കഴിഞ്ഞലക്കം വാരാദ്യപ്പതിപ്പില്‍ സ്വാതന്ത്ര്യദിനപ്പുലരിയെ അനുഭൂതിയാക്കിക്കൊണ്ട് അച്ചടിച്ചുവന്ന കവിതയിലെ ഏതാനും വരികളാണ് ചുവടെ ചേര്‍ക്കുന്നത്.
വിദേശ മേല്‍ക്കോയ്മക്കഴുകന്മാരുടെ
വെടിയേറ്റും കഴുമരത്തിലേറിയോര്‍
രണഭൂവില്‍ ചുടുനിണമൊഴിക്കിയും
വിലപ്പെട്ടജീവന്‍ വെടിഞ്ഞും നേടിയ
സ്വതന്ത്ര ഭാരതം സ്മരിക്കുമെന്നെന്നും
പ്രിയയോദ്ധാക്കളെ യുഗാന്തരംവരെ
നിനവാം ശാന്തിതന്‍ കുഴിമാടങ്ങളില്‍
ഉറങ്ങും നിങ്ങള്‍ തന്‍ ഇളം തലമുറ
വിറകരങ്ങളാല്‍ സമര്‍പ്പിക്കുന്നിതാ
ഒരു പിടിപ്പൂക്കള്‍ ബലികൂടീരത്തില്‍
ജയിക്ക, ഭാരത ജനനീയങ്ങയീ
മഹിതന്‍ ലക്ഷ്മിയായ് പരിലസിക്കട്ടെ
ഒരു പഴഞ്ചന്‍മട്ടിലുള്ള സ്വാതന്ത്ര്യസ്മരണയാണല്ലോ ഇത്. ഇന്നത്തെ അത്യന്താധുനികമോ ആധുനികോത്തരമോ ആയ ആശയങ്ങളിതില്‍ കാണാതിരുന്നതുകൊണ്ട് , ആരാണെഴുതിയതെന്നു നോക്കി. കെ.എസ്‌എന്‍ കുമാരമംഗലം. എന്റെ തന്നെ ഗ്രാമത്തിലെ ഒരാള്‍, സുപരിചിതന്‍, രണ്ടാഴ്ചമുമ്പുമാത്രമാണദ്ദേഹത്തെ വീട്ടില്‍ ചെന്നു കണ്ടു സംസാരിച്ചത്. കുറെനാളായി ദേഹാസ്വാസ്ഥ്യം മൂലം പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു കെ.എസ്.ചേട്ടന്‍. തൊടുപുഴയിലെ പഴയ സ്വയംസേവകരില്‍ അദ്ദേഹം പെടുന്നില്ല. എന്നാല്‍ ഏറ്റവും പ്രായം കൂടിയ സ്വയംസേവകന്‍ എന്നു പറഞ്ഞാല്‍ ശരിയായിരിക്കും. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ പടപൊരുതിയ സൈനികനാണദ്ദേഹം. പിന്നീട് 1971 വരെ സൈന്യസേവനത്തില്‍ തുടര്‍ന്നു. നാട്ടില്‍ മടങ്ങിയെത്തിയ കെ.എസ്.ചേട്ടന്‍ ക്രമേണ സിപിഎമ്മിന്റെ പ്രവര്‍ത്തകനാവുകയായിരുന്നു. സംഘവുമായി അടുത്തുവന്നത് പന്ത്രണ്ടോ പതിമൂന്നോ വര്‍ഷങ്ങള്‍ക്കുമുമ്പുമാത്രമാണ്. താന്‍ താമസിക്കുന്ന, ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷമായ സ്ഥലത്ത് ക്രിസ്ത്യാനികള്‍ അനധികൃതമായി കുരിശു സ്ഥാപിച്ചതിനെതിരായുണ്ടായ ജനരോഷത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവഗണിച്ചതാണ് പാര്‍ട്ടിയില്‍നിന്നദ്ദേഹത്തെ അകറ്റിയത്.
