അച്ഛന് മൂഴിക്കുളം കൊച്ചുകുട്ട ചാക്യാരുടെ കാല്ക്കല് ദക്ഷിണ വെച്ച് കൂടിയാട്ട പഠനം ആരംഭിച്ച് പാരമ്പര്യത്തില്‍ പുതിയ കണ്ണികള്‍ കൂട്ടിച്ചേര്‍ത്തു. സാഹിത്യചരിത്രവും രംഗകലാചരിത്രവും തമ്മിലുള്ള താരതമ്യം കൂടിയാട്ടത്തില്‍ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയതോടെ ഡോ.ഇന്ദുവായി. പുളിയനം സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപികയായി. അധ്യാപനത്തിനുശേഷമുള്ള സമയം വെറുതെ കളയാതെ എട്ട് വര്‍ഷം മുമ്പ് ‘നേപഥ്യ’യെന്ന കൂടിയാട്ട കളരി മധുവുമൊത്ത് ആരംഭിച്ചു. സ്ഥാപനാടിസ്ഥാന പഠനത്തില്‍ കൂടിയാട്ടം പൂര്‍ണമായി അഭ്യസിക്കാനാവില്ലായെന്ന പ്രചരണത്തിനൊരപവാദമാണ് നേപഥ്യ. ഗുരുകുല സമ്പ്രദായത്തില്‍ കഠിനമായ തപസ്യയിലൂടെയാണ് കൂടിയാട്ടം ഇവിടെ വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കുന്നത്.
കൂടിയാട്ടത്തിലേയ്ക്ക് പ്രതിഭകളെ സൃഷ്ടിക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് നേപഥ്യ ആരംഭിച്ചതെന്ന് ഡോ.ഇന്ദു പറഞ്ഞു. പഠിക്കാനെത്തുന്ന കുട്ടികളോട് പഠന രീതിയിലെ ബുദ്ധിമുട്ടും ത്യാഗവുമെല്ലാം പറഞ്ഞ് മനസ്സിലാക്കിയാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഫീസില്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് നല്‍കുകയും ചെയ്യുന്നു. സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ ഇല്ലാത്ത ആഴമാണ് ഇവിടെ നടക്കുന്നത്. കുട്ടികള്‍ ത്യാഗം സഹിച്ച് കഠിനമായ ശിക്ഷണത്തിലാണ് വളര്‍ന്നുവരുന്നത്. ശ്രീകൃഷ്ണചരിതത്തിലെ 200 ശ്ലോകങ്ങളും പഠിച്ച് പൂര്‍ണമായവതരിപ്പിക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ഇവിടെ അരങ്ങില്‍ സമ്പൂര്‍ണമായി അരങ്ങേറുന്നു.
കഴിഞ്ഞ 15 വര്‍ഷമായി പ്രൊഫഷണല്‍ രംഗത്ത് ഇന്ദു കൂടിയാട്ടം അവതരിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ പരമ്പരാഗത കഥകളില്‍നിന്നും വ്യത്യസ്തമായ കഥകളവതരിപ്പിച്ച് പൂര്‍ണത വരുത്തുവാനുള്ള ശ്രമങ്ങളാണ് ഇന്ദുവിന്റേത്. ശകുന്തളയുടെ കഥ നിര്‍വഹണമാണ്. ലളിത (ശൂര്‍പ്പണഖയുടെ മുന്‍ കഥ) എന്നിവ വ്യത്യസ്തങ്ങളാണ്.
ഗാന്ധാരി വിലാപം നങ്ങ്യാര്‍കൂത്ത് ഇന്ദുവിന്റെ ശ്രദ്ധേയമായ പരീക്ഷണമാണ്. ഗാന്ധാരിയുടെ ബാല്യകാലത്തെ ഫാന്റസിയിലൂടെ നോക്കിക്കാണുകയാണ്. ഇത്തരത്തിലുള്ള ഒരു കഥയെടുത്ത് നങ്ങ്യാര്‍കൂത്താക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. നങ്ങ്യാര്‍കൂത്തില്‍ ഉഷാ നങ്ങ്യാരാണ് ഇന്ദുവിന്റെ മാര്‍ഗ്ഗദര്‍ശി.
മധുവുമൊത്ത് നിരവധിവേഷങ്ങള്‍ ഇന്ദു രംഗത്തവതരിപ്പിച്ചിട്ടുണ്ട്. ബാലി-താര, സുഭദ്ര-അര്ജ്ജുനന്, വിജയ-ശങ്കുകര്‍ണന്‍, ലളിത-ശ്രീരാമന്, സീത-ശ്രീരാമന്, മായാസീത-ശ്രീരാമന് തുടങ്ങി നിരവധി വേഷങ്ങള്‍ ഇന്ദു മധുവുമൊത്ത് അനായാസം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്‍പത് വയസുകാരനായ ശ്രീഹരിക്കും കൂടിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മധുവിന്റേയും ഇന്ദുവിന്റേയും വീടായ ഇന്ദളത്തിലെ ഓരോ മണല്‍ത്തരിക്കും കൂടിയാട്ടത്തിന്റെ രാഗ സുഗന്ധമുണ്ട്.
എന്‍.പി സജീവ് :-
പ്രതികരിക്കാൻ ഇവിടെ എഴുതുക: