
ന്യൂഡൽഹി : ഇന്ത്യയിലെ വോട്ട് ചോർച്ചയ്ക്കെതിരെ എന്ന പേരിൽ യൂട്യൂബർ ധ്രുവ് റാഠി ലണ്ടനിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തത് ഇന്ത്യക്കാരെക്കാളേറെ പാകിസ്ഥാൻ പൗരന്മാരും , ബംഗ്ലാദേശികളും . പരിപാടിയിൽ പാകിസ്ഥാന്റെയും പാക് അധീന കാശ്മീരിന്റെയും പതാകകളും പലരും ഉയർത്തിയിരുന്നു . സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വീഡിയോകളിലും പ്രതിഷേധക്കാർക്കിടയിലെ ഈ പാകിസ്ഥാൻ പതാകകൾ കാണാം . ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധത്തിൽ പാകിസ്ഥാൻ പൗരന്മാരുടെ സാന്നിധ്യം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് പരിപാടി നടന്നത്. പാകിസ്ഥാൻ പൗരനും, 2014 മുതൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാകിസ്ഥാനിലെ ‘ARY ന്യൂസ്’ എന്ന മാധ്യമത്തിന്റെ ലേഖകനുമായ ഫരീദ് അഹമ്മദ് (ഖുറേഷി), പരിപാടിയിൽ ധ്രുവ് റാഠിക്ക് തൊട്ടടുത്ത് നിൽക്കുന്നത് കാണാമായിരുന്നു. ‘amir.hashmi22’ എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ, ധ്രുവ് റാഠിയ്ക്ക് പിന്തുണയും നൽകുന്നുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുത്ത ബംഗ്ലാദേശികളിൽ ചിലർ പറഞ്ഞത് തങ്ങൾ ബംഗാളിൽ ആയിരുന്നു താമസമെന്നും എസ് ഐ ആർ വന്നതോടെ പുറത്താക്കപ്പെട്ടുവെന്നും , അതിനാൽ പ്രതിഷേധിക്കാൻ വന്നുവെന്നുമാണ്. അതേസമയം ധ്രുവ് റാഠിയുടെ പ്രതിഷേധത്തിനെതിരെ ലണ്ടനിലെ മലയാളികളടക്കം മോദിയ്ക്ക് ജയ് വിളികളുമായി രംഗത്തെത്തി . ‘ നമോ എഗെയ്ൻ ‘ എന്ന ടീഷർട്ടുകളും ധരിച്ചെത്തിയവർ ഭാരത് മാതാ കീ ജയ് വിളികളും മുഴക്കിയാണ് എത്തിയത്.