കൊച്ചി: അറിവിനുമപ്പുറത്ത് അറിവല്ലാതെ വേറൊന്നുമില്ലെന്നറിഞ്ഞ് താന്ത്രിക, ജ്യോതിഷ മണ്ഡലത്തിലെ മഹാജ്യോതിസ്സായ ശ്രീധരന് തന്ത്രികള്‍ക്ക് ആദ്ധ്യാത്മിക, സാംസ്ക്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തന്ത്രികളുടെ ആഗ്രഹപ്രകാരം അബ്രാഹ്മണര്‍ക്ക് താന്ത്രികവിദ്യ പകര്‍ന്ന് നല്കുവാനായി സ്ഥാപിച്ച പറവൂര്‍ കേസരി റോഡിലെ ശ്രീനാരായണ താന്ത്രിക വിദ്യാപീഠത്തിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ചിതയിലായിരുന്നു രാവിലെ 10.30 ഓടെ സംസ്ക്കാരം. തന്ത്രികളുടെ മൂത്തമകന് ജ്യോതിസ് ആദ്യം ചിതയ്ക്ക് തീ കൊളുത്തി. തുടര്‍ന്ന് മക്കളായ ഗിരീഷും രാഗേഷ് തന്ത്രിയും ചിതയിലേക്ക് അഗ്നി പകര്‍ന്നു.
അരനൂറ്റാണ്ടിലേറെക്കാലം ആദ്ധ്യാത്മിക താന്ത്രിക ജ്യോതിഷരംഗത്ത് നിറഞ്ഞുനിന്ന ആ മഹാജ്യോതിസിന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
തന്ത്രികളുടെ മരണവൃത്താന്തമറിഞ്ഞ് അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു പറവൂരിലെ കെഎംകെ ജംഗ്ഷന് സമീപമുള്ള വസതിയിലേക്ക്. ജനപ്രവാഹം മൂലം രാവിലെ 9 ന് നടക്കേണ്ട സംസ്ക്കാരച്ചടങ്ങുകള്‍ ഒരുമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. അയ്യമ്പിള്ളി ധര്മന് തന്ത്രികള്‍ സംസ്ക്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ശിവഗിരി മഠം മഠാധിപതി പ്രകാശാനന്ദസ്വാമികള്‍ ‘ദൈവമേ സച്ചിദാനന്ദ, ദൈവമേ ഭക്തവത്സല’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലിയശേഷം പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച വാഹനത്തില്‍ ഭൗതികശരീരം വിലാപയാത്രയോടെ താന്ത്രിക്വിദ്യാ പീഠത്തില്‍ എത്തിച്ചശേഷമായിരുന്നു സംസ്ക്കാരം.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, ക്ഷേത്രീയ കാര്യവാഹ് എ.ആര്.മോഹനന്, ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്.റാംമോഹന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, എംഎല്‍എമാരായ വി.ഡി.സതീശന്, എസ്.ശര്‍മ, മുന്‍ എംഎല്‍എ എം.എ.ചന്ദ്രശേഖരന്, കെ.പി.ധനപാലന് എംപി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് രാധാകൃഷ്ണന്, ചലച്ചിത്രതാരം സലിംകുമാര്‍, ഗുരുദേവ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.വിജയരാഘവന്, സെക്രട്ടറി പി.വി.അശോകന്, മേഖലാ സംഘടനാ സെക്രട്ടറി ഡി.എല്‍.സുബ്രഹ്മണ്യന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.കെ.വിനോദ്, ജില്ലാ പ്രസിഡന്റ് പി.സദാനന്ദന്, സ്വാമി അയ്യപ്പദാസ്, എസ്എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണന്, സെക്രട്ടറി എ.ബി.ജയപ്രകാശ്, അഡ്വ. വിദ്യാസാഗര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: