Varadyam

മാധവനിവാസിലെ മഹാ തപസ്വി

ആര്‍എസ്എസ് പ്രാന്ത കാര്യാലയ മായ മാധവ നിവാസിലെ നാല് പതിറ്റാണ്ടു കാലത്തെ താമസത്തിനു ശേഷമാണ് എം.എ.സാര്‍ ജീവിതത്തില്‍ നിന്ന് മടങ്ങിയത്. ഒരു ഓര്‍മ്മക്കുറിപ്പ്‌

Published by
മുരളി പാറപ്പുറം

എം.എ. സാര്‍ എന്ന മഹാ സംഘാടകന്‍ വിടപറയുമ്പോള്‍ ആ ശൂന്യത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് എളമക്കരയിലെ മാധവനിവാസില്‍ ആയിരിക്കും. ഇപ്പോള്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യാലയമായ ഇവിടെയാണ് ഈ അസാധാരണ മനുഷ്യന്‍ ആയുഷ്‌കാലത്തിന്റെ അധികവും ജീവിച്ചത്.

പ്രചാരക ജീവിതത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോഴേക്കും അസുഖബാധിതനായി എം.എ. സാര്‍ മാധവനിവാസില്‍ എത്തിയതാണ്. രോഗവിമുക്തനായപ്പോള്‍ അന്നത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജിയുടെ നിര്‍ദ്ദേശപ്രകാരം കേസരി വാരികയുടെ പത്രാധിപത്യം ഏറ്റെടുത്ത എം. എ.സാര്‍ 1985 അവസാനം വീണ്ടും അസുഖബാധിതനായി തന്നെ മാധവ നിവാസില്‍ തിരിച്ചെത്തി. പിന്നീടുള്ള നാല് പതിറ്റാണ്ടിലേറെക്കാലത്തെ ജീവിതമത്രയും ഇവിടെയായിരുന്നു. പ്രാന്ത വ്യവസ്ഥാ പ്രമുഖും കാര്യാലയ പ്രമുഖുമായിരുന്ന മോഹന്‍ജി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം മാധവനിവാസില്‍ താമസിച്ച ആര്‍എസ്എസ് പ്രചാരക് എം.എ.സാര്‍ ആയിരിക്കും.

ആദ്യകാല പ്രചാരകനും പിന്നീട് ബിഎംഎസിനെ നയിക്കുകയും ചെയ്ത ആര്‍. വേണുഗോപാല്‍, ആര്‍എസ്എസിന്റെ അഖില ഭാരതീയ ചുമതല വഹിക്കുമ്പോള്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കുശേഷം എത്തിയ ആര്‍. ഹരിയേട്ടന്‍, അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം സംഘടനാ സെക്രട്ടറിയായിരിക്കെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കാനെത്തിയ ഭാസ്‌കര്‍ റാവുജി, തിരുവനന്തപുരത്തെ ആസ്ഥാനമായ സംസ്‌കൃതി ഭവനില്‍ നിന്ന് ഇടയ്‌ക്കിടെ എത്തുമായിരുന്ന ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജി, പ്രാന്തപ്രചാരകും ക്ഷേത്രീയ പ്രചാരകും ആയിരുന്ന എസ്.സേതുവേട്ടന്‍, പ്രാന്തപ്രചാരക് എ. ഗോപാലകൃഷ്ണന്‍, പ്രമേഹം കലശലായപ്പോള്‍ ആയുര്‍വേദ മരുന്നു കഴിക്കാന്‍ കുറച്ചു കാലം താമസിക്കാനെത്തിയ മുന്‍ പ്രാന്തകാര്യവാഹും മുന്‍ പ്രാന്തസംഘചാലകുമായ അഡ്വ. ടി.വി.അനന്തന്‍, ജന്മഭൂമി പത്രാധിപരായിരുന്ന പി. നാരായണ്‍ജി, പിന്നെ എം.എ.സാര്‍. ഇവരെല്ലാവരും ഒരേസമയം മാധവ നിവാസില്‍ താമസിച്ച ഒരു കാലമുണ്ടായിരുന്നു. ഓര്‍മകളെ ഹരിതാഭമാക്കുന്ന ഒരു കാലം.

ഇക്കാലത്ത് പത്തുവര്‍ഷത്തിലേറെ കാര്യാലയത്തില്‍ താമസിക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ ഈ ലേഖകനുണ്ട്. എം.എ. സാറിന്റെ സമഗ്രമായ വ്യക്തിത്വത്തെ വളരെ അടുത്തു നിന്ന് വീക്ഷിക്കാന്‍ കഴിഞ്ഞത് ഈ അവസരത്തിലാണ്. എം.എ. സാറിന്റെ ലളിത ജീവിതം, സൂക്ഷ്മമായ ചിന്ത, കാര്യമാത്ര പ്രസക്തമായ എഴുത്ത്, പ്രശ്‌നങ്ങളോടുള്ള സമീപനം, മറ്റുള്ളവരോടുള്ള പെരുമാറ്റം, സംഘടനാപരമായ ശ്രദ്ധ, ഓരോരുത്തരുടെയും കാര്യത്തിലുള്ള കരുതല്‍ എന്നിവയൊക്കെ മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു.

കാര്യാലയങ്ങള്‍ സ്വയംസേവകരുടെ തറവാടാണ് എന്നു പറയാറുണ്ട്. എം.എ. സാറിനെ സംബന്ധിച്ചിടത്തോളം കാര്യാലയം എന്നത് ഇതിനേക്കാള്‍ വലുതായിരുന്നു. മാധവനിവാസിലെ എം. എ.സാറിന്റെ കൊച്ചു മുറി എല്ലാവരുടേതുമായിരുന്നു. കാര്യാലയത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നതും സാറിനായിരുന്നു.

പ്രശസ്ത കന്നഡ നോവലിസ്റ്റ് ശ്രീകൃഷ്ണ ആലനഹള്ളിയും ഭാര്യയും കാര്യാലയത്തില്‍ എം.എ. സാറിനെ കാണാനെത്തിയപ്പോള്‍

ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ ബാലഗോകുലത്തിലൂടെയും ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രയിലൂടെയും കൃഷ്ണാവബോധം നിറച്ച മനുഷ്യന്റെ മുറിതന്നെ ഒരു അമ്പാടിയാണെന്ന് തോന്നിയിട്ടുണ്ട്. മയില്‍പീലി, മഞ്ഞപ്പട്ട്, ഓടക്കുഴല്‍, ഉണ്ണിക്കണ്ണന്റെ വര്‍ണ്ണമനോഹരമായ ചിത്രങ്ങള്‍, ഭഗവദ് ഗീത, കൃഷ്ണഗീതികളുടെ കാസറ്റുകള്‍ എന്നിവയൊക്കെ ആ ചെറിയ മുറിയില്‍ ഇടം പിടിച്ചു.

പരമേശ്വര്‍ജി കാര്യാലയത്തില്‍ എത്തുമ്പോള്‍ ആദ്യമൊക്കെ താമസിച്ചിരുന്നത് എം.എ. സാറിന്റെ തൊട്ടടുത്ത മുറിയില്‍ ആയിരുന്നു. ഇരുവരും ഊഷ്മളമായ സൗഹൃദം പങ്കിടുന്നതിന്റെയും നര്‍മങ്ങള്‍ പറയുന്നതിന്റെയും വേളകളായിരുന്നു അത്. കാര്യാലയത്തില്‍ തങ്ങുമ്പോള്‍ പരമേശ്വര്‍ജി കവിതയോ ദേശഭക്തി ഗീതമോ എഴുതിയാല്‍ ആദ്യം കാണിക്കുന്നത് എം. എ.സാറിനെ ആയിരിക്കും. സ്വതന്ത്രമായ അഭിപ്രായം പറയും. പലപ്പോഴും പ്രതികരണങ്ങളൊന്നുമില്ലാതെ പരമേശ്വര്‍ജി അത് സ്വീകരിക്കും.

ഈ കൊച്ചുമുറി പൊതുവെ നിശ്ശബ്ദമായിരിക്കുമെങ്കിലും അതൊരു ‘വാര്‍ റൂം’ ആയിരുന്നു. വിവിധ സംഘടനകളുടെ പലതലങ്ങളിലുള്ള ചുമതലക്കാര്‍ ഇടതടവില്ലാതെ കൂടുകയും ചര്‍ച്ചകള്‍ നടത്തുകയും, സമൂഹത്തെ സ്വാധീനിച്ച നിരവധി നിര്‍ണായക തീരുമാനങ്ങള്‍ പിറവിയെടുക്കുകയും ചെയ്തത് ഇവിടെയായിരുന്നു. വിവിധ രംഗങ്ങളില്‍ ഉന്നത പദവികള്‍ വഹിക്കുന്ന പലരും എം.എ. സാറിനെ കാണാന്‍ ഈ മുറിയിലാണ് എത്തിയിരുന്നത്. സംഘത്തിന്റെ ഉന്നതമായ ചുമതലകള്‍ വഹിക്കുന്നവര്‍, പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍, മലയാളത്തിലെയും ഇതരഭാഷകളിലെയും കലാസാഹിത്യരംഗത്തെ പ്രമുഖര്‍, വൈസ് ചാന്‍സലര്‍മാര്‍… ഇവരുടെ മനസ്സില്‍ എം.എ. സാറിനെക്കുറിച്ച് വലിയൊരു ചിത്രം ഉണ്ടായിരിക്കും. സാറിന്റെ മുറിയിലേക്ക് ആനയിക്കപ്പെടുന്ന ഇവര്‍ അത്ഭുതപ്പെടും. നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത ഈ മുറിയിലിരുന്നാണ് വലിയ വലിയ കാര്യങ്ങള്‍ക്ക് ഈ മനുഷ്യന്‍ ബൗദ്ധികമായ നേതൃത്വം നല്‍കിയതെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