ഇടുക്കിജില്ലയിലെ എല്ലാ കുന്നുകളുടെ നിറുകകളിലും കുരിശുകൃഷി നടത്തുന്നത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആസൂത്രിത പരിപാടിയായിരുന്നു. വനഭൂമിയായാലും, റവന്യൂപുറമ്പോക്കായാലും അപ്രകാരം ആയിരക്കണക്കിനു കുരിശുകള്‍ ഹൈറേഞ്ചിലെങ്ങും സ്ഥാപിക്കപ്പെട്ടിരുന്നു. അവയ്‌ക്കു കുരിശുമുടി, കുരിശുമല, കുരിശിന്റെ വഴി തുടങ്ങിയ പേരുകള്‍നല്‍കി, ക്രൈസ്തവ വിശേഷദിവസങ്ങളില്‍ ഉത്സവങ്ങളും മലകയറ്റങ്ങളുംമറ്റും നടത്തി അവയെ സര്‍ക്കാരിനെക്കൊണ്ടംഗീകരിപ്പിക്കുവാന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്നത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്ഥിരം ശൈലിയാണല്ലോ. അതിന് ക്രൈസ്തവ സഭകളും അവര്‍ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ ഭരണനേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കൂട്ടുനില്‍ക്കുന്നത് അനുഭവമാണ്. വന്‍ നഗരങ്ങളില്‍ പോലും അതു സാധാരണമാണ്. എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്‍ റോഡിന് വീതികൂട്ടിയപ്പോള്‍, എളങ്ങുളത്തെ റോഡുപുറമ്പോക്കില്‍നിന്നു കുരിശുമാറ്റേണ്ടിവന്നതിനു പകരമായി നാവികസേനയുടെ ഫ്ലാറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലത്തിന്റെ മൂലയ്‌ക്കു സ്ഥലം നല്‍കി, ആധുനിക ശില്‍പ മാതൃകയിലുള്ള കുരിശുപള്ളി പണിയുകയുണ്ടായി. പള്ളിമുക്കില്‍ നിന്ന് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിക്കുസമീപം കായല്‍കരയിലേക്കുള്ള റോഡ് നന്നാക്കിയപ്പോള്‍ നീക്കം ചെയ്യേണ്ടിവന്ന ഒരു കുരിശടിക്കുപകരമായി കായല്‍ കരയില്‍ കോടികള്‍ വിലമതിക്കുന്ന 14 സെന്റ് സ്ഥലമാണ് കുരിശുപള്ളിക്കായി വിട്ടുകൊടുത്തത്. കായലിന്റെയും അക്കരയുള്ളനാവികത്താവളത്തിന്റെയും രക്ഷ ആ കുരിശാണ് എന്ന പ്രചാരവുമുണ്ട്. മൂവാറ്റുപുഴ എറണാകുളം റോഡില്‍ പെരുവംമൂഴി എന്ന സ്ഥലത്ത് പുഴക്കു പാലം പണിതപ്പോള്‍, അതിലേക്ക് അപ്രോച്ച് റോഡ് നിര്‍മിക്കുന്നസമയത്ത്, അവിടെ രൂപംകൊണ്ട നാല്‍ക്കവലയുടെ നടുക്ക് ആരോ ഒരു ചെറിയ കുരിശു സ്ഥാപിക്കുകയും, അതുസംരക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. റോഡിന്റെയും, കവലയുടെയും വികസനത്തിന് തടസ്സമായി 25 വര്‍ഷത്തിനുശേഷവും കുരിശ് അവിടെത്തന്നെ നില്‍ക്കുന്നു.
ഇക്കാര്യത്തില്‍ മുസ്ലീങ്ങളും രാഷ്‌ട്രീയ സമ്മര്‍ദ്ദം കൊണ്ടുകാര്യംനേടുന്നുണ്ട്. മൂവാറ്റുപുഴയിലെ വെള്ളൂര്‍ക്കുന്നം കവലയില്‍ കുറേക്കാലമായി മുസ്ലീം വഴിയാത്രക്കാര്‍ക്ക് നിസ്കരിക്കാന്‍ ഒരു സ്രാമ്പി ഉണ്ടായിരുന്നു. എംസി റോഡിന്റെ വികസനം തടസ്സപ്പെടുത്തി നിന്ന ആ സ്രാമ്പി മാറ്റിസ്ഥാപിക്കാനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വില്ലേജ് ഓഫീസിന്റെ പഴയ പകുതിക്കച്ചേരി സ്ഥലം തന്നെ സര്‍ക്കാര്‍ നല്‍കി. അവിടെ ഇപ്പോള്‍ മിനാരങ്ങളും മറ്റുമുള്ള വലിയൊരു മസ്ജിദ് ഉയര്‍ന്നുവന്നിരിക്കുന്നു.
