ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തഹ്‌റീക്-ഇ-ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാൻ ജയിലിൽ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളാണ് നേരിടുന്നതെന്ന് അദ്ദേഹത്തിന്റെ മക്കളായ സുലൈമാൻ ഇസാ ഖാനും കാസിം ഖാനും. ജയിലിലെ ഏകാന്ത തടവും മോശമായ പെരുമാറ്റവും തുടർന്നാൽ ജയിലിൽ വെച്ച് അദ്ദേഹം മരണപ്പെടുകയോ അല്ലെങ്കിൽ ക്രൂരമായി കൊല്ലപ്പെടുകയോ ചെയ്യുകയെന്നത് അനിവാര്യമാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ ആരോപിച്ചു.
ഇമ്രാൻ ഖാനെ സെല്ലിൽ മാനസികമായി തളർത്താൻ ജയിൽ അധികൃതർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തോട് സംസാരിക്കരുതെന്ന് സെല്ലിലെ കാവൽക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത് കടുത്ത മാനസിക പീഡനമാണെന്നും മക്കൾ വ്യക്തമാക്കി. കൂടാതെ ജയിലിലെ ദീർഘകാലമായുള്ള ഏകാന്ത തടവും പീഡനങ്ങളും മൂലം അദ്ദേഹത്തിന്റെ ആരോഗ്യം ഗുരുത്വാവസ്ഥയിലാണെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയർന്ന നിലയിലാണെന്നും, ഉടൻതന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ഇമ്രാൻ ഖാനെ ഏകാന്ത തടവിലാക്കിയിട്ടില്ലെന്നും കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നുമാണ് പാകിസ്ഥാൻ സർക്കാരിന്റെയും ജയിൽ അധികൃതരുടെയും നിലപാട്. രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളുടെയും സൈനിക നേതൃത്വത്തിന്റെ പ്രതികാര നടപടികളുടെയും ഇരയാണ് തന്റെ പിതാവെന്നും ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സമൂഹം ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും മക്കൾ അഭ്യർത്ഥിച്ചു.


















