
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളില് പൊലിസിന്റെ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തു. ഇതിനോടകം അഞ്ചുപേര് അറസ്റ്റിലായി.ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ക്രമസമാധാന വിഭാഗം എഡിജിപി പി വിജയന്റെ നിര്ദേശ പ്രകാരമായിരുന്നു ‘ഓപ്പറേഷന് സ്പാ’ എന്ന പ്രത്യേക പരിശോധന നടത്തിയത്. ഏറ്റവും കൂടുതല് നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില് 70 എണ്ണത്തില് പരിശോധന നടത്തി. നാല് കേസുകള് രജിസ്റ്റര് ചെയ്തു.നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 പരിശോധനകള് നടത്തി. തൃശൂര് സിറ്റിയില് 58 ല് 56 എണ്ണത്തിലും പാലക്കാട് 71 ല് 55 എണ്ണത്തിലും പരിശോധന നടത്തി.പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള് വീതം രജിസ്റ്റര് ചെയ്തു. എറണാകുളം റൂറലില് രണ്ട് കേസെടുത്തു. കോട്ടയം, ഇടുക്കി ജില്ലകളില് ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തു. ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകള്ക്ക് നോട്ടീസ് നല്കി.