തിരുവനന്തപുരം: ആർഎസ്എസ് മണ്ണന്തല മണ്ഡൽ ശാരീരിക് പ്രമുഖായിരുന്ന രഞ്ജിത്തിനെ സിപിഎം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവ്. ഇതിൽ ഒന്നും പതിനൊന്നും പ്രതികൾക്ക് കോടതി ഇരട്ടജീവപര്യന്തം തടവും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് സുധാകാന്താണ് നിർണ്ണായക വിധി പ്രസ്താവിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
കൃഷ്ണകുമാർ, ഹരിപ്രസാദ്, അജികുമാർ, രഞ്ജിത്ത് കുമാർ, സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കർ സുബ്രഹ്മണ്യൻ, ഗോഡ്വിൻ ഡെന്നീസ്, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി കരാട്ടെ സുരേഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കേസിലെ രണ്ടാം പ്രതി പാൽക്കുളങ്ങര സ്വദേശിയായ ‘വെള്ളി നാരായണൻ’ എന്ന നാരായണൻകുട്ടിയാണ്. കൊലപാതകം നടന്ന് 18 വർഷമായിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനെയും കൊലപ്പെടുത്താൻ സിപിഎം നടത്തിയ അതേ കിരാതമായ ആസൂത്രണമാണ് രഞ്ജിത്ത് വധക്കേസിലും നടപ്പാക്കിയത്. രഞ്ജിത്തിനെ വധിക്കുന്നതിനായി സിപിഎം നേതാവ് ഹരിപ്രസാദ്, മൊട്ട അജി, ചുക്രൻ രഞ്ജിത്ത്, കരാട്ടെ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ശംഖുമുഖത്തുള്ള വാടകവീട്ടിൽ വെച്ച് ഗൂഢാലോചന നടത്തി. കൊലപാതകത്തിന്റെ തലേദിവസം സന്ധ്യയോടെ ഹരിപ്രസാദും മറ്റൊരാളും കാറിലെത്തി പരിസരം നിരീക്ഷിച്ചു.
പിറ്റേദിവസം ഏഴാം പ്രതി ഫിറോസ് ഖാൻ കൊണ്ടുവന്ന മാരുതി ആൾട്ടോ കാറിൽ കൃഷ്ണകുമാർ, വെള്ളി നാരായണൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവർ സ്ഥലത്തെത്തി. ഇതേസമയം വിഷ്ണു വിനോദ് മറ്റൊരു കാറിലും ശങ്കര സുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ് എന്നിവർ ബൈക്കിലും എത്തിച്ചേർന്നു. തുടർന്ന് പച്ചക്കറിക്കടയിൽ കയറിയ അക്രമിസംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആദ്യം ചെറുത്തുനിന്നെങ്കിലും മാരകായുധങ്ങളായ വടിവാളുകളുമായി എത്തിയ സംഘം രഞ്ജിത്തിനെ ക്രൂരമായി വെട്ടിവീഴ്‌ത്തി. കൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കോഴിക്കോടുനിന്നാണ് പോലീസ് പിടികൂടിയത്.
ഒരു നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബലിദാനി രഞ്ജിത്ത്. ജീവിതം പച്ചപിടിക്കുന്നതിനുമുമ്പ് 27-ാം വയസ്സിൽ ജീവൻ നഷ്ടപ്പെട്ട മകന്റെ ഓർമ്മകളുമായി കഴിയുന്ന അമ്മയുടെ കണ്ണീരിന് അളവില്ല. പ്രായമായ മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും സംരക്ഷിച്ചിരുന്ന യുവാവിനെയാണ് സിപിഎം അക്രമികൾ ഇല്ലാതാക്കിയത്. മകന്റെ വേർപാടോടെ മാനസികമായി തളർന്ന അച്ഛൻ ഇന്നും ആ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. 24-ാം വയസ്സിൽ കുടുംബം പോറ്റാൻ ആരംഭിച്ച പച്ചക്കറിക്കടയിൽ വെച്ചായിരുന്നു ആ അരുംകൊല.
വിധി പ്രസ്താവനയ്‌ക്ക് ശേഷം കേസ് വാദിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറും അഭിഭാഷകരും ആർഎസ്എസ് നേതാക്കളും രഞ്ജിത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ, അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ശില്പ ശിവൻ, അഡ്വ. ഹരീഷ് കാട്ടൂർ, അഡ്വ. മഹേശ്വർ പടിക്കൽ എന്നിവർ രഞ്ജിത്തിന്റെ അമ്മയെയും വീട്ടുകാരെയും സന്ദർശിച്ചു.
ആർഎസ്എസ് തിരുവനന്തപുരം വിഭാഗ് പ്രചാരക് പ്രമോദ്, ജില്ലാ കാര്യവാഹ് അഭിലാഷ്, വിഭാഗ് സേവാ പ്രമുഖ് രാജേഷ്, ജില്ലാ സമ്പർക്ക പ്രമുഖ് സജിത്കുമാർ, വിഭാഗ് കാര്യകാരി സദസ്യൻ ഉദയകുമാർ, ഭാഗ് കാര്യവാഹ് അനിൽ, നഗർ കാര്യവാഹ് അജിത് എന്നിവരും ബലിദാനിയുടെ വസതിയിൽ എത്തിയിരുന്നു.


