ഇക്കാര്യത്തില്‍ ഹൈന്ദവക്ഷേത്രങ്ങളോടുള്ള സര്‍ക്കാര്‍ സമീപനമെന്താണെന്നുനോക്കാന്‍, എറണാകുളത്തെ വളഞ്ഞമ്പലം ക്ഷേത്രത്തിന്റെ കാര്യംതന്നെ മതി. ആ ജംഗ്ഷന്‍ വിപുലീകരണത്തിന് 50 വര്‍ഷങ്ങള്‍ക്കുമുമ്പ് എല്ലാഭാഗത്തുനിന്നും പത്തടിസ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശം വന്നു. വളഞ്ഞമ്പലം ഭഗവതീക്ഷേത്രക്കാര്‍ അതനുസരിച്ചു സ്ഥലം വിട്ടുകൊടുത്ത് മതില്‍ പണിതു. മറ്റുള്ളവര്‍ സ്ഥലം വിട്ടുകൊടുക്കാതെ തുടര്‍ന്നു. സഹോദരന്‍ അയ്യപ്പന്‍റോഡ് വീതികൂട്ടാറായപ്പോള്‍ വീണ്ടും ദേവസ്വംസ്ഥലം വിട്ടുകിട്ടണമെന്നായി അധികൃതര്‍. നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് പണിഞ്ഞപ്പോള്‍ അതിന് മൂന്നുഒടിവുകളുണ്ടായി. ചില സ്വകാര്യ (ക്രിസ്ത്യന്‍, മുസ്ലിം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍) സ്ഥലങ്ങളെ ഒഴിവാക്കിക്കൊണ്ട് പരമാര ഭഗവതിക്ഷേത്രത്തിന്റെ സ്ഥലം എടുക്കാന്‍ അധികൃതര്‍ക്കു മടിയുണ്ടായില്ല.
തുടങ്ങിവെച്ചത് കെ.എസ്.ചേട്ടന്റെ കാര്യവുമായിട്ടാണല്ലോ. അവരുടെ പരിസരത്ത് കുരിശു മുളച്ചുവന്നപ്പോള്‍ സമീപവാസികളായ ഹിന്ദുക്കള്‍ ഉണര്‍ന്നു. അവരില്‍ വിരലിലെണ്ണാവുന്നരൊഴികെ എല്ലാവരും സിപിഎം പ്രവര്‍ത്തകരോ അനുയായികളോ ആയിരുന്നു. സംഘവുമായി ബന്ധപ്പെട്ടവരായിരുന്നു മറ്റുള്ളവര്‍. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ശബരിമല പൂങ്കാവനത്തില്‍പെട്ട നിലയ്‌ക്കല്‍ കുരിശുപൊങ്ങിയതിനെതിരെ നടത്തപ്പെട്ട വിജയകരമായ ഹൈന്ദവമുന്നേറ്റത്തിന്റെ ഓര്‍മകള്‍ തദ്ദേശവാസികള്‍ക്കുമുണ്ടായിരുന്നു. അവര്‍ തങ്ങളുടെ പരിസരത്തെ കുത്സിത നീക്കത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ മുന്നോട്ടുവന്നു. സ്വാഭാവികമായും സംഘപരിവാറിലെ എല്ലാവരും അവര്‍ക്കു പിന്തുണനല്‍കി. തങ്ങളുടെ മാര്‍ക്സിസ്റ്റ് നേതാക്കളുടെ പിന്തുണ തേടാന്‍ കെ.എസ്.ചേട്ടനും കൂട്ടരും ശ്രമിച്ചെങ്കിലും നിരാശാജനകമായിരുന്നു പ്രതികരണം. അതോടെ അദ്ദേഹം സംഘപരിവാര്‍ പ്രവര്‍ത്തകരോടൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വിജയം നേടിയെടുത്തു.
അതുകഴിഞ്ഞ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ഇഴുകിചേര്‍ന്ന് കഴിയുകയാണദ്ദേഹം. കുമാരമംഗലത്ത് 1987ല്‍ നടന്ന സംഘശിക്ഷാവര്‍ഗിന്റെ വിജയത്തിനായി സാധാരണ സ്വയം സേവകര്‍ക്കൊപ്പം അദ്ദേഹം പരിശ്രമിച്ചു. ബിജെപിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും ബിഎംഎസ്സിന്റെയും ക്ഷേത്രസംരക്ഷണസമിതിയുടെയും ഏതുപരിപാടിയും വിജയിപ്പിക്കാന്‍ കെ.എസ്.ചേട്ടന്‍ മുന്നിലുണ്ടാവും. അദ്ദേഹത്തിന്റെത് ഗൃഹസമ്പര്‍ക്ക യജ്ഞം തന്നെയാണ്. രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ കാല്‍നടയായി വീടുകള്‍ കയറിയിറങ്ങി കുശലം പറഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താന്‍. ഓരോ വീട്ടിലും പരിചയക്കാര്‍ കൂടുന്നിടത്തും അല്‍പ സമയം സംസാരിച്ച് ആശയവിനിമയം നടത്തിയേ പോകൂ. 85-ാം വയസ്സിലും അതിനു മുടക്കം വരുത്തിയിരുന്നില്ല. രാഷ്‌ട്രീയമായും സാമൂഹ്യമായുമുള്ള പ്രശ്നങ്ങളില്‍ സംഘത്തിന്റെ നിലപാടുകള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ധാരണയും പരിപക്വമായ അഭിപ്രായങ്ങളും നമുക്കു ബോധ്യമാകും.
അദ്ദേഹത്തില്‍ കവിയും, സാഹിത്യകാരനും ഉള്‍ക്കൊള്ളുന്നു. ആറു പതിറ്റാണ്ടുകളായി തന്റെ ഹൃദയ സംവേദനകള്‍ എഴിതിവെക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ട്. അത് ഛന്ദോബദ്ധമായിത്തന്നെയാണ് മനസ്സില്‍ നിന്നു കടലാസിലേക്കു പകര്‍ന്നതും വാല്മീകിയുടെ സംവേദന പുറത്തുവന്നത് ഛന്ദോബദ്ധമായ വരികളായിട്ടായിരുന്നല്ലോ. അതില്‍ രാമായണ മഹാകാവ്യത്തിന്റെ കഥാബീജമുണ്ടായിരുന്നു. ബര്‍മയിലെ യുദ്ധം മുതല്‍ ബംഗളാദേശ് വിമോചനയുദ്ധം വരെ പടപൊരുതിയ ജവാന്, ലോകത്തിലെങ്ങും കാണാന്‍ കഴിഞ്ഞ ദുരിതങ്ങള്‍ സമ്മാനിച്ച ഹൃദയസംവേദന അദ്ദേഹത്തിലെ കവിയെയുണര്‍ത്തി എന്നു പറയുന്നതാവും ശരി.
തന്റെ രചനകള്‍ സമാഹരിച്ച് ഒരമ്മയും കുഞ്ഞും എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമാരമംഗലം സ്കൂളില്‍ 2006ല്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്കും അദ്ദേഹം അവസരം തന്നു. തന്റെ ഗ്രന്ഥം വില്‍പന ചെയ്ത പണം നേടണമെന്ന ആഗ്രഹം അദ്ദേഹത്തിനില്ല. എന്നാല്‍ ആറുപതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന ജീവിതാനുഭവങ്ങളുടെ പ്രതിഫലനം ആ കവിതകളിലുണ്ട്. ഈ പ്രായത്തിലും ഉറവവറ്റാതെ കവിത പ്രവഹിക്കുന്നുണ്ടുതാനും. കഴിഞ്ഞ ഒരു വ്യാഴവട്ടമായി കേസരി, ജന്മഭൂമി, ഹിന്ദുവിശ്വ, ചിതി തുടങ്ങിയ പരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ കെ.എസ്.ചേട്ടന്റെ കവിതകള്‍ വന്നുകാണാറുണ്ട്.
തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം സജീവമാണ്. വ്യക്തിസമ്പര്‍ക്കത്തിലൂടെ ജനമനസ്സുകളെ സ്വാധീനിക്കാനും യുവപ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജ്ജവും പകര്‍ന്നുനല്‍കാനും ആ സമ്പര്‍ക്കം പ്രയോജനപ്പെടുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായി കിടപ്പിലാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ പോയിക്കാണുകയായിരുന്നു. സഞ്ചാരത്തിന് കഴിയാത്ത ദേഹാസ്വാസ്ഥ്യത്തിലായിരുന്നെങ്കിലും എല്ലാവിവരങ്ങളും അപ്ടുഡേറ്റ് ആക്കി വെക്കുന്ന വിശിഷ്ടസ്വഭാവക്കാരനാണെന്നു മനസ്സിലായി. പൊതുപ്രവര്‍ത്തനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് സ്വന്തം ഉദാഹരണം കൊണ്ട് സ്ഥാപിച്ചെടുക്കുകയാണ് കെ.എസ്.നാരായണന്‍ എന്ന വെറും സാധാരണക്കാരന്‍, പ്രയേണയുവാക്കളായ പ്രവര്‍ത്തകര്‍ക്ക് മാതൃകയായി.
മാതൃഭൂമിയെ സ്നേഹിക്കുമമ്മയായ്
നിത്യവുമെന്റെ ജീവിതാന്ത്യംവരെ
ത്യാഗസന്നദ്ധരായ് പ്രിയനാടിനെ
കാത്തുസൂക്ഷിക്കുവാന്‍ ബദ്ധശ്രദ്ധരായ്
കാവല്‍നില്‍ക്കുമെന്‍ സോദരന്മാര്‍ക്കിവന്‍
നേര്‍ന്നിടുന്നു സഹസ്രാനുമോദനം
കെ.എസ്.ചേട്ടന്റെ കവിതാസമാഹാരത്തിന്റെ അവസാനവരികളാണിവ.
പി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: