
റായ്പുര്:സിംബാബ് വെയ്ക്കെതിരായ ഒന്നാം ടി20യില് ഇന്ത്യന് വനിതകള്ക്ക് നാല് വിക്കറ്റ് വിജയം. ഇന്ത്യന് ക്യാപ്റ്റനെന്ന നിലയിലുള്ള സ്മൃതി മന്ഥാനയുടെ ആദ്യ മത്സരമായിരുന്നു ഇത്.
സ്കോര് ബോര്ഡില് 19 റണ്സ് എത്തുമ്പോള് ഇന്ത്യക്ക് 4 മുന്നിര താരങ്ങളെ നഷ്ടപ്പെട്ടിരുന്നു.എന്നാല് ഇന്ത്യ വിജയ ലക്ഷ്യമായ 115 റണ്സ് 15.4 ഓവറില് 6 വിക്കറ്റ് നഷ്ടത്തില് 116 റണ്സെടുത്തു മറികടന്നു.ടോസ് നേടി ഇന്ത്യ സിംബാബ്വെയെ ബാറ്റിംഗിനയച്ചു. സിംബാബ്വെ നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 114 റണ്സാണ് നേടിയത്.
19 റണ്സിനിടെ 4 വിക്കറ്റുകള് നഷ്ടമായ ഇന്ത്യയെ നികി പ്രസാദും പരിചയസമ്പന്നയായ ദീപ്തി ശര്മയും ചേര്ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. വിജയത്തിന്റെ വക്കില് ദീപ്തിയെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ വന്ന റിച്ച ഘോഷിനേയും ഇന്ത്യക്ക് നഷ്ടപ്പെട്ടു.
അരുന്ധതി റെഡ്ഡിയെ സാക്ഷിയാക്കി നികി പ്രസാദ് പുറത്താകാതെ നിന്നാണ് ഇന്ത്യന് ജയം സാധ്യമാക്കിയത്. താരത്തിന്റെ സീനിയര് ടീമിനായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
ദീപ്തി 37 പന്തില് 8 ഫോറുകള് സഹിതം 49 റണ്സെടുത്തു പുറത്തായി. നികി പ്രസാദ് 6 ഫോറുകള് സഹിതം പുറത്താകാതെ 35 പന്തില് 39 റണ്സെടുത്തു.
സ്മൃതി മന്ഥാന 9 റണ്സെടുത്ത് പുറത്തായി. ഷെഫാലി 4 റണ്സുമായി പുറത്തായി. അനുഷ്ക ശര്മയും 4 റണ്സെടുത്ത് മടങ്ങി. ക്യാപ്റ്റന് സ്ഥാനത്തു നിന്നു പടിയിറങ്ങിയ ഹര്മന്പ്രീത് കൗര് ഒരു റണ്സെടുത്ത് നിരാശപ്പെടുത്തി. റിച്ച ഘോഷ് 7 റണ്സിന് പുറത്തായി.
നന്ദനി 4 ഓവറില് 11 റണ്സ് മാത്രം വഴങ്ങി 2 വിക്കറ്റുകള് സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി എന്നിവര് ഓരോ വിക്കറ്റെടുത്തു. ശ്രീചരണി 4 ഓവറില് 14 റണ്സ് മാത്രമാണ് വിട്ടു നല്കിയത്.സിംബാബ്വെ നിരയില് ഷാര്നെ മേയേഴ്സ് 33 പന്തില് 2 സിക്സും 4 ഫോറും സഹിതം 43 റണ്സെടുത്തു. ഓപ്പണര് കെലിസ് എന്ധ്ലോവും 42 റണ്സെടുത്ത് മികവ് കാട്ടി. മൊഡെസ്റ്റര് മുപചിക്വാവ 16 റണ്സെടുത്തു.