ഇക്വഡോർ: കുർബാനയ്‌ക്കിടെ പള്ളിയിലെ തടി കുരിശ് ദേഹത്തേക്ക് പതിച്ച് കത്തോലിക്കാ വൈദികൻ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിൽ നഗരത്തിലുള്ള ‘ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്’ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന കൂറ്റൻ തടി കുരിശ് വൈദികന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സഭയിലെ റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവും പള്ളി വികാരിയുമായ ഫാദർ പട്രീഷ്യോ ആൽഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്.
ശനിയാഴ്ച നടന്ന തിരുക്കർമ്മങ്ങൾ സോഷ്യൽ മീഡിയ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാർഥനാ ചടങ്ങുകൾ തുടങ്ങി ഏകദേശം 27 മിനിറ്റിനു ശേഷം, അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിമുഖീകരിച്ച് സന്ദേശം നൽകുകയായിരുന്ന വൈദികന്റെ തൊട്ടുപിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ തടി കുരിശ് പെട്ടെന്ന് വേർപെട്ട് അദ്ദേഹത്തിന്റെ തലയിലേക്കും ദേഹത്തേക്കും നേരിട്ട് പതിക്കുകയായിരുന്നു.
സംഭവം കണ്ടുനിന്ന വിശ്വാസികൾ ഓടിയെത്തി അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഉടൻതന്നെ അടിയന്തര വൈദ്യസഹായ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച ഗ്വയാക്വിൽ അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഫാദർ പട്രീഷ്യോയുടെ വേർപാട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹവൈദികർക്കും സുഹൃത്തുക്കൾക്കും അതിരൂപത അനുശോചനം അറിയിച്ചു.














