കൊല്ലം: കടശ്ശേരി സ്വദേശി രാജമ്മ (81) കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. കടശ്ശേരി ഉമ്മന്നൂരിൽ വെച്ച്, വനപാതയിലൂടെ തൊഴിലുറപ്പ് ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് രാജമ്മയ്‌ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. നിരവധി തൊഴിലാളികൾ ഒപ്പമുണ്ടായിരുന്നു.
ആന ഓടിവരുന്നത് കണ്ട് രാജമ്മയോടൊപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും, പ്രായാധിക്യം കാരണം രാജമ്മയ്‌ക്ക് ഓടിമാറാൻ സാധിച്ചില്ല. കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലാണ്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ പാലപ്പിള്ളി ചൊക്കനയിലാണ് ഒരു കൂട്ടം കാട്ടാനകളുടെ ആക്രമണമുണ്ടായത്. നായാട്ടുകുണ്ട് സ്വദേശി ചള്ളിയിൽ ശശിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
