മാധവ നിവാവിലെ എം.എ. സാറിന്റെ ദിനചര്യകള്‍ വ്യത്യസ്തമായിരുന്നു. രോഗം പലപ്പോഴും ശല്യപ്പെടുത്തുമായിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ല. രോഗം ബാധിച്ചിട്ടുള്ളത് ശരീരത്തെയാണ്, മനസ്സിനെയല്ല എന്നതായിരുന്നു മനോഭാവം. ആദ്യമൊക്കെ

സംഘടനാ കാര്യങ്ങള്‍ക്ക് പുറത്തുപോകുമായിരുന്നതൊഴിച്ചാല്‍ മാധവ നിവാസിലെ മുറിയിലാണ് ദിവസം മുഴുവന്‍ ചെലവഴിക്കുക. പലരെയും പോലെ പ്രഭാത നടത്തവും ഉണ്ടായിരുന്നില്ല. ശാരീരികമായ അവശതകള്‍ ഏറി വന്നപ്പോള്‍ മാത്രമാണ് വൈകുന്നേരങ്ങളില്‍ കുറച്ച് നടക്കാന്‍ തുടങ്ങിയത്. അതും നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനൊപ്പം കാര്യാലയത്തിന്റെ മുറ്റത്തു മാത്രം. ഡോക്ടറെ കാണാന്‍ പോകുമ്പോഴും ആശുപത്രിയില്‍ കിടക്കേണ്ടിവരുമ്പോഴും മാത്രമാണ് മാധവ നിവാസില്‍ നിന്ന് വിട്ടുനിന്നിരുന്നത്. വര്‍ഷംതോറും ശ്രീകൃഷ്ണജയന്തിയുടെ പതാകാ ദിനത്തിനും പങ്കെടുക്കുമായിരുന്നു. ഇത് ഒരിക്കല്‍പോലും മുടക്കിയില്ല. ഏറ്റവും ഒടുവില്‍ നടന്ന ശ്രീകൃഷ്ണജയന്തിക്കും ശാരീരികമായ എല്ലാ അവശതകളും മറന്ന് എം.എ. സാര്‍ പതാക ഉയര്‍ത്തി. ഇക്കാര്യത്തില്‍ വല്ലാത്തൊരു ഇച്ഛാശക്തിയാണ് പ്രകടിപ്പിച്ചത്.

ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കറുടെ സ്മരണാര്‍ത്ഥമാണ് പ്രാന്ത കാര്യാലയത്തിന് ‘മാധവനിവാസ്’ എന്നു പേരിട്ടത്. മാധവനിവാസ് എന്നതിന് സാക്ഷാല്‍ മാധവന്‍, അതായത് കൃഷ്ണന്‍ വസിക്കുന്നയിടവും ആണല്ലോ. ജീവിതം കൃഷ്ണാര്‍പ്പണമാക്കിയ മറ്റൊരു കൃഷ്ണന്‍ ഇവിടെ വസിച്ചുകൊണ്ട് സമൂഹനന്മയ്‌ക്കു വേണ്ടി ഉല്‍കൃഷ്ടമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തത് തീര്‍ച്ചയായും ഒരു നിയോഗമായിരിക്കാം.

ഒരു സങ്കടം: എം.എ. സാര്‍ പറയുകയും എഴുതുകയും ചെയ്ത ചില കാര്യങ്ങള്‍ പുസ്തകരൂപത്തില്‍ വന്നിട്ടുണ്ട്. വിദേശ ലേഖകര്‍ ഉള്‍പ്പെടെയുള്ളവര്‍ സാറിനെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. പറയാന്‍ ബാക്കിവച്ച ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ രീതിയില്‍ ഒരു പുസ്തകം എഴുതണമെന്ന് സാര്‍ ആഗ്രഹിച്ചിരുന്നു. ഒന്നു രണ്ട് തവണ ഈ വിഷയത്തെക്കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിച്ചു. ചില വിവരങ്ങള്‍ എന്നെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ എഴുത്തിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. എന്റെ ഹൃദയ ശസ്ത്രക്രിയയാണ് വില്ലനായത്. ഞാന്‍ എഴുതി തുടങ്ങിയെന്നാണ് സാര്‍ ചിലരോട് പറഞ്ഞത്. ജീവിച്ചിരുന്നപ്പോള്‍ എനിക്ക് അതിന് കഴിഞ്ഞില്ലല്ലോയെന്ന നഷ്ടബോധം ബാക്കിനില്‍ക്കുന്നു.

Recent Posts