പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി ധോണികുണ്ട് സ്വദേശികളായ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ ഒരാഴ്ചയ്‌ക്കിടെ അട്ടപ്പാടിയിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. നാലുമാസത്തിനിടെ പത്ത് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം രാജിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗർഭാവസ്ഥയിൽ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജി സിക്കിൾ സെൽ അനീമിയ രോഗിയാണ്.
15 ദിവസം പ്രായമായ കുഞ്ഞും മരിച്ചു
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകോട്ടത്തറ സ്വദേശികളായ മുരുകേഷ്–ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ് കഴിഞ്ഞ ഞായറാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു.
ശിവകാമിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മലദ്വാരമില്ലായ്‌മയും അതുമായി ബന്ധപ്പെട്ട ഗുരുതര ഹൃദ്രോഗവും കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഈ മാസം 10ന് ജനിച്ച കുഞ്ഞിന് 17നും 24നും ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കോട്ടത്തറ ആശുപത്രിയിൽ കൃത്യമായ പരിശോധനയും സ്കാനിങ്ങും നടത്തിയിരുന്നെങ്കിൽ രോഗാവസ്ഥ നേരത്തേ കണ്ടെത്താമായിരുന്നുവെന്നും ചികിത്സാപിഴവാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.
20 ദിവസം പ്രായമായ കുഞ്ഞും മരിച്ചു
ഷോളയൂർ വെച്ചപ്പതി ഉന്നതിയിലെ ജ്യോതിമണി–ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞ് ഈ മാസം 21ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. തൂക്കക്കുറവുള്ള കുഞ്ഞിന് പരിചരണം നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
തുടർച്ചയായ ശിശുമരണങ്ങൾ അട്ടപ്പാടിയിലെ ആരോഗ്യപരിചരണ സംവിധാനങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്. മരണങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
















